Uae
വിമാനത്താവള പ്രദർശനത്തിന് തുടക്കം; 30 രാജ്യങ്ങളുടെ പങ്കാളിത്തം
ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് 24-ാമത് എയർപോർട്ട് ഷോ.

ദുബൈ| ദുബൈ രാജ്യാന്തര വിമാനത്താവള പ്രദർശനം സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട്സിന്റെ ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് 24-ാമത് എയർപോർട്ട് ഷോ. മെയ് എട്ട്് വരെ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് ഉന്നത വ്യോമയാന ഉദ്യോഗസ്ഥരുടെയും വ്യവസായ പങ്കാളികളുടെയും സാന്നിധ്യമുണ്ട്.
ശൈഖ് അഹമ്മദ് ബി2ബി പവലിയനുകൾ സന്ദർശിച്ചു. മധ്യ പൗരസ്ത്യ ദേശ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ വിമാനത്താവള പ്രദർശനമാണ് നടക്കുന്നത്. ബി2ബി പ്ലാറ്റ്ഫോമിൽ 30 രാജ്യങ്ങളിൽ നിന്ന് 6,000-ത്തിലധികം വ്യാപാര സന്ദർശകർ എത്തും. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലെ പുരോഗതി, വിമാനത്താവള ഗതാഗത മാനേജ്മെന്റ‌്, വിമാനത്താവള കാർബൺ കുറക്കൽ, സുസ്ഥിരത, ഡിജിറ്റലൈസേഷൻ, അർബൻ എയർ മൊബിലിറ്റി എന്നിവയുൾപ്പെടെ ഭാവി വിമാനത്താവളങ്ങളെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതികവിദ്യകളും പര്യവേഷണം ചെയ്യും.
22 രാജ്യങ്ങളിൽ നിന്നുള്ള 140 പ്രദർശകർ പങ്കെടുക്കുന്നു. 30 രാജ്യങ്ങളിൽ നിന്ന് 70-ലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ട്. 2040 ആകുമ്പോഴേക്കും പ്രതിവർഷം ഏകദേശം 110 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയോടെ 2019 ലെ 40.5 കോടിയിൽ നിന്ന് – മിഡിൽ ഈസ്റ്റ് അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുകയാണ്.
---- facebook comment plugin here -----