Connect with us

National

എയർ ഇന്ത്യ വിമാന ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

അപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണത്തിൻ്റെ നിഷ്പക്ഷതയും നിയമസാധുതയും എ എ ഐ ബി ഇല്ലാതാക്കിയെന്നും കത്തിൽ ആരോപണം

Published

|

Last Updated

ന്യൂഡൽഹി | എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. അപകടം പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിത്തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി എഫ് ഐ പി കത്തിൽ ആരോപിച്ചു. അപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണത്തിൻ്റെ നിഷ്പക്ഷതയും നിയമസാധുതയും എ എ ഐ ബി ഇല്ലാതാക്കിയെന്നും കത്തിൽ പറയുന്നു.

എ എ ഐ ബി ഉദ്യോഗസ്ഥർ ക്യാപ്റ്റൻ സബർവാളിൻ്റെ 91 വയസ്സുള്ള പിതാവിൻ്റെ വീട്ടിൽ അനുശോചനം അറിയിക്കാനെന്ന വ്യാജേന പോയെന്നും, എന്നാൽ അവിടെ വെച്ച് പൈലറ്റിന് അപകടത്തിൽ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നും എഫ് ഐ പി ആരോപിച്ചു. കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) വിശകലനം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും, ഇതുവഴി പതിനയ്യായിരത്തിലധികം ഫ്ലൈയിംഗ് മണിക്കൂറുകളുള്ള പരിചയസമ്പന്നനായ പൈലറ്റിൻ്റെ വ്യക്തിഹത്യക്ക് കാരണമാവുകയും ചെയ്തതായും എഫ് ഐ പി പറയുന്നു. കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗുകൾ പുറത്തുവിട്ടത് 2017-ലെ എയർക്രാഫ്റ്റ് (അന്വേഷണ) നിയമങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

അപകടങ്ങളിൽ അന്വേഷണം നടത്തുന്നത് ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാണെന്നും, കുറ്റവാളികളെ കണ്ടെത്താൻ വേണ്ടിയല്ലെന്നും എഫ് ഐ പി കത്തിൽ ഓർമ്മിപ്പിച്ചു. അപകടത്തിൻ്റെ അന്വേഷണം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത് ആഗോള വ്യോമയാന സമൂഹത്തിൽ ഇന്ത്യയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

2010-ലെ മംഗലാപുരം വിമാനാപകടത്തിന് ശേഷം ഒരു കോർട്ട് ഓഫ് എൻക്വയറി രൂപീകരിച്ചത് പോലെ, എ ഐ 171 അപകടത്തിലും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന് FIP ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ, വ്യോമയാന മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും FIP അഭ്യർത്ഥിച്ചു.