Saudi Arabia
അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്
'ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്' വിജയകരമായി സംഘടിപ്പിച്ചാണ് സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.
റിയാദ്| അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. വിദ്യാർഥികളുടെ സർഗാത്മക മികവിനാണ് അലിഫ് ഇന്റർനാഷണൽ സ്കൂൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’ വിജയകരമായി സംഘടിപ്പിച്ചാണ് സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരിൽ ഒരേസമയം, ഒരു വേദിയിൽ, വിദ്യാർഥികൾ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനമാണ് നിർവഹിക്കപ്പെട്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധി റെക്കോർഡ് പ്രഖ്യാപനം നടത്തി ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്കൂൾ മാനേജ്‌മന്റ് പ്രധിനിധികൾക്ക് കൈമാറി.
‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരിൽ കഴിഞ്ഞ ഏഴ് മാസമായി നടന്നുവരുന്ന ശാസ്‌ത്രീയമായ എഴുത്തു പരിശീലനത്തിന്റെ ഭാഗമായാണ് ഗ്രേഡ് ഒന്നു മുതൽ 10 വരെയുള്ള വിദ്യാർഥികൾ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളിൽ പുസ്തകങ്ങൾ രചിച്ചത്. കഥ, കവിത, നോവൽ, യാത്ര വിവരണം, ആത്മകഥ, ലേഖനങ്ങൾ, പൊതുവിജ്ഞാനം, പഠനങ്ങൾ തുടങ്ങി പത്തോളം വിഭാഗങ്ങളിലായി എഴുതിയ 506 പുസ്തകങ്ങളാണ് ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടത്. പ്രമുഖ മാധ്യമ നിരീക്ഷകനും മുൻ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഉസ്താദ് ഖാലിദ് അൽ മഈന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.
വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ, ബിസിനസ്സ് മേഖലകളിലെ പ്രമുഖർ പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ ഉസ്താദ് അലി അബ്ദുറഹ്മാൻ, സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സൗദി ഗസറ്റ് എഡിറ്റർ ഹസൻ ചെറൂപ്പ, എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.
വായനയെ പ്രോത്സാഹിപ്പിക്കുന്ന ‘റീഡ് ആൻഡ് റിജോയ്‌സ്’ പരിപാടിയെക്കുറിച്ച് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. ചിന്തകളെ മൂർച്ച കൂട്ടാനും, ഭാഷാപരമായ കഴിവുകൾ വർദ്ധിപ്പിക്കാനും, വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനും പുസ്തകങ്ങളെ കൂട്ടുകാരാക്കാൻ ഈ പ്രോഗ്രാം വിദ്യാർഥികളെ സഹായിക്കുന്നുണ്ടെന്ന് സ്കൂൾ സി ഇ ഒ ലുഖ്മാൻ അഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ഇത്തരം ബൃഹത്തായ പ്രകാശന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, കോർഡിനേറ്റർ സുന്തുസ് സാബിർ നേതൃത്വം നൽകി.
—
---- facebook comment plugin here -----




