Connect with us

literature

ഇരുൾപ്പരപ്പിൽ തെളിയുന്ന നക്ഷത്രശോഭ

മാജിക്കൽ റിയലിസത്തിന്റെ കടുത്ത വർണങ്ങളിൽ എഴുതപ്പെട്ട നോവലാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ. ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളെ ഹാസവും വിഷാദവും ചേർന്ന് തീക്ഷ്ണമാക്കുന്ന രചനാതന്ത്രമാണ് നോവലിന്റെ ആഖ്യാനപരമായ പ്രധാന സവിശേഷത. തന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായൊരു കാലഘട്ടത്തോട് ഒരു യഥാർഥ കലാകാരന് അനുയോജ്യമാം വിധം നീതി പുലർത്തുന്ന രചന എന്നാണ് തോമിവ ഒവലാദേ എന്ന നിരൂപകൻ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്.

Published

|

Last Updated

“ശ്രീലങ്കയുടെ ചരിത്രം കയ്പുനിറഞ്ഞതും വർത്തമാനകാലം കലുഷിതവുമാണ്. എങ്കിലും ഈ നാടിന്റെ മുഖം പ്രസന്നവും പ്രസാദാത്മകവുമാണ്. കഴുമരത്തിൽ പോലും പൊട്ടിച്ചിരിയുടെ മുഴക്കം കേൾക്കാം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്നവരാണ് ഞങ്ങൾ ശ്രീലങ്കക്കാർ… എന്റെ ആദ്യനോവലിലെ പ്രധാന കഥാപാത്രം മുഴുക്കുടിയനായ ഒരമ്മാവനാണ്. രണ്ടാമത്തെ നോവലിലേത് ചൂതുകളിക്കാരനും സ്വവർഗാനുരാഗിയുമായ ഫോട്ടോഗ്രാഫറും. രണ്ടുപേരും ജീവിതത്തിന്റെ ഇരുണ്ടതും ക്രൂരവുമായ അവസ്ഥകൾക്ക് നർമത്തിന്റെ ഭാഷ്യം ചമയ്ക്കുന്നവർ.’

2022 ലെ ബുക്കർ പുരസ്‌കാരം നേടിയ ഷെഹാൻ കരുണതിലകെ, തന്റെ നോവലുകളുടെ സവിശേഷസ്വഭാവമായ ആക്ഷേപഹാസ്യത്തെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിലെ ഇരുളടഞ്ഞ അടരുകളെ ഹാസത്തിന്റെ നറും വെളിച്ചത്തിൽ അനുവാചകരുടെ മുന്നിൽ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കരുണതിലകെ.
ശ്രീലങ്കയിലെ ഗാലി പട്ടണത്തിൽ 1975 ലാണ് ഷെഹാൻ കരുണതിലകെ ജനിച്ചത്. കൊളംബോയിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ന്യൂസിലാൻഡിൽ ഉപരിപഠനം നടത്തിയ അദ്ദേഹം ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ പരസ്യമേഖലയിൽ കോപ്പി റൈറ്ററായി ഏറെക്കാലം ജോലിനോക്കിയിരുന്നു. ഇപ്പോൾ കൊളംബോയിൽ കോപ്പിറൈറ്റിംഗും എഴുത്തുമായി കഴിയുകയാണ് ശ്രദ്ധേയനായ ഗിറ്റാറിസ്റ്റ് കൂടിയായ ഈ എഴുത്തുകാരൻ.

ഷെഹാൻ കരുണതിലകെയുടെ ആദ്യ നോവൽ ചൈനാമാൻ 2011 ൽ പ്രസിദ്ധീകരിച്ചു. കോമൺവെൽത്ത് പുരസ്കാരം തുടങ്ങി ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങളാണ് ഈ നോവലിനെ തേടിയെത്തിയത്. ഒരു ദശാബ്ദത്തിനു ശേഷമാണ് രണ്ടാമത്തെ നോവലായ ദി സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ പുറത്തുവരുന്നത്. മൂന്ന് ബാലസാഹിത്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പുസ്തകം ദി ബെർത്ത് ലോട്ടറി ആൻഡ് അദർ സർപ്രൈസസ് എന്ന കഥാസമാഹാരം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്. റോക്ക് സംഗീതം, തിരക്കഥ തുടങ്ങിയ മേഖലകളിലും കരുണതിലകെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ബുക്കർ പുരസ്‌കാരം നേടിയ ദി സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ 2022 ആഗസ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. തമിഴ് പുലികളുടെ കാലത്ത് ശ്രീലങ്കയിൽ മൂന്ന് ദശാബ്ദക്കാലത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളെ അക്ഷരങ്ങളിലൂടെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുകയാണ് ഈ നോവൽ. ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം രാഷ്ട്രത്തിനേൽപ്പിച്ച തീരാമുറിവുകൾ പരിശോധിക്കുന്ന നോവലിലെ കേന്ദ്രകഥാപാത്രം അൽമേയ്ദ കൊളംബോയിലെ ഫോട്ടോഗ്രാഫറാണ്. പരലോകത്തെ ഒരു ഓഫിസിൽ അയാളുടെ ആത്മാവ് ഉണർന്നെഴുന്നേൽക്കുകയാണ്. തന്റെ ശവശരീരം കൊളംബോയിലെ ഒരു തടാകത്തിൽ കൊണ്ടിട്ടിരിക്കുകയാണെന്ന് അൽമേയ്ദ മനസ്സിലാക്കുന്നു. പക്ഷേ ആരാണ് തന്നെ കൊന്നതെന്നോ, എന്തിനാണ് അത് ചെയ്തതെന്നോ അയാൾക്ക് മനസ്സിലാകുന്നില്ല. തന്റെ മരണത്തിന്റെ ദുരൂഹത കണ്ടെത്താനാണ് പിന്നീട് അൽമേയ്ദയുടെ ശ്രമം. തന്റെ കൈയിലുള്ള സ്ഫോടനാത്മകമായ ചില ഫോട്ടോകൾക്കുവേണ്ടിയാണ് തന്നെ കൊലപ്പെടുത്തിയതെന്ന് അയാൾ മനസ്സിലാക്കുന്നു. അതിനെത്തുടർന്ന് പരലോകത്ത് തനിക്ക് അനുവദിക്കപ്പെട്ട ഏഴ് ദിവസങ്ങൾ ഇഹലോക ജീവിതത്തിന്റെ പൊരുളുകൾ തേടി നടക്കുകയാണ് അയാൾ. ആ യാത്രയിൽ ആഭ്യന്തരയുദ്ധത്തിൽ മാരകമായി മുറിവേറ്റവരും കൈകാലുകളറ്റവരുമായി നിരവധി ഹതഭാഗ്യരെ അയാൾ കാണുന്നു. അതിനിടയിൽ താൻ ഒളിപ്പിച്ചുവെച്ച ഫോട്ടോകൾ തന്റെ കൂട്ടുകാർക്ക് കൈമാറാനും അവ ലോകമെങ്ങും പ്രചരിപ്പിക്കുവാൻ അവരോട് ആവശ്യപ്പെടാനും അയാൾ മറക്കുന്നില്ല.

1980 കളിലെ ശ്രീലങ്കയുടെ സാമൂഹിക രാഷ്ട്രീയ ചിത്രങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ. തമിഴ് പുലികളുടെ കാലത്തു തുടങ്ങിയ രക്തരൂഷിതമായ ആഭ്യന്തരയുദ്ധം മൂന്ന് പതിറ്റാണ്ടോളമാണ് ശ്രീലങ്കയെ അക്ഷരാർഥത്തിൽ ശ്വാസം മുട്ടിച്ചത്. 2009 ൽ യുദ്ധം അവസാനിച്ചു കഴിഞ്ഞ ഘട്ടത്തിലാണ് അതിനെക്കുറിച്ച് എഴുതുവാൻ കരുണതിലകെ തീരുമാനിക്കുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവർ എഴുന്നേറ്റുവന്നു സംസാരിക്കുമെങ്കിൽ യുദ്ധത്തിന്റെ ഭീകരതകളെ അവർ എങ്ങനെ വർണിക്കുമായിരുന്നു എന്നു സങ്കൽപ്പിച്ചപ്പോൾ ആ വിഷയത്തെ അധികരിച്ച് ഒരു പ്രേതകഥ എഴുതാനാണ് ആദ്യം അദ്ദേഹം തുനിഞ്ഞത്. 2014 ൽ എഴുതിത്തുടങ്ങിയെങ്കിലും വർഷങ്ങൾകൊണ്ട് അതൊരു നോവലായി പരിണമിക്കുകയായിരുന്നു. കറകളഞ്ഞ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യനോവൽ എന്ന ഗണത്തിലാണ് നിരൂപകർ ഈ നോവലിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

മാജിക്കൽ റിയലിസത്തിന്റെ കടുത്ത വർണങ്ങളിൽ എഴുതപ്പെട്ട നോവലാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ. ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളെ ഹാസവും വിഷാദവും ചേർന്ന് തീക്ഷ്ണമാക്കുന്ന രചനാതന്ത്രമാണ് നോവലിന്റെ ആഖ്യാനപരമായ പ്രധാന സവിശേഷത. തന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായൊരു കാലഘട്ടത്തോട് ഒരു യഥാർഥ കലാകാരന് അനുയോജ്യമാം വിധം നീതി പുലർത്തുന്ന രചന എന്നാണ് തോമിവ ഒവലാദേ എന്ന നിരൂപകൻ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. പുരസ്‌കാര നിർണയസമിതി ചെയർമാൻ നീൽ ഗ്രിഗോർ പറയുന്നു. “ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെ ലോകത്തിന്റെ ഇരുൾപ്പരപ്പിലേക്ക് വായനക്കാരെ ഒരു സാഹസിക യാത്രയിലെന്നപോലെ കൊണ്ടുപോകുന്നു ഈ നോവൽ. വായനക്കാർ അവിടെ ആഹ്ലാദവും വിസ്മയവും ആർദ്രതയും സ്നേഹവും വിശ്വസ്തതയും അനുഭവിക്കുന്നു.” ജൂറി അംഗങ്ങൾ ഏകകണ്ഠമായി തിരഞ്ഞെടുത്ത ഈ നോവൽ അതിലെ ഭാഷയുടെ വശ്യതയും ആഖ്യാനത്തിന്റെ ആർജവവും കൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ബുക്കർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ശ്രീലങ്കൻ വംശജനാണ് കരുണതിലകെ. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതി വർണശബളമായ ചടങ്ങിൽ വെച്ച് ബുക്കർ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഷഹാൻ കരുണതിലകെ ഇങ്ങനെ പറഞ്ഞു. “ഈ നോവൽ എന്റെ രാജ്യത്തെ വായനക്കാർ നെഞ്ചോട് ചേർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഭാവിയിൽ, വെറുമൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ രചന എന്ന നിലയിൽ നിന്നും തികഞ്ഞ ഒരു ഫാന്റസിയായി ഈ നോവൽ പരിഗണിക്കപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു.’