Connect with us

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.

Published

|

Last Updated

കണ്ണൂര്‍| പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. പുറത്താക്കല്‍ തീരുമാനം ഏകകണ്ഠമായാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറി. പാര്‍ട്ടിക്കെതിരായി അജണ്ട സെറ്റ് ചെയ്തുള്ള അഭിമുഖമാണ് നടന്നത്. കൃത്യമായ സമയം കണക്കാക്കി ആണ് അഭിമുഖം നല്‍കിയത്. ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിച്ച കാര്യങ്ങളാണ്. 2022 ഏപ്രിലില്‍ പാര്‍ട്ടി പരിഹാരം കണ്ട വിഷയത്തിന് ശേഷം കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മറ്റി അംഗം വരെ ആയി. ജില്ലാ കമ്മിറ്റി അംഗമായ ശേഷം റൂറല്‍ ബേങ്കിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട് ടി.ഐ. മധുസൂദനനെ അധിക്ഷേപിക്കുകയാണ് കുഞ്ഞികൃഷ്ണന്‍ ചെയ്തത്. ബേങ്കിന്റെ ഭാരവാഹി അല്ലാത്ത മധുസൂദനനെ എന്തിനാണ് ക്രൂശിച്ചതെന്നും രാഗേഷ് പറയുന്നു.

കുഞ്ഞികൃഷ്ണന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ല. അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി. ഇതിനെ നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ കൃത്യമായ തെളിവുണ്ട്. അത് പുറത്തുവിടണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കുമെന്നാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ധനരാജിന്റെ വീടിനായി മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. അതില്‍ ചില സംശയങ്ങളുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തി. ഇതേ അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തി. അത് ഒരു കണക്കിലും പെടുത്തിയിട്ടില്ല. ഇതിന് പുറമേ ഒരു രണ്ട് ലക്ഷം രൂപയുടെ കണക്കും കാണാം. ഇത് എന്തിന് ചെലവഴിച്ചു എന്ന് വ്യക്തമല്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

 

 

Latest