Kerala
17 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും
കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി എ ഷമീറലി മന്‍സൂറിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്

മലപ്പുറം | 17 കാരിയെ ലോഡ്ജ്മുറിയില്‍ എത്തിച്ചു ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 40-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ.
കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി എ ഷമീറലി മന്‍സൂറിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസവും 10 ദിവസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
2024 സെപ്റ്റംബര്‍ 12-നാണ് പ്രതി 17-കാരിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചത്. കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് നിലവില്‍ 18 വര്‍ഷം കഠിന തടവിന് ശിക്ഷ ലഭിച്ച് തവനൂര്‍ ജയിലില്‍ കഴിയുകയാണ്. കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടര്‍ വി ജിഷില്‍ ആണ് കേസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, ഇന്‍സ്‌പെക്ടര്‍ കെ. നൗഫല്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 27 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്‌പെക്ടറായ ആയിശ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു.