Kerala
ആലപ്പുഴ കളര്‍കോട് വാഹനാപകടം; രണ്ടുപേരുടെ നില അതീവഗുരുതരം
ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ആലപ്പുഴ| ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി 9മണിയോടെയാണ് കളര്‍കോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി അപകടമുണ്ടായത്. മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാന്‍ സിനിമാസില്‍ രാത്രി ഒന്‍പതരയ്ക്കും ഒന്‍പതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു വിദ്യാര്‍ഥികളുടെ ലക്ഷ്യം.
ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്ന് പറയുന്നു.കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിദ്യാര്‍ഥികളെ കാറില്‍ നിന്നും പുറത്തേക്കെടുത്തത്. മൂന്ന് പേരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കാറില്‍ നിന്ന് ഇറക്കുന്ന സമയത്ത് തന്നെ മൂന്ന് പേര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്ക് മാത്രമാണ് ബോധമുണ്ടായിരുന്നത്.സംഭവത്തില്‍ ബസിലുണ്ടായിരുന്ന നാലുപേര്‍ക്കും പരുക്കേറ്റിരുന്നു.