Connect with us

National

അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിന് തൊട്ടു മുമ്പ് 'മെയ്‌ഡേ' കോള്‍ ലഭിച്ചിരുന്നതായി ഡി ജി സി എ

ജീവന് ഭീഷണിയുയരുന്ന അടിയന്തര സന്ദര്‍ഭങ്ങള്‍ അറിയിക്കുന്നതിനായി വിമാനങ്ങളിലും കപ്പലുകളിലും ഉപയോഗിക്കുന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ദുരന്ത സിഗ്നലാണ് മെയ്‌ഡേ കോള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സബ്ബര്‍വാള്‍ ദുരന്തത്തിനു തൊട്ടു മുമ്പായി എയര്‍ ട്രാഫിക് കണ്‍ട്രോളിന് ‘മെയ്‌ഡേ’ കോള്‍ ചെയ്തിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ (ഡി ജി സി എ) വ്യക്തമാക്കി.

എന്താണ് ‘മെയ്‌ഡേ’ കോള്‍?
ജീവന് ഭീഷണിയുയരുന്ന അടിയന്തര സന്ദര്‍ഭങ്ങള്‍ അറിയിക്കുന്നതിനായി വിമാനങ്ങളിലും കപ്പലുകളിലും ഉപയോഗിക്കുന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ദുരന്ത സിഗ്നലാണ് മെയ്‌ഡേ കോള്‍. ‘എന്നെ സഹായിക്കൂ’ എന്ന അര്‍ഥം വരുന്ന ‘m aider’ എന്ന ഫ്രഞ്ച് പ്രയോഗത്തില്‍ നിന്നാണ് ഇതിന്റെ വരവ്. 1920ല്‍ പ്രാബല്യത്തില്‍ വന്ന ഇത് ഇന്ന് ആഗോള തലത്തില്‍ ‘സ്റ്റാന്‍ഡേഡ് പ്രോട്ടോകോള്‍’ ആയി ഉപയോഗിച്ചുവരുന്നു. വ്യക്തമായി കേള്‍ക്കുന്നതിനായി ഈ സന്ദേശം മൂന്ന് തവണ ആവര്‍ത്തിച്ചു പറയുകയാണ് പതിവ്.

ആരാണ് ‘മെയ്‌ഡേ’ കോള്‍ പുറപ്പെടുവിക്കുന്നത്?
അത്യന്തം അപകടകരമായ സാഹചര്യത്തില്‍ വിമാനത്തെയോ കപ്പലിനെയോ നിയന്ത്രിക്കുന്നയാളാണ് ‘മെയ് ഡേ’ കോള്‍ പുറപ്പെടുവിക്കാറുള്ളത്. എന്‍ജിന്‍ തകരാറ്, തീപ്പിടിത്തം, നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങി വിമാനത്തിന്റെയോ കപ്പലിന്റെയോ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന അവസരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. ആശയ വിനിമയോപാധി വഴി എയര്‍ ട്രാഫിക് കണ്‍ട്രോളി (എ ടി സി)നാണ് പൈലറ്റ് വിവരമെത്തിക്കുന്നത്. പൈലറ്റിന് എ ടി സിയുമായി ബന്ധം നഷ്ടപ്പെടുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ സമീപത്തുള്ള വിമാനത്തെയോ കപ്പലിനെയോ ‘മെയ്ഡേ’ കോള്‍ വഴി വിവരമറിയിക്കാറുണ്ട്.

‘മെയ്‌ഡേ’ കോളിനു ശേഷം സംഭവിക്കുന്നത്…
വിമാനത്തിന്റെയോ കപ്പലിന്റെയോ നിലവിലെ സ്ഥാനം, അടിയന്തരാവസ്ഥയുടെ പ്രകൃതം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് ഇതിലൂടെ പങ്കുവെക്കപ്പെടുന്നത്. സന്ദേശം ലഭിക്കുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സംവിധാനങ്ങളെല്ലാം സജ്ജമാക്കുന്നു.

Latest