Qatar
റഫ ക്രോസിംഗ് 'പരിമിതമായി വീണ്ടും തുറക്കാൻ' സമ്മതിച്ച് ഇസ്രാഈൽ
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ വെടിനിർത്തലിന്റെ ഭാഗമായാണ് റഫ വീണ്ടും തുറക്കുന്നത്.
ഖത്തർ |ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രാഈൽ സമ്മതിച്ചതായി ജറുസലേമിലെ യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഗസയിലേക്കുള്ള സഹായത്തിനായുള്ള സുപ്രധാന പ്രവേശന കേന്ദ്രമായ ക്രോസിംഗ് വീണ്ടും തുറക്കാൻ യുഎസ് പ്രതിനിധികൾ ഇസ്രാഈൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ വെടിനിർത്തലിന്റെ ഭാഗമായാണ് റഫ വീണ്ടും തുറക്കുന്നത്. എന്നാൽ യുദ്ധസമയത്ത് ഇസ്രാഈൽ സൈന്യം അതിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ക്രോസിംഗ് വീണ്ടും അടച്ചിടുകയായിരുന്നു. അതേസമയം പൂർണ്ണമായ ഇസ്രാഈലി പരിശോധനാ സംവിധാനത്തിന് വിധേയമായി കാൽനടയാത്രക്കാർക്ക് മാത്രമായി റഫ ക്രോസിംഗ് പരിമിതമായി വീണ്ടും തുറക്കാൻ ഇസ്രാഈൽ സമ്മതിച്ചതെന്ന് നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ കുറിച്ചു.




