Connect with us

Kerala

ക്രിമിനല്‍ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു;സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി, 6 പേര്‍ അറസ്റ്റില്‍

ഇവരെ പിടികൂടാന്‍ പിന്നാലെ ഓടിയ പോലീസിനെ തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ പ്രതികളെ പോലീസ് പിന്തുടര്‍ന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട |  നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതി ആത്മഹത്യ ചെയ്തതിനെതുടര്‍ന്ന് ഇയാളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തുമടങ്ങിയ സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ റോഡില്‍ അഴിഞ്ഞാടി. സംഭവത്തില്‍ കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്ത് പി സി കെ ലേബര്‍ ലൈനില്‍ ബി അര്‍ജുന്‍(25), ഇടത്തിട്ട ചാരുങ്കല്‍ വീട്ടില്‍ ഷമീന്‍ ലാല്‍(27), കൂടല്‍ നെടുമണ്‍ കാവ് പി സി കെ ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പില്‍ അരുണ്‍ (29), ഓമല്ലൂര്‍ ചീക്കനാല്‍ മേലേപ്പുറത്ത് വീട്ടില്‍ ബിപിന്‍ കുമാര്‍(30), കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേല്‍ അബിന്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 4 പേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നു, ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ഇന്നലെ രാത്രി എട്ടരയ്ക്ക് കൊടുമണ്‍ ഇടത്തിട്ടയിലാണ് സംഭവം. കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും, നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുല്‍ പ്രകാശ് കഴിഞ്ഞദിവസം തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. വാഹനങ്ങളെ തടഞ്ഞും യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചും സംഘം അഴിഞ്ഞാടി. ക്ഷേത്രദര്‍ശനത്തിന് പോയവരെ അസഭ്യം പറയുകയും, വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. എന്നാല്‍ പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാന്‍ പിന്നാലെ ഓടിയ പോലീസിനെ തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ പ്രതികളെ പോലീസ് പിന്തുടര്‍ന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ്, പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദ് എ എസ് ഐ നൗഷാദ് , എസ് സി പി ഓ അനൂപ്, സിപി ഓമാരായ എസ് പി അജിത്ത്, സുരേഷ്, അനൂപ്, ജോണ്‍ ദാസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെല്ലാം മുമ്പും ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്. അരുണ്‍ കോടുമണ്‍ പത്തനംതിട്ട കോന്നി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

---- facebook comment plugin here -----

Latest