Editorial
ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തില്‍ ഒരു ചുവടുകൂടി
ഗഗന്‍യാന്‍ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് ഏറ്റവും പുതിയ മുന്നേറ്റം. ഗഗന്‍യാന്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് അടയാളപ്പെടുന്ന അടുത്ത അപ്‌ഡേറ്റിനായി കാത്തിരിക്കാം.
2027ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരു ചുവടുകൂടി വിജയകരമായി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ). മനുഷ്യനെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കാനുള്ള നിര്‍ണായക നേട്ടത്തിലേക്ക് ഇതോടെ ഐ എസ് ആര്‍ ഒ കുറച്ചുകൂടി അടുത്തിരിക്കുന്നു. മനുഷ്യദൗത്യത്തിന് മുന്നോടിയായി മൂന്ന് അണ്‍ ക്രൂ ദൗത്യങ്ങള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. കൊവിഡ് മഹാമാരിയടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം ഈ ദൗത്യങ്ങള്‍ ഒരല്‍പ്പം വൈകിയെങ്കിലും ഇനിയുള്ള ഘട്ടങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുമെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് ഏറ്റവും പുതിയ മുന്നേറ്റം. ചണ്ഡീഗഢിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരിച്ചിറങ്ങുന്ന ക്രൂ മോഡ്യൂളിന്റെ വേഗം കുറയ്ക്കാനും അതിനെ സ്ഥിരപ്പെടുത്താനുമാണ് ഡ്രോഗ് പാരച്യൂട്ടുകള്‍ ഉപയോഗിക്കുന്നത്. ക്രൂ മൊഡ്യൂള്‍ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അവിചാരിതമായ നിരവധി സാഹചര്യങ്ങളിലൂടെ കടന്നു പോയേക്കാം. അത്തരം ഏത് സാഹചര്യത്തിലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ ഡ്രോഗ് പാരച്യൂട്ടുകള്‍ക്ക് സാധിക്കുമോയെന്നാണ് പരീക്ഷിച്ചുറപ്പിച്ചത്.
നാലിനങ്ങളിലായി പത്ത് പാരച്യൂട്ടുകള്‍ അടങ്ങുന്ന സങ്കീര്‍ണമായ വേഗം കുറയ്ക്കല്‍ (ഡിസെലറേഷന്‍) സംവിധാനമാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഐ എസ് ആര്‍ ഒ സജ്ജീകരിച്ചിരിക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ സംരക്ഷണ കവചം മാറ്റുന്നതിനുള്ള പാരച്യൂട്ടുകള്‍ക്ക് പിന്നാലെയാണ് രണ്ട് ഡ്രോഗ് പാരച്യൂട്ടുകള്‍ വിന്യസിക്കുക. ഇവ പേടകത്തിന്റെ വേഗം ഗണ്യമായി കുറയ്ക്കുകയും തുടര്‍ന്ന് മൂന്ന് പൈലറ്റ് പാരച്യൂട്ടുകളും മൂന്ന് മെയിന്‍ പാരച്യൂട്ടുകളും വിന്യസിച്ച് സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പാക്കുകയും ചെയ്യും.
അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ട് പോകുന്ന ഐ എസ് ആര്‍ ഒയുടെ ഏറ്റവും വലിയ വിജയമായി ഗഗന്‍യാന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ചരിത്ര നേട്ടം കൈവരിച്ചതിന് പിറകേ ഐ എസ് ആര്‍ ഒ സൗര പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിക്കുകയും അതിന്റെ ഭ്രമണപഥം ലംഗ്രാഞ്ച് ഒന്നിലേക്ക് ഉയര്‍ത്തുന്ന നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2018ല്‍ ഗഗന്‍യാന്റെ ഭാഗമായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പാഡ് അബോര്‍ട്ട് ടെസ്റ്റ് നടന്നിരുന്നു. ഗഗന്‍യാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ മനുഷ്യ ബഹിരാകാശ പര്യവേഷണ ലക്ഷ്യങ്ങള്‍ക്ക് അടിത്തറയിടും. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മനുഷ്യ ബഹിരാകാശ പറക്കല്‍ ദൗത്യം ഏറ്റെടുക്കുക വഴി ഇക്കാര്യത്തില്‍ തദ്ദേശീയ സാങ്കേതിക മികവ് തെളിയിക്കുക കൂടി ഗഗന്‍യാന്റെ ലക്ഷ്യമാണ്. 2035ഓടെ നമ്മുടെ സ്വന്തം ബഹിരാകാശ നിലയം (സ്‌പേസ് സ്റ്റേഷന്‍) സ്ഥാപിക്കാനും പദ്ധതിയുണ്ട്. 2040ഓടെ ചന്ദ്രനില്‍ ഇന്ത്യക്കാരനിറങ്ങണമെന്നും ലക്ഷ്യമിട്ടിട്ടുണ്ട്.
മനുഷ്യ, റോബോട്ടിക് ദൗത്യങ്ങളിലേക്ക് സുസ്ഥിരമായി വളരാന്‍ ഗഗന്‍യാന്‍ വഴിയൊരുക്കുമെന്ന് ഐ എസ് ആര്‍ ഒ വ്യക്തമാക്കുന്നു. മനുഷ്യ ബഹിരാകാശ പര്യവേഷണം, റിട്ടേണ്‍ ദൗത്യങ്ങള്‍ എന്നിവയില്‍ ലോകത്തിന് മുമ്പില്‍ വെക്കാവുന്ന അഭിമാനകരമായ അനുഭവമായി ഗഗന്‍യാന്‍ മാറും. ആഗോള ബഹിരാകാശ നിലയ വികസനത്തില്‍ സജീവമായി പങ്കാളിയാകാന്‍ ഗഗന്‍യാനിന്റെ വിജയം ഇന്ത്യയെ പ്രാപ്തമാക്കും. നൂതന ശാസ്ത്ര, ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മാനവ വിഭവശേഷി വികസനത്തിനും വിപുലമായ സാധ്യതകള്‍ അടങ്ങിയതാണ് ഈ ദൗത്യമെന്ന സവിശേഷതയുമുണ്ട്.
ഗഗന്‍യാന്‍ ദൗത്യം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത് എല്‍ വി എം 3 റോക്കറ്റിലേറിയാണ്. അതിന്റെ പരീക്ഷണവും നടന്നു കഴിഞ്ഞിട്ടുണ്ട്. ബാഹുബലി എന്നറിയപ്പെടുന്ന ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ( എല്‍ വി എം 3) ഇന്ത്യയുടെ ഏറ്റവും ശക്തമായ ലോഞ്ച് വെഹിക്കിളാണ്. ഈ വിക്ഷേപണ റോക്കറ്റിന്റെ കൃത്യതയുടെ അംഗീകാരമായി യു എസ് ആശയവിനിമയ ഉപഗ്രഹം ഇന്ന് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് എല്‍ വി എം 3ന്റെ ചുമലിലേറി കുതിക്കാനിരിക്കെയാണ് ഗഗന്‍യാനിലെ പുതിയ ചുവടുവെപ്പ് ഐ എസ് ആര്‍ ഒ ആഘാഷിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ബഹിരാകാശ അധിഷ്ഠിത സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡിന് തുടക്കമിട്ട അമേരിക്കന്‍ കമ്പനിയായ എ എസ് ടി സ്പേസ് മൊബൈല്‍ നിര്‍മിച്ച പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്-6നെയാണ് എല്‍ വി എം 3 ഭ്രമണപഥത്തിലെത്തിക്കുക. 6,100 കിലോഗ്രാം ഭാരമുണ്ട് ഈ ഉപഗ്രഹത്തിന്. ഇത്രയും വലിയ ഒരു ഉപഗ്രഹത്തിന്റെ വിക്ഷേപണം എല്‍ വി എം 3 നടത്തുന്നത് ഇതാദ്യമാണ്. 43.5 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുള്ള എല്‍ വി എം 3ന് ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് 4,200 കിലോഗ്രാം പേലോഡ് എത്തിക്കാനുള്ള ശേഷിയുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റിലിലേക്ക് അതിനേക്കാള്‍ കൂടുതലും “ബാഹുബലി’ക്ക് എത്തിക്കാനാകും. 2023ല്‍ ചന്ദ്രയാന്‍-3 ദൗത്യം ഉള്‍പ്പെടെ, ഏഴ് മുന്‍ ദൗത്യങ്ങളിലും നൂറ് ശതമാനം വിജയ ചരിത്രമാണ് ഈ റോക്കറ്റിനുള്ളത്.
ഗഗന്‍യാന്‍ ദൗത്യം ഓരോ ചുവടുകള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ കേരളത്തിന് സവിശേഷ അഭിമാനത്തിന് അര്‍ഹതയുണ്ട്. ഗഗന്‍യാനിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകാന്‍ നിശ്ചയിക്കപ്പെട്ടവരില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റു യാത്രികര്‍. ഇവരില്‍ മൂന്ന് പേരാകും ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി യാത്ര തിരിക്കുക. പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് അദ്ദേഹം. ഗഗന്‍യാന്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് അടയാളപ്പെടുന്ന അടുത്ത അപ്‌ഡേറ്റിനായി കാത്തിരിക്കാം. ഈ ദൗത്യത്തിനായി കഠിനാധ്വാനം ചെയ്യുന്ന ശാസ്ത്രജ്ഞരെയും ഒപ്പം ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് അടിത്തറയിട്ട ആദ്യ കാല ഭരണകര്‍ത്താക്കളെയും ഗവേഷകരെയും അഭിവാദ്യം ചെയ്യാം.



