Connect with us

National

അഹമ്മദാബാദ് വിമാന അപകടം; മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി

260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി

Published

|

Last Updated

ഗാന്ധിനഗര്‍ |  അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. വിമാനം അപകടം നടന്ന് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് മരിച്ചവരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായത്. 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.അതേ സമയം ഗുജറാത്തിലെ ഭുജില്‍ നിന്നുള്ള യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിഎന്‍എ പരിശോധനയില്‍ 260 മൃതദേഹങ്ങളില്‍ 241 പേര്‍ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരല്ലാത്ത 19 പേരുടെയും വിവരങ്ങളും ലഭിച്ചു. വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു.വിമാന യാത്രികരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഭുജ് ദഹിന്‍സര്‍ സ്വദേശി അനില്‍ ലാല്‍ജി ഖിമാനിയുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്. ബോര്‍ഡിങ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയില്‍ സാംപിളുകള്‍ മാച്ച് ചെയ്തില്ല. ഇദ്ദേഹത്തിന്റെതാണ് എന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

അനില്‍ ലാല്‍ജി ഖിമാനിയുടേത് ഉള്‍പ്പെടെ 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. വെള്ളിയാഴ്ചയോടെ 240 മൃതദേഹങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇന്നലെ രാത്രിയോടെ അവസാന കേസിലും മാച്ചിങ് ലഭിച്ചു. ഇതോടെ തിരിച്ചറിയല്‍ പ്രക്രിയ അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 254 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ആറ് മൃതദേഹങ്ങള്‍ നേരിട്ട് തിരിച്ചറിയാന്‍ സാധിച്ചു. അപകടത്തില്‍ പരുക്കേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതിന്‍ നാല് പേരും മരിച്ചു. ഒരാള്‍ വെള്ളിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.മരിച്ചവരില്‍ 181 പേരും ഇന്ത്യക്കാണ്. 52 പേര്‍ യുകെയില്‍ നിന്നുള്ളവരും, ഏഴ് പേര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ളവരും, ഒരു കനേഡിയനുമാണ് അപകടത്തില്‍ മരിച്ചത്. അഹമ്മദാബാദ് സന്ദര്‍ശിക്കാനെത്തിയ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ഇതില്‍ ഒരു മൃതദേഹം നേരത്തെ കൈമാറി, രണ്ടാമത്തേത് ഇന്നലെ വിട്ടുനല്‍കി. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചിരുന്നു