Connect with us

National

മലയാളി വിദ്യാര്‍ഥികളുടെ ഡല്‍ഹി കോളജുകളിലെ പ്രവേശനം 'മാര്‍ക്ക് ജിഹാദ്'; വിവാദ പരാമര്‍ശവുമായി അധ്യാപകന്‍

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഡല്‍ഹി കോളജുകളിലെ പ്രവേശനം, മാര്‍ക്ക് ജിഹാദെന്നാണ് കിരോരി മാല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പറഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. പരാമര്‍ശം വിവാദമായിട്ടും മാപ്പ് പറയില്ലെന്ന് രാകേഷ് കുമാര്‍ പ്രതികരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡേ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഡല്‍ഹി കോളജുകളിലെ പ്രവേശനം, മാര്‍ക്ക് ജിഹാദെന്നാണ് കിരോരി മാല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പറഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. പരാമര്‍ശം വിവാദമായിട്ടും മാപ്പ് പറയില്ലെന്ന് രാകേഷ് കുമാര്‍ പ്രതികരിച്ചു.

ഡല്‍ഹി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഹിന്ദു കോളജില്‍ ബിഎ ഓണേഴ്‌സ് പൊളിറ്റിക്കല്‍ സയന്‍സ് പ്രോഗ്രാമിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ലഭിച്ചത് 100 ലധികം അപേക്ഷകളാണ്. ഇവരില്‍ മികച്ച സ്‌കോര്‍ നേടിയവരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നാം വര്‍ഷ കോഴ്‌സിലേക്ക് ആകെ 20 സീറ്റുകളാണുള്ളത്. കട്ട് ഓഫ് മാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയും ഡല്‍ഹി സര്‍വ്വകലാശാലക്ക് നിയമാനുസൃതമായ രീതിയില്‍ ഒഴിവാക്കാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ജിഹാദെന്ന ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്റെ പരാമര്‍ശം.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും രാകേഷ് കുമാര്‍ പാണ്ഡെ കുറ്റപ്പെടുത്തി. അധ്യാപകരുമായെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാനാകണം. ഡല്‍ഹിയില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ചില ഏജന്‍സികള്‍ ഫണ്ട് നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും 100 ശതമാനം മാര്‍ക്കാണ്. ഇത് ഇഷ്ടമുള്ള ഏത് കോളജിലും പ്രവേശനം ഉറപ്പാക്കുന്നു. ഇതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും രാകേഷ് കുമാര്‍ പാണ്ഡേ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ രംഗത്തെത്തി. അധ്യാപകന്റെ പ്രസ്താവന അപലപനീയമാണെന്ന് എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പ്രതികരിച്ചു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സാനു പറഞ്ഞു.

 

Latest