Kuwait
മുഷിരിഫിലെ അറളുല്‍മുആറള് വീണ്ടും സജീവമാകും

കുവൈത്ത് സിറ്റി | കുവൈത്തിലെ മുഷിരിഫ് എക്‌സിബിഷന്‍ മൈതാനം വീണ്ടും വാണിജ്യ പ്രവര്‍ത്തനങ്ങളുടെ വേദിയാകും. രാജ്യത്തെ ഏറ്റവും വലിയ എക്‌സിബിഷന്‍ കേന്ദ്രമായ ഇവിടെ കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ 21 മാസമായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തിവച്ചിരിക്കയായിരുന്നു. പകരം രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സെന്ററും ഇവിടെ സ്ഥാപിതമായി.
കൊവിഡ് ബാധയില്‍ നിന്ന് രാജ്യം കരകയറി തുടങ്ങിയതോടെയാണ് മുഷിരിഫ് എക്‌സിബിഷന്‍ മൈതാനം വീണ്ടും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നത്. എന്നാല്‍ നിലവില്‍ കൊവിഡ് ചികിത്സക്കും വാക്‌സിനേഷന്‍ സെന്ററിനും അനുവദിച്ച സ്ഥലങ്ങള്‍ അതേപോലെ നില നിര്‍ത്തുകയും ചെയ്യും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാത്ത രീതിയിലാണ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹാളുകള്‍ ക്രമീകരിക്കുക.