Kerala
നിയമസഭ സമ്മേളനം: ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ പറഞ്ഞ് ഭരണപക്ഷം; കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്ന് പ്രതിപക്ഷം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം| നിയസഭയില്‍ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയെന്ന് ആരോഗ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ 15 കോടി രൂപയുടെ ഉപകരണം മാത്രമാണ് നല്‍കിയത്. 41 കോടി 84 ലക്ഷം കോടി രൂപ ഉപകരണങ്ങള്‍ സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്‍കിയെന്നും ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചേ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ കഴിയൂ. 7,708 കോടി രൂപ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് കേരളത്തിലെ ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. 24 ലക്ഷത്തോളം ആളുകള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. ഒരാളു പോലും രോഗത്തിനു മുമ്പില്‍ നിസഹായരായി പോകാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചോദ്യോത്തരവേളയില്‍ ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആരോഗ്യവകുപ്പ് കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്നു പ്രതിപക്ഷം വിമര്‍ശിച്ചു. സ്വകാര്യ മേഖലയ്ക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണോ സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ആരോഗ്യമന്ത്രി അബദ്ധം പറയരുതെന്നും വകുപ്പ് മേധാവിമാര്‍ വരെ പരാതി പറയുന്ന ഗുരുതരമായ വിഷയം ആരോഗ്യവകുപ്പിലുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 10 വര്‍ഷം മുമ്പത്തെ കണക്കാണോ ഇവിടത്തെ ചോദ്യമെന്ന് വി ഡി സതീശന്‍ ചോദിച്ചു.10 വര്‍ഷം കൊണ്ട് സിസ്റ്റത്തിന്റെ തകരാര്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് എ പി അനില്‍ കുമാര്‍ സഭയില്‍ ചോദിച്ചു.