Techno
ആര്‍ക്കും സിസിടിവി വെക്കാം; എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഓരോ വീട്ടിലും ഇത് ചെറുതും വലുതുമായ സുരക്ഷ ഉറപ്പാക്കുന്നു. വീടുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ മിക്കയിടങ്ങളിലും സിസിടിവി സാന്നിധ്യമായിക്കഴിഞ്ഞു.
ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഒരു ചെറിയ കണ്ണ് വച്ചതുപോലെയാണ് സിസിടിവി. ചിലര്‍ക്കു വീടു വിടുമ്പോഴും മനസമാധാനത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത് ഈ ചെറിയ കാമറകളാണ്. ഓരോ വീട്ടിലും ഇത് ചെറുതും വലുതുമായ സുരക്ഷ ഉറപ്പാക്കുന്നു. വീടുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ മിക്കയിടങ്ങളിലും സിസിടിവി സാന്നിധ്യമായിക്കഴിഞ്ഞു. എന്നാല്‍ എങ്ങനെയാണ് സിസിടിവി പ്രവര്‍ത്തിക്കുന്നത്? ഒരു സിസിടിവി വെയ്ക്കാന്‍ എത്ര രൂപയാകും?
സിസിടിവി
ഒരു നിശ്ചിത സ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാമറയാണ് സിസിടിവി. ഡിജിറ്റല്‍ റെക്കോര്‍ഡര്‍ (DVR) അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് റെക്കോര്‍ഡര്‍ (NVR) വഴി എല്ലാ ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കില്‍ സേവ് ചെയ്യുന്നു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തത്സമയം മോണിറ്ററുകളിലോ മൊബൈല്‍, കമ്പ്യൂട്ടര്‍ വഴി കാണാനാവും.
വൈദ്യുതി വേണം
സിസിടിവികള്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി അത്യാവശ്യമാണ്. പൊതുവെ ഡിസി വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പവറും നിഗ്‌നലും ഒരുമിച്ച് കടത്തി വിടാന്‍ കഴിയുന്ന രീതിയിലുള്ള കേബിളുകളാണ് നിലവിലുള്ളത്. ഇന്‍ബില്‍റ്റ് ബാറ്ററിയുള്ള കാമറകള്‍ ഇപ്പോള്‍ ലഭ്യമാണ്. തനിയെ ചാര്‍ജ് ചെയ്യുന്ന ചെറിയ സോളാര്‍ പാനലുള്ള തരം കാമറയും ലഭ്യമാണ്. വീട്ടിലെ ഇന്‍വെര്‍ട്ടര്‍, വൈദ്യുതി ലൈന്‍ എന്നിവയുമായി സിസിടിവി ബന്ധിപ്പിക്കുന്നതാണ് ഉത്തമം.
കേബിള്‍, വയര്‍ലെസ് കാമറകള്‍
കേബിള്‍ വഴിയും വയര്‍ലെസുമായ കാമറകള്‍ ഉപയോഗിക്കാം. വയര്‍ലെസ് കാമറകള്‍ വൈ- ഫൈ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. വൈ ഫൈ ഇല്ലെങ്കില്‍ ഇവ പ്രവര്‍ത്തിക്കില്ല. കേബിള്‍ വഴി പ്രവര്‍ത്തിക്കുന്ന കാമറകള്‍ പിടിപ്പിക്കുന്നതാണ് ഉത്തമം. പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ വയറിങ് സിസിടിവിക്കായി പോയന്റുകള്‍ നിശ്ചയിക്കുന്നത് നന്നായിരിക്കും.
വില
മോഡല്‍, മെഗാപിക്സല്‍, ഹാര്‍ഡ് ഡിസ്‌ക് ശേഷി, പ്രൊഫഷണല്‍ മോണിറ്ററിംഗ് എന്നിവയെ ആശ്രയിച്ച് വില മാറുന്നു. ഇക്കണോമി മുതല്‍ പ്രീമിയം മോഡലുകള്‍ ലഭ്യമാണ്. ചെറിയ വൈ-ഫൈ കാമറകള്‍ 1200 മുതല്‍ ആരംഭിക്കുന്നു.
സിസിടിവി വെക്കുന്നത് വെറും ടെക്‌നോളജി ഇനം മാത്രമല്ല. ചെറിയ സുരക്ഷിത ചുവട് കൂടിയാണ്.


