Connect with us

അതിഥി വായന

അനന്തതയിലേക്കൊരു വായന

Published

|

Last Updated

രഹസ്യ വനങ്ങളിൽ പൂത്ത ഒറ്റമരം എന്ന രതീഷ് ഇളമാടിന്റെ പഠനഗ്രന്ഥം മലയാള സാഹിത്യനിരൂപണശാഖയിലൊരു പുതു മാനദണ്ഡം സൃഷ്ടിക്കുന്നു. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇനിയും വായിക്കേണ്ടതുണ്ടോ? സമൂഹമെന്നാൽ ഒറ്റക്കെട്ടെന്ന കാഴ്ചപ്പാടിന് വിപരീതമാകും വിധം ആശയപരമായി ഓരോ മനുഷ്യരും വ്യത്യസ്തരാണെന്ന നേർചിന്തയെ അത്യന്താപേക്ഷിതമായൊരു ചോദ്യത്തിനു വിധേയമാക്കുകയാണ് ലേഖകൻ.ആത്മകഥകൾ ആത്മപ്രശംസകളായി ചുരുങ്ങുന്നതിലും ഭേദം സമൂഹത്തിനതൊരു അനിവാര്യ പാഠമാകട്ടെ.

പ്രശസ്ത കവയിത്രി സുഗതകുമാരിയിലൂടെ ഭക്ത മീരയിലേക്കും കൃഷ്ണന്റെ അരുമസഖി രാധയിലേക്കും മാധവിക്കുട്ടിയിലേക്കും ദൃഷ്ടി പതിപ്പിച്ചു ഉദാത്തപ്രണയം ഭക്തിയാണെന്ന വാദത്തിലേക്കെത്തുന്നു. നിഷേധങ്ങൾ ആദരിക്കപ്പെടുമ്പോൾ, ബ്രാഹ്മണനല്ലായിരുന്നെങ്കിലും സംസ്‌കൃത വേദപാണ്ഡിത്യത്തിൽ കുലപതിയായിരുന്നു എഴുത്തച്ഛൻ. എഴുത്തച്ഛൻ രചനകളിലെ സാമൂഹികബോധം കാവ്യമൂല്യങ്ങൾക്കും സൗന്ദര്യാത്മകതക്കുമപ്പുറം ആദരിക്കപ്പെടുകയായിരുന്നു. സാമൂഹിക നിഷേധത്തിന്റെ ശബ്ദമെന്നു എഴുത്തച്ഛനെ പരാമർശിക്കുമ്പോൾ ജനകീയ കവിയെന്ന നിലയിലേക്ക് അദ്ദേഹം വളർച്ച പ്രാപിക്കാനുണ്ടായ ചരിത്രവും വ്യക്തം. മലയാള ഭാഷയുടെ വികാസം സാമൂഹിക സാംസ്‌കാരിക വിഷയങ്ങളോടും സാഹിത്യത്തോടും ഏതു വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നുകൂടി ചേർത്തു വായിക്കാം.

തുടർക്കാലങ്ങളിൽ പൊൻകുന്നം വർക്കിയുടെ രചനാ വൈഭവത്തിലെ ശക്തമായ പരിഹാസ ശബ്ദവും 2020ൽ സക്കറിയക്ക് എഴുത്തച്ഛൻ പുരസ്‌കാരം നൽകാനുണ്ടായ കാരണങ്ങളിലേക്കും പഠനം എത്തിപ്പെടുന്നു. മതാത്മകമായി സൃഷ്ടിക്കപ്പെട്ട ആത്മീയ നൈതികതയുടെ ശോഷണം സംഭവിച്ച സാമൂഹിക ജീവിത വൃത്തികളെ സക്കറിയ തന്റെ കഥകളിലൂടെ നിരന്തരം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ രചനകളിലെ പരിഹാസ തീവ്രത, പിന്നോട്ടു ചിന്തിക്കുമ്പോൾ ഭൂതകാലത്തിലെ നിഷേധ ശബ്ദങ്ങളുടെ പിന്തുടർച്ചയാകാം.

രഹസ്യ വനങ്ങളിൽ പൂത്ത ഒറ്റമരം, പദങ്ങൾക്കിടയിലുള്ള സ്ഥലമാണ് കവിതയെന്നു മെക്‌സിക്കൻ കവി ഒക്ടോവിയോ പാസ് കവിതയെ നിർവചിക്കുന്നുവെന്നു രതീഷ് അവകാശപ്പെടുമ്പോൾ അതിൽ പുതുകവിതയുടെ സൗന്ദര്യാത്മകത വെറും വാക്കുകളല്ല, മറിച്ചു വികാരതീവ്രതകളാൽ വീർപ്പുമുട്ടി ജനിച്ചുവീഴുന്ന കവിയുടെ ആത്മരതിയാണ്. രഹസ്യവനങ്ങളിൽ പൂത്ത ഒറ്റമരം, ഒറ്റപ്പെടലുകളുടെ ഏകാന്തത വഹിക്കുന്ന കവിഹൃദയവും ആത്മസാക്ഷാത്കാരത്തിന്റെ പ്രത്യുത്പാദനവും ആത്മാസക്തിയുമായ സൗന്ദര്യവതിയായ കവിതയുമാകുന്നു.
ഒരു കാളപ്പോരുകാരന്റെ ആത്മകഥ, കെ പി അപ്പന്റെ വായനകൾ, സാഹിത്യസിദ്ധാന്തങ്ങൾ, നിരൂപണ സങ്കൽപ്പങ്ങൾ നിർദേശങ്ങൾ തുടങ്ങിയവ, സാഹിത്യ വളർച്ചയുടെ ദിശാബോധത്തെ ഏത് രീതിയിലുയർത്തി, സാഹിത്യ പ്രചോദനത്തിൽ കെ പി അപ്പനെന്ന മഹത് വ്യക്തി പതിപ്പിച്ച പങ്ക് സുപ്രധാനം. വ്യക്തികളല്ല ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. കെ പി അപ്പന്റെ നിലപാട് ഇളമാടും പരാമർശിക്കുന്നു. ആത്മാവിൽ ഒരു വയലാർ, ആത്മാവിൽ പതിഞ്ഞു കാലാതീതമായി സാധാരണക്കാരന്റെ ജീവിതപരിസരങ്ങൾ നിറഞ്ഞുനിന്ന ശ്രേഷ്ഠകവി വയലാറിന്റെ രചനാവൈഭവം. ഹ്യൂമാനിസ്റ്റ് ചിന്താഗതികളുടെ പ്രവാഹമാകുന്ന കവിതകൾ ഇന്നും മരണത്തിനു വിധേയപ്പെടാതെ സാധാരണക്കാരന്റെ ചിന്തകളിലേക്കാളിപ്പടരുന്നു. വയലാർ ഒരു പാഠമാകട്ടെ. സാഹിത്യത്തിന്റെ വളർച്ച സമൂഹത്തിന്റെതും സമൂഹത്തിന്റെ വളർച്ച സാഹിത്യത്തിന്റെതുമാണ്. ഉൾസത്ത ചോരാതെ മറ്റു കൃതികളിലേക്കും നിരൂപകൻ സസൂക്ഷ്മം സഞ്ചരിക്കുന്നു. പ്രസാധകർ കറന്റ് ബുക്സ്. വില 140 രൂപ.

പ്രീദു രാജേഷ്
topreedu111@gmail.com

Latest