Connect with us

Ongoing News

വിദ്യാഭ്യാസരംഗത്തെ നേട്ടം പണ്ഡിതരുടെ സംഭാവന: ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി

പഴയകാല പണ്ഡിത നേതൃത്വം സാഹചര്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി രൂപപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങളാണ് ഇന്ന് വളര്‍ന്നു കാണുന്നത്.

Published

|

Last Updated

ഒറ്റപ്പാലം | നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പണ്ഡിതര്‍ നിര്‍വഹിച്ച പങ്ക് വളരെ വിലയേറിയതാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം മര്‍ക്കസ് മുപ്പതാം വാര്‍ഷിക സമ്മേളനത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഴയകാല പണ്ഡിത നേതൃത്വം സാഹചര്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി രൂപപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങളാണ് ഇന്ന് വളര്‍ന്നു കാണുന്നത്. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പോലും അത്തരം പൈതൃക ഇടപെടലുകള്‍ നിമിത്തം ആയിട്ടുണ്ട്. ബ്രിട്ടീഷുകാരോടുള്ള അനിവാര്യമായ വിരോധത്തിന്റെ പേരില്‍ ഒരുകാലത്ത് വടക്കേ ഇന്ത്യയിലെ പണ്ഡിതര്‍ ഇംഗ്ലീഷ് ഭാഷ നിരുത്സാഹപ്പെടുത്തിയപ്പോള്‍ പേര്‍ഷ്യന്‍ ഭാഷയാണ് വിവിധ നാടുകളില്‍ മതപഠനത്തിനും മറ്റും ഉപയോഗപ്പെടുത്തിയത്.

പേര്‍ഷ്യന്‍ ഭാഷ സജീവമായ തമിഴ്‌നാടിനോട് ഓരം പറ്റിയ നാട് എന്ന നിലയില്‍ കേരളത്തിലും അക്കാലത്ത് മദ്രസകളില്‍ പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചു. മതപഠന കേന്ദ്രങ്ങളില്‍ ശാസ്ത്രവും കണക്കും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ആ ഭാഷയില്‍ പഠനം നടത്തി. ഇംഗ്ലീഷ് മിക്ക രാജ്യങ്ങളിലും വ്യാപകമാകുന്നതോടെ കാലോചിതമായ പഠനം വിദ്യാലയങ്ങളിലും വ്യാപിച്ചു.

ഏതു ഭാഷയിലും പ്രാവീണ്യം നേടാന്‍ സമൂഹം വളര്‍ന്നു വലുതായി. മുന്നൂറിലേറെ സ്‌കൂളുകള്‍ സമൂഹത്തിലെ ഏതു വിഭാഗം ജനങ്ങള്‍ക്കും പഠനം നടത്താന്‍ രൂപത്തില്‍ ഇന്ന് പ്രാസ്ഥാനിക കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതപഠന രംഗത്തെ ബിരുദങ്ങളും അന്തര്‍ദേശീയ പ്രാബല്യമുള്ള പൗരാണിക രീതികളാണ്. കേരളത്തിലെ അറബിക് കോളജുകള്‍ നല്‍കുന്ന സനദുകള്‍ അത്തരത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.