Connect with us

Prathivaram

പകരക്കാരില്ലാത്ത പോഷക വിസ്മയം

നമ്മുടെ തൊടിയിൽ പോഷകത്തിന്റെ നിറകുംഭങ്ങളായ ഇലക്കറികൾ ധാരാളമുണ്ട്. ഇത്തരം നാടൻ ഇലക്കറികൾക്ക് അധികം പരിപാലനമോ വളപ്രയോഗങ്ങളോ ആവശ്യമില്ല. കടകളിൽ ദിവസങ്ങളോളം വാടാതെ, മരുന്നടിച്ചു സൂക്ഷിക്കുന്ന പച്ചക്കറികൾ വാങ്ങും മുന്പ് നമ്മുടെ വീട്ടുവളപ്പിൽ അനായാസം ലഭിക്കുന്ന ചുവന്ന ചീര, തകരയില, മത്തനില, പയറില, മധുരച്ചീര, മുരിങ്ങയില, തഴുതാമയില, ചേമ്പില, കോവക്കയില എന്നിവയെ ഒന്നോർത്തു നോക്കാം.

Published

|

Last Updated

“ചോരക്ക് ചീര’ എന്ന ചൊല്ല് കേൾക്കാത്തവരുണ്ടാകില്ല. എങ്കിലുംഅത് വെറുമൊരു പഴമൊഴി മാത്രമായി ഒതുക്കിക്കളയുകയാണ് നമ്മളിൽ പലരും. ഇലക്കറികൾ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രോഗ പ്രതിരോധ ശേഷിയും കൂടുതലായിരുന്നു.

രുചിയുടെ വകഭേദങ്ങൾ തേടിയുള്ള അലച്ചിലിൽ എവിടെയാണ് നമ്മൾ ഇലക്കറികളുടെ പ്രാധാന്യം മറന്നത്?

ആരോഗ്യത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും ഫാസ്റ്റ് ഫുഡുകൾക്ക് നമ്മൾ വഴിമാറിയതിന്റെ കാരണം സമയക്കുറവും രുചിയുടെ മായാജാലവും തന്നെയാണ്. അതിന്റെ ഫലമാണ് ഇന്ന് പെരുകിക്കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങൾ.

നമ്മുടെ തൊടിയിലും പറമ്പിലും പോഷകത്തിന്റെ നിറകുംഭങ്ങളായ ഇലക്കറികൾ ധാരാളമുണ്ട്. ഇത്തരം നാടൻ ഇലക്കറികൾക്ക് അധികം പരിപാലനമോ വള പ്രയോഗങ്ങളോ ആവശ്യമില്ല. കടകളിൽ ദിവസങ്ങളോളം വാടാതെ, മരുന്നടിച്ചു സൂക്ഷിക്കുന്ന പച്ചക്കറികൾ വാങ്ങും മുന്പ് നമ്മുടെ വീട്ടുവളപ്പിൽ അനായാസം ലഭിക്കുന്ന ചുവന്ന ചീര, തകരയില, മത്തനില, പയറില, മധുരച്ചീര, മുരിങ്ങയില, തഴുതാമയില, ചേമ്പില, കോവക്കയില എന്നിവയെ ഒന്നോർത്തു നോക്കാം.അടുക്കള മുറ്റത്തും വേലിപ്പടർപ്പിലും തഴച്ചു വളരുന്ന ഭക്ഷ്യയോഗ്യമായ ഇലക്കറികളിൽ ജീവകങ്ങളുടെ സമൃദ്ധമായ സംഭരണമുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ ബി1, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി5, വിറ്റാമിൻ ബി 6 എന്നീ ജീവകങ്ങളാൽ സമ്പുഷ്ടമാണ് ഇലക്കറികൾ.ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനെ മനുഷ്യശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു.

ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ ശേഷി, കോശ വളർച്ച എന്നിവക്ക് വിറ്റാമിൻ എ പ്രധാനമാണ്. ബീറ്റാകരോട്ടിന് നമ്മുടെ ചർമത്തിന് തിളക്കം നൽകാനും സ്വാഭാവിക സൺ സ്‌ക്രീനായി പ്രവർത്തിക്കാനും കഴിയുന്നു. ഇത് ചർമത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന്‌ സംരക്ഷിക്കുന്നു.വിറ്റാമിൻ കെ ശരീരത്തിലുണ്ടാകുന്ന വീക്കം കുറക്കാനും പ്രമേഹത്തെ ചെറുക്കാനും ധമനികളിൽ അടിയുന്ന കൊഴുപ്പ് കുറക്കാനും ഓസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങളിൽ നിന്ന് എല്ലുകളെ സംരക്ഷിക്കാനും സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും അമിത രക്തസ്രാവം തടയുന്നതിനും വിറ്റാമിൻ കെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.വിറ്റാമിൻ സിയുടെ നല്ലൊരു സ്രോതസ്സ് ആണ് ഇലക്കറികൾ.

കൊളാജന്റെ രൂപവത്കരണം, ഇരുമ്പിന്റെ ആഗിരണം, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ, മുറിവ് ഉണക്കൽ, തരുണാസ്ഥി,  എല്ലുകൾ, പല്ലുകൾ എന്നിവയുടെ പരിപാലനം ഉൾപ്പെടെ നിരവധി ശരീരിക പ്രവർത്തനങ്ങളിൽ വിറ്റാമിൻ സി ഉൾപ്പെടുന്നുണ്ട്.ഇലക്കറികളിൽ ഉയർന്ന അളവിൽ ഫോളേറ്റ് (B9)അടങ്ങിയിട്ടുണ്ട്. ബി വിറ്റാമിനുകൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ (മസ്തിഷ്‌കത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്‌ സന്ദേശങ്ങൾ കൈമാറുന്ന രാസവസ്തുക്കൾ) ഉത്പാദനം സുഗമമാക്കുന്നു.ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ് ഇലക്കറികൾ.നമ്മുടെ പേശികളിലേക്കും തലച്ചോറിലേക്കും ഓക്‌സിജൻ എത്തിക്കുന്നതിന്‌ സഹായിക്കുന്നത് ഇരുമ്പാണ്.

നിത്യഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ നിർമിക്കാൻ കഴിയില്ല. ചുവന്ന രക്താണുക്കളുടെ അഭാവം ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ അഥവാ വിളർച്ചയിലേക്ക്‌ നമ്മെ നയിക്കുന്നു.ചീര പോലെയുള്ള ഇലക്കറികളിൽ മഗ്‌നീഷ്യം ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. സുസ്ഥിരമായ ഹൃദയതാളം, പേശികളുടെ സങ്കോചം പോലെയുള്ള ശരീരത്തിന്റെ സാധാരണമായ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നതിൽ മഗ്‌നിഷ്യം പ്രധാന പങ്ക് വഹിക്കുന്നു.കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ വളർച്ചക്കും ബലം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.  ആരോഗ്യകരമായ കോശങ്ങളുടെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകം കൂടിയാണിത്.

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണക്കുന്നതിനും രക്തസമ്മർദം, ഹോർമോണുകളുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും കോശങ്ങൾ തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കുന്നതിനും ശരീരത്തിന് കാൽസ്യം ആവശ്യമാണ്.കോശവിഭജനം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, മുറിവ് ഉണക്കൽ എന്നീ ശാരീരിക പ്രവർത്തനത്തിൽ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു.ഇലക്കറികളിൽ പൊട്ടാസിയം ധാരാളമായിഅടങ്ങിയിട്ടുണ്ട്. രക്തസമ്മർദം, ഹൃദയതാളം,ശരീരത്തിലെ ജലത്തിന്റെ അളവ് എന്നിവ കൃത്യമായി നിലനിർത്താനും സ്‌ട്രോക്ക്, ഓസ്റ്റിയോപൊറോസിസ്, കിഡ്‌നി കല്ലുകൾ എന്നിവ തടയാനും പൊട്ടാസിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും രൂപവത്കരണത്തിലാണ് ഫോസ്ഫറസിന്റെ പ്രധാന പങ്ക്.ശരീര ഭാരം കുറക്കാനുള്ള ഭക്ഷണക്രമത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നതിന്റെ കാരണം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയിൽ കലോറി വളരെ കുറവും പോഷകങ്ങളാൽ സമ്പന്നമായതിനാലുമാണ്.ആരോഗ്യമുള്ള ഹൃദയത്തിന് ഇലക്കറികൾ നല്ലതാണ്. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതൽ ഉത്തമം. അമിതമായ രക്തസമ്മർദം കുറക്കാനും ഹൃദയ ധമനികൾക്ക് സംരക്ഷണം നൽകാനും പച്ച നിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു.ഇലക്കറികളിലെ ഇനോർഗാനിക് നൈട്രേറ്റിന്റെ സാന്നിധ്യം കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന “ഫാറ്റി ലിവർ’ എന്ന രോഗത്തിന്റെ സാധ്യത കുറക്കുന്നു.

നാരുകളാൽ സമൃദ്ധമാണ് ഇലക്കറികൾ. ഇത് കുടലിന്റെ സങ്കോചത്തെ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രമേഹത്തെ ചെറുക്കാൻ നാരുകൾ അടങ്ങിയ ഇലക്കറികൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾക്ക്‌ കോശ നശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയുന്നു.പകരക്കാരില്ലാത്ത പോഷക വിസ്മയമായി ഇലക്കറികളെ പരിഗണിക്കുമ്പോഴും അമിതമായി കഴിക്കുന്ന ഏതൊരു ഭക്ഷണവും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതും കൂടി ഓർമപ്പെടുത്തുന്നു.

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം, കേരള

Latest