From the print
ദുരിതാശ്വാസ നിധി കേസില്‍ ആദ്യം മുതല്‍ വാദം
കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് പുതിയ മൂന്നംഗ ബഞ്ച് വീണ്ടും വാദം കേള്‍ക്കണം.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഫുള്‍ ബഞ്ചാകും വാദം കേള്‍ക്കുകയെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. കേസിന്റെ സാധുത സംബന്ധിച്ച മുന്‍ ബഞ്ചിന്റെ നേരത്തേയുള്ള വിധി ബാധകമല്ല. കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് പുതിയ മൂന്നംഗ ബഞ്ച് വീണ്ടും വാദം കേള്‍ക്കണം.
അന്തരിച്ച രാഷ്ട്രീയക്കാരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ഒറ്റക്കെടുത്തതല്ല. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണത്. അതുകൊണ്ട് ഏതെങ്കിലും വ്യക്തിക്ക് മാത്രമാണ് പങ്കെന്ന് പറയാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച ഹരജി രണ്ടംഗ ബഞ്ച് മൂന്നംഗ ബഞ്ചിന് വിട്ട ശേഷം നടന്ന ആദ്യ വിചാരണയിലാണ് ലോകായുക്തയുടെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്ക് പണം നല്‍കിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്ന വിഷയത്തിലായിരുന്നു ഇന്നലത്തെ വാദം.


