Connect with us

Articles

നമുക്ക് മേല്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരു വല്യേട്ടന്‍

ശ്രീകൃഷ്ണ കമ്മീഷനും പാര്‍ലിമെന്ററി ഉപസമിതിയുമടക്കം നല്‍കിയ നിര്‍ദേശങ്ങള്‍ പലതും ലംഘിച്ചു കൊണ്ടും ഏകാധിപത്യപരമായും പാര്‍ലിമെന്റില്‍ ഒരു ചര്‍ച്ചയും കൂടാതെയും പാസ്സാക്കിയ 'ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം 2023' ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് പറയാം. പൗരന്മാരെ നിരന്തരം നിരീക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.

Published

|

Last Updated

‘നമ്മള്‍ വിചാരിക്കുന്നത് ഗൂഗിള്‍ വഴി നമ്മള്‍ എന്തൊക്കെയോ അന്വേഷിക്കുകയാണ് എന്നാണ്. പക്ഷേ യഥാര്‍ഥത്തില്‍ മറിച്ചാണ് സത്യം. ഗൂഗിള്‍ വഴി പലരും നമ്മെ അന്വേഷിക്കുകയാണ്’ എന്ന് പറഞ്ഞത് ശോശന്ന സുബൊഫ് എഴുതിയ ‘സര്‍വെയ്ലന്‍സ് ക്യാപിറ്റലിസം’ എന്ന പുസ്തകത്തിലാണ്. ഇന്റര്‍നെറ്റിലൂടെ നമ്മള്‍ നടത്തുന്ന ഓരോ ഇടപെടലുകളില്‍ കൂടിയും നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ആരോഗ്യം, ഭക്ഷണം, വിനോദം, വിദ്യാഭ്യാസം മുതലായവയെല്ലാം പൊതുമണ്ഡലത്തിലെ വിവരങ്ങളാകുകയാണ് എന്നര്‍ഥം. ഉദാഹരണത്തിന് നമ്മള്‍ ഒരു കാറിന്റെ ആവശ്യക്കാരനാണെന്നുള്ള വിവരം മറ്റൊരാളുമായി പങ്കുവെക്കുകയാണെങ്കില്‍ ഇക്കാര്യം കാര്‍ കമ്പനികളെ അറിയിക്കുകയും അതിലൂടെ അവര്‍ക്ക് നമ്മളുമായി ബന്ധപ്പെടാന്‍ കഴിയുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ താത്പര്യങ്ങളിലേക്കു വരെ നീളുന്നു. ഉദാഹരണമായി ഒരു മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് തന്റെ വോട്ടര്‍മാരുടെ പലവിധ താത്പര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞാല്‍ അവരെ സ്വാധീനിക്കാന്‍ എളുപ്പമാണ്. വന്‍കിട ഉത്പാദകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ ഉത്പന്നങ്ങളുടെ രൂപകല്‍പ്പനക്ക് സഹായകമാകുമല്ലോ. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. ഇന്ന് കമ്പോളത്തില്‍ ഏറ്റവുമധികം വിലയുള്ള ഒരു ഉത്പന്നമായി വിവരങ്ങള്‍, പ്രത്യേകിച്ചും വ്യക്തിവിവരങ്ങള്‍ മാറിയിരിക്കുന്നു.

സ്വകാര്യ വിവരങ്ങള്‍ മറ്റൊരാള്‍ അല്ലെങ്കില്‍ സ്ഥാപനം ഉപയോഗിക്കുന്നതിനെതിരെ പലരും പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ദുരുപയോഗം തടയുക എന്ന ലക്ഷ്യം പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലോക്സഭ പാസ്സാക്കിയ ഒരു നിയമമാണ് ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം 2023 (വ്യക്തികളുടെ ഡിജിറ്റലായിട്ടുള്ള വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം). എന്നാല്‍ പേരിലും ലക്ഷ്യത്തിലും കാണിക്കുന്ന ഉദ്ദേശ്യശുദ്ധി ഈ നിയമ നിര്‍മാണത്തിന് പിന്നില്‍ ഉണ്ടെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. കാരണം ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ മറ്റു പല വിഷയങ്ങളിലും (പൗരത്വ ഭേദഗതി, കാര്‍ഷിക പരിഷ്‌കരണം തുടങ്ങി ഏക സിവില്‍ കോഡ് വരെ) നടത്തിയതും നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടതുമായ നിയമ നിര്‍മാണങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നമുക്കറിയാം എന്നത് തന്നെ.

ഈ നിയമത്തിന്റെ ലക്ഷ്യമായി പറയുന്നത് ഇങ്ങനെയാണ്: ഡിജിറ്റലായി ശേഖരിക്കപ്പെടുന്ന വ്യക്തിവിവരങ്ങള്‍, അത് ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും, കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരിക. ഇന്ത്യക്കകത്തും ഇന്ത്യയില്‍ ചരക്കുകളും സേവനങ്ങളും നല്‍കുന്ന പുറത്തുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഒരു വ്യക്തിയുടെ വിവരങ്ങള്‍ ലഭിക്കുന്ന സ്ഥാപനം അത് തീര്‍ത്തും നിയമപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അങ്ങനെ ഉപയോഗിക്കുന്നതിനു മുമ്പ് ആ വ്യക്തിയുടെ അല്ലെങ്കില്‍ അയാള്‍ ചുമതലപ്പെടുത്തിയ ആളുടെ സമ്മതം ലഭിച്ചിരിക്കണം. സമ്മതം ലഭിക്കുന്നതിനായി വിശദമായ ഒരു നോട്ടീസ് ആ വ്യക്തിക്ക് നല്‍കണം. ഏതാവശ്യത്തിനാണ് ഇതുപയോഗിക്കുക, എത്രകാലം ഇതാവശ്യമാണ്, ആവശ്യം കഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യും മുതലായ കാര്യങ്ങള്‍ പറയണം. 18 വയസ്സിന് താഴെയുള്ളവരുടെ വിവരങ്ങളാണെങ്കില്‍ അവരുടെ രക്ഷിതാക്കളുടെ അനുമതി നേടിയിരിക്കണം.

എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍, പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, ആനുകൂല്യങ്ങള്‍, സേവനങ്ങള്‍ മുതലായവക്ക് വേണ്ടിയോ സ്വയം സന്നദ്ധമായോ നല്‍കുന്ന വിവരങ്ങള്‍ക്കിത് ബാധകമല്ല. ഇത്തരത്തില്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് കൃത്യമാണെന്ന് ഉറപ്പു വരുത്താനും സുരക്ഷിതമായി സൂക്ഷിക്കാനും ഏതാവശ്യത്തിനു വേണ്ടിയാണോ അതെടുക്കുന്നത്, ആ ആവശ്യം കഴിഞ്ഞാല്‍ അത് കളയാനും ബാധ്യതയുണ്ട്. ഇത്തരം നിബന്ധനകള്‍ അവര്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ വിവരങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് അവകാശമുണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ അതിന് പരിഹാരം തേടാനും കഴിയും. ദേശസുരക്ഷ, ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍ മുതലായ ആവശ്യങ്ങള്‍ക്കായി ഈ നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്നും നിയമം പറയുന്നു. നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി ഡാറ്റാ സംരക്ഷണ ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കും.

ലക്ഷ്യം ഇതാണെങ്കിലും നിയമത്തിന്റെ വ്യാപകമായ ദുരുപയോഗ സാധ്യതകളും മുന്നില്‍ കാണുന്നുണ്ട്. ദേശസുരക്ഷയുടെയും മറ്റും പേരില്‍ നല്‍കുന്ന ഇളവുകള്‍ ഉപയോഗിച്ചുകൊണ്ട് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാനും ആവശ്യത്തിനപ്പുറം ഉപയോഗിക്കാനുമുള്ള സാധ്യത മൗലികാവകാശങ്ങളുടെ ലംഘനമായി മാറും. വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന പല അപകടങ്ങളും ഉണ്ട്. വ്യക്തിവിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കു നല്‍കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളിലേക്ക് ഇവ അയക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഈ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നതിന് ഒരു ഉറപ്പുമില്ല.

ഡാറ്റാ സുരക്ഷാ ബോര്‍ഡിലെ അംഗങ്ങളെ കേന്ദ്ര സര്‍ക്കാറാണ് തീരുമാനിക്കുക. അവരുടെ കാലാവധി രണ്ട് വര്‍ഷമാണ്. മറ്റു മേഖലകളിലെ നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് (ഉദാ: വൈദ്യുതി മേഖല, കുത്തക നിയന്ത്രണം, ഓഹരിക്കമ്പോള നിയന്ത്രണം, സെബി മുതലായവക്കൊക്കെ) അഞ്ച് വര്‍ഷക്കാലാവധി ഉള്ളപ്പോഴാണ് ഇവിടെ രണ്ട് വര്‍ഷം മാത്രമാകുന്നത്. അവര്‍ക്ക് പുനര്‍ നിയമനം സാധ്യതയുമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇവര്‍ക്ക് മേല്‍ സര്‍ക്കാറിന് കടുത്ത നിയന്ത്രണമുണ്ടാകുമെന്ന് തീര്‍ച്ച. പുനര്‍ നിയമനത്തിനു വേണ്ടി അവര്‍ വഴങ്ങിക്കൊടുക്കും.
വ്യക്തി വിവരങ്ങളിലൂടെ ഇതേത് വ്യക്തിയുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയും. സര്‍ക്കാറായാലും സ്വകാര്യ സ്ഥാപനങ്ങളായാലും ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ചരക്കുകളും സേവനങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ്. വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ മുന്‍ഗണനകള്‍ മനസ്സിലാക്കാനും അത് വഴി ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പരസ്യങ്ങള്‍ തയ്യാറാക്കാനും മറ്റും കഴിയുന്നു. എന്നാല്‍ അതോടൊപ്പം ഈ വ്യക്തികള്‍ക്ക് തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്താക്കുക വഴി സാമ്പത്തികമായും അപകീര്‍ത്തിയും മറ്റുമായും നഷ്ടങ്ങള്‍ ഉണ്ടാകും. സ്വകാര്യതയുടെ നഷ്ടം മൗലികാവകാശ ലംഘനമാണെന്ന് ആധാര്‍ കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ നിയമ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ കുട്ടികളുടെ കാര്യങ്ങളില്‍ പരമാവധി 200 കോടി രൂപ വരെയും മുതിര്‍ന്നവരുടെ കാര്യത്തില്‍ 250 കോടി രൂപ വരെയുമാണ് പിഴ നല്‍കേണ്ടി വരിക.

ഇന്ന് ഇന്ത്യയില്‍ വിവര സംരക്ഷണത്തിനു വേണ്ടി മാത്രമായി ഒരു നിയമം ഇല്ല. 2000ലെ വിവര സാങ്കേതിക വിദ്യാ നിയമത്തിലെ ചില വകുപ്പുകള്‍ മാത്രമാണ് ഇതിനായി ഇന്നുള്ളത്. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ അധ്യക്ഷതയില്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചു. 2018ല്‍ അവര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയില്‍ 2019ല്‍ ഒരു ബില്‍ അവതരിപ്പിച്ചു. സംയുക്ത പാര്‍ലിമെന്ററി സമിതിയോട് ഇതേക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ നിര്‍ദേശിച്ച മാറ്റങ്ങളോടെ വീണ്ടും 2022 ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്‍ സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. തുടര്‍ന്ന് 2022 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു കരട് ബില്‍ ചര്‍ച്ച ചെയ്താണ് ഇപ്പോഴത്തെ നിയമം രൂപപ്പെട്ടത്. മണിപ്പൂര്‍ വിഷയം കത്തിനില്‍ക്കുന്ന സമയത്ത്, അക്കാര്യത്തില്‍ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ച് പ്രതിപക്ഷം ശക്തമായ സമരങ്ങള്‍ സഭക്കകത്ത് നടത്തുന്നതിനിടയില്‍ ഒരു ചര്‍ച്ചയും കൂടാതെ ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു, കൊവിഡ് കാലത്ത് കര്‍ഷക നിയമം പാസ്സാക്കിയതു പോലെ.

നിയമങ്ങളില്‍ സര്‍ക്കാറിനുള്ള ഇളവുകള്‍ അമിതാധികാര പ്രയോഗത്തിലേക്ക് വഴിവെക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. സര്‍ക്കാര്‍ എന്നതിന് ഭരണഘടനയുടെ പന്ത്രണ്ടാം അനുഛേദം നല്‍കുന്ന നിര്‍വചനത്തില്‍ കേന്ദ്ര, സംസ്ഥാന, തദ്ദേശ സര്‍ക്കാറുകളും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട അധികാരസ്ഥാപനങ്ങളും കമ്പനികളും വരെ പെടുന്നു. ഇവര്‍ക്കൊന്നും ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകുന്നില്ല. ഇത് മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാകുമെന്ന് നിരവധി മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. വ്യക്തികള്‍ക്ക് മേല്‍ നിരന്തരമായി നിരീക്ഷണങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് കഴിയുന്നു. പണ്ട് ജോര്‍ജ് ഓര്‍വെല്ലിന്റെ നോവലില്‍ പറഞ്ഞത് പോലെ ‘എല്ലായ്പോഴും നമ്മെ നിരീക്ഷിക്കുന്ന ഒരു വലിയേട്ടനെ’ ഇതുവഴി സൃഷ്ടിക്കാം. ദേശസുരക്ഷയെന്ന പേരിലായാല്‍ പോലും വ്യക്തികളുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ ഉണ്ടാകേണ്ട പരിധികളെ പറ്റി (1951ലെ ഇന്ത്യന്‍ ടെലഗ്രാഫ് ചട്ടങ്ങള്‍ സംബന്ധിച്ച്) പി യു സി എല്ലും കേന്ദ്ര സര്‍ക്കാറുമായുള്ള കേസില്‍ സുപ്രീം കോടതിയുടെ വിധി (1996) വ്യക്തമായി പറയുന്നുണ്ട്. ഈ നിയന്ത്രണങ്ങള്‍ യുക്തിസഹമായ അളവിലേ പാടുള്ളൂ എന്നാണ് പറയുന്നത്. ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ ആയാലും മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തടസ്സമില്ലാത്തതാണ് ഈ നിയമം. അതും ഒരു വലിയ തകരാറാണ്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ വ്യക്തികള്‍ക്ക് സാമ്പത്തിക നഷ്ടമോ മാനഹാനിയോ സ്വത്വ നഷ്ടമോ വിവേചനങ്ങളോ അനാവശ്യമായ നിരീക്ഷണമോ ഒക്കെ സംഭവിക്കാം. ഇതൊന്നും തടയാന്‍ നിയമത്തില്‍ ഒരു സംവിധാനവും ഇല്ല. പ്രഖ്യാപിത ആവശ്യം കഴിഞ്ഞാല്‍ വിവരങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ കര്‍ശനമല്ല. ശ്രീകൃഷ്ണ സമിതിയും സംയുക്ത പാര്‍ലിമെന്റ് സമിതിയും ആവശ്യപ്പെട്ടിട്ടും ഇക്കാര്യം നിയമത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വിവരങ്ങള്‍ കിട്ടുന്ന സ്ഥാപനം അത് മറ്റൊരു സ്ഥാപനത്തിന് കൈമാറ്റം ചെയ്യുന്നത് തടയാന്‍ വ്യവസ്ഥ വേണമെന്ന നിര്‍ദേശവും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ചില സ്വകാര്യ സ്ഥാപനങ്ങളെ (സ്റ്റാര്‍ട്ടപ്പുകളെയും മറ്റും) നിബന്ധനകളില്‍ നിന്ന് ഒഴിവാക്കുന്നതും അപകടകരമാണ്. പ്രത്യേകിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കണം പോലുള്ള വ്യവസ്ഥയിലെ ഇളവുകള്‍ ഏറെ ദുരുപയോഗ സാധ്യതയുള്ളവയാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഈ നിയമത്തിന്റെ രൂപവത്കരണത്തിനായുള്ള ശ്രീകൃഷ്ണ കമ്മീഷനും പാര്‍ലിമെന്ററി ഉപസമിതിയുമടക്കം നല്‍കിയ നിര്‍ദേശങ്ങള്‍ പലതും ലംഘിച്ചു കൊണ്ടും ഏകാധിപത്യപരമായും പാര്‍ലിമെന്റില്‍ ഒരു ചര്‍ച്ചയും കൂടാതെയും പാസ്സാക്കിയ ‘ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം 2023’ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് പറയാം. പൗരന്മാരെ നിരന്തരം നിരീക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.

 

Latest