Connect with us

Kerala

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

പണം കൈപറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Published

|

Last Updated

പത്തനംതിട്ട | കാനഡയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയിപ്രം പോലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ഡുറ(30)യുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.  എറണാകുളം പറവൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കോയിപ്രം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാല്‍ മുകളുകാലായില്‍ വീട്ടില്‍ ബാബുക്കുട്ടി നല്‍കിയ പരാതിപ്രകാരം എടുത്ത കേസിലാണ് നടപടി. ഇദ്ദേഹത്തിന്റെ മകന് കാനഡയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികള്‍ ബേങ്ക് അക്കൗണ്ടിലൂടെ നാല് ലക്ഷം രൂപ തട്ടിയെടുത്തശേഷം, ജോലി ലഭ്യമാക്കുകയോ പണം മുഴുവന്‍ തിരികെ നല്‍കുകയോ ചെയ്തില്ല എന്നതാണ് പരാതി. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ടും പന്തളം, ആലപ്പുഴ മണ്ണാഞ്ചേരി സ്‌റ്റേഷനുകളില്‍ ഒന്നുവീതം വിശ്വാസവഞ്ചന കേസുകളില്‍ ഒന്നാം പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവയിലെല്ലാം മേല്‍വിലാസങ്ങള്‍ വ്യത്യസ്തമാണ്. പല ജില്ലകളിലും സമാനരീതിയില്‍ ആളുകളില്‍ നിന്നും പണം കൈപറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എസ് ഐ അനൂപ്, സി പി ഓമാരായ സാജന്‍, രശ്മി,ഷെബി എന്നിവരാണ് സംഘത്തിലുള്ളത്.

Latest