Connect with us

Techno

ചാര്‍ജ് ചെയ്യുന്ന ഫോണിന്റെ അരികില്‍ ഉറങ്ങരുതെന്ന മുന്നറിയിപ്പുമായി ആപ്പിള്‍

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പക്ഷം അപകട സാധ്യത കൂട്ടുമെന്നും ചിലപ്പോള്‍ മരണം പോലും സംഭവിച്ചേക്കാമെന്നും ആപ്പിള്‍ മുന്നറിയിപ്പില്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ചാര്‍ജ് ചെയ്യുന്ന ഫോണിന്റെ അരികില്‍ ഒരിക്കലും ഉറങ്ങരുതെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആപ്പിള്‍. ഫോണ്‍ ശരിയായ രീതിയില്‍ ചാര്‍ജ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാര്‍ജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണാ മറ്റ് ഡിവൈസുകളോ അടുത്തുവച്ച് ഉറങ്ങുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ആപ്പിള്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകള്‍, ഫോണിനും വസ്തുവകകള്‍ക്കും കേടുപാടുകള്‍ എന്നിവയ്ക്കും കാരണമാകുമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.

ഇത്തരം അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ ഫോണ്‍ നല്ല വെന്റിലേഷനുള്ള സ്ഥലത്ത് വച്ച് കേബിളുമായി കണക്ട് ചെയ്ത് ചാര്‍ജ് ചെയ്യണമെന്ന് ആപ്പിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. പലരും ഏറെ നിസാരമായി കാണുമെങ്കിലും ചാര്‍ജിങ് ഏറെ അപകടം നിറഞ്ഞ ഒരു പ്രക്രിയയാണ്. അതിനാല്‍ത്തന്നെ ചാര്‍ജിങ്ങില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നാണ് ആപ്പിള്‍ പറയുന്നത്‌. ചാര്‍ജിങ്ങില്‍ ഡിവൈസ് അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ തലയിണയ്ക്ക് അടിയില്‍ ഫോണ്‍ വെച്ച ശേഷം ചാര്‍ജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പില്‍ ആപ്പിള്‍ പറയുന്നു.

ഐഫോണുകള്‍, പവര്‍ അഡാപ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍ എന്നിവ എപ്പോഴും നന്നായി വായുസഞ്ചാരമുള്ള ഇടങ്ങളില്‍ വച്ച് ചാര്‍ജ് ചെയ്യുക. ഒറിജിനല്‍ ചാര്‍ജര്‍ ഇല്ലാത്ത അവസരങ്ങളില്‍ അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്ന ‘ഐഫോണിനായി നിര്‍മ്മിച്ചത്’ എന്ന ലേബലുള്ള കേബിളുകള്‍ തിരഞ്ഞെടുക്കാന്‍ ആപ്പിള്‍ ഉപദേശിക്കുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പക്ഷം അപകട സാധ്യത കൂട്ടുമെന്നും ചിലപ്പോള്‍ മരണം പോലും സംഭവിച്ചേക്കാമെന്നും ആപ്പിള്‍ മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ, ദ്രാവകത്തിനോ വെള്ളത്തിനോ സമീപം ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആപ്പിള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  കേടായ ചാര്‍ജറുകള്‍ ഉടനടി ഉപേക്ഷിക്കണമെന്നും കേടായ കേബിളുകള്‍ അല്ലെങ്കില്‍ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും അപകടം വിളിച്ചുവരുത്തുമെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

 

 

 

Latest