Kerala
അനിശ്ചിതത്വം നീങ്ങി; അഹമ്മദ് ദേവർകോവിലിന് 'ബക്കറ്റ്' ചിഹ്നം അനുവദിച്ചു
2025-ലെ പുതുക്കിയ പട്ടികയിൽ മുൻപ് ഉപയോഗിച്ചിരുന്ന ഗ്ലാസ് ചിഹ്നം ഇല്ലാതിരുന്നതിനെത്തുടർന്നാണ് പുതിയ ചിഹ്നം അനുവദിച്ചത്.
കോഴിക്കോട് | കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് ‘ബക്കറ്റ്’ ചിഹ്നം അനുവദിച്ചു. 2025-ലെ പുതുക്കിയ പട്ടികയിൽ മുൻപ് ഉപയോഗിച്ചിരുന്ന ഗ്ലാസ് ചിഹ്നം ഇല്ലാതിരുന്നതിനെത്തുടർന്നാണ് പുതിയ ചിഹ്നം അനുവദിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്ലാസ് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഐ എൻ എൽ നേതാവ് അഹമ്മദ് ദേവർകോവിൽ, ഇത്തവണയും ഇതേ ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയിൽ പോസ്റ്ററുകൾ അച്ചടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ 2024-ലെ പട്ടികയിലുണ്ടായിരുന്ന ഗ്ലാസ് ചിഹ്നം 2025-ലെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് പ്രചാരണത്തിന് താൽക്കാലികമായി തിരിച്ചടിയായി. ചിഹ്നത്തിന്റെ കാര്യത്തിൽ വ്യക്തത വരുന്നത് വരെ അദ്ദേഹം പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
ബക്കറ്റ് ചിഹ്നം അനുവദിക്കപ്പെട്ടതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമായി പ്രചാരണം തുടരാനാണ് എൽ ഡി എഫ് തീരുമാനം. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ വലിയ അട്ടിമറി വിജയമാണ് ഇടതുപക്ഷം നേടിയത്. കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മുസ്ലിം ലീഗിലെ നൂർബിന റഷീദിനെ 12,400-ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ മണ്ഡലം പിടിച്ചെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Summary
The uncertainty regarding LDF candidate Ahmed Devarkovil’s election symbol in the Kozhikode South constituency has ended as the Election Commission allotted him the ‘Bucket’ symbol. Previously, he faced a crisis when his former symbol, ‘Glass’, was removed from the Commission’s 2025 updated list. With the new symbol assigned, the former minister and INL leader is set to resume his active campaign in the constituency.




