Kerala
ഒട്ടുകറ വിറ്റുകിട്ടയ തുകയെ ചൊല്ലി തര്‍ക്കം; കച്ചവട പങ്കാളിയെ മര്‍ദിച്ച് അവശരാക്കിയ പ്രതികള്‍ അറസ്റ്റില്‍
വീട്ടില്‍ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചുകയറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു

പത്തനംതിട്ട | പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുക പങ്ക് വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തനിടയില്‍ കച്ചവട പങ്കാളിയെ മര്‍ദിച്ച് അവശരാക്കിയ പ്രതികള്‍ അറസ്റ്റില്‍. കന്യാകുമാരി വിളവന്‍കോട് ഇടക്കോട് ചെറുവല്ലൂര്‍ ദേവികോട് മച്ചക്കോണം പേഴുവിള ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി അജിത് കുമാര്‍ (43), കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ ജി കുഞ്ഞാപ്പി (59) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
അജിത് കുമാറിനെ കന്യാകുമാരി കണ്ണമാംമൂട്ട് നിന്നും കുഞ്ഞാപ്പിയെ കുളത്തൂപ്പുഴ അരിപ്പയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വ്യാപാര പങ്കാളി കന്യാകുമാരി മേലെ മച്ചക്കോണം തുടലിക്കാലവീട്ടില്‍ എസ് മണിക്കാണ് പ്രതികളില്‍ നിന്നും കഠിന ദേഹോപദ്രവം ഏറ്റത്. ഇവര്‍ ചേര്‍ന്ന് ചെങ്ങറയില്‍ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തിവരികയായിരുന്നു. ഒട്ടുകറ വില്‍ക്കുന്നതിൻ്റെ ആദായം പങ്കിട്ടെടുക്കുന്നതാണ് പതിവ്. ഇത് മുടങ്ങിയപ്പോള്‍ നല്‍കാത്തതിന്റെ കാരണം ചോദിച്ചതിലുള്ള വിരോധത്താല്‍ മണിയെ വീട്ടില്‍ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചുകയറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാളവിദഗ്ധര്‍, പോലീസ്, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ചിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ കെ എസ് വിജയൻ്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ് ഐ. വി എസ് കിരണ്‍, എ എസ് ഐ വാസുദേവക്കുറുപ്പ്, എസ് സി പി ഒമാരായ അജിത്, പ്രസാദ്, സുധീഷ് കുമാര്‍, ബിജു, സി പി ഒ പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.