International
അമേരിക്കയില്‍ ഗുജറാത്ത് സ്വദേശി കുടുംബാഗങ്ങളെ വെടിവെച്ച് കൊന്നു
മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയുമാണ് വീടിനകത്തു വെച്ച് ഓം ബ്രഹ്മഭട്ട് (23) എന്ന യുവാവ് കൊലപ്പെടുത്തിയത്.
ന്യൂയോര്‍ക്ക് | അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ ഗുജറാത്ത് സ്വദേശി കുടുംബാഗങ്ങളെ വെടിവെച്ച് കൊന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയുമാണ് വീടിനകത്തു വെച്ച് ഓം ബ്രഹ്മഭട്ട് (23) എന്ന യുവാവ് കൊലപ്പെടുത്തിയത്.
മുത്തച്ഛന്‍ ദിലീപ് കുമാര്‍ ബ്രഹ്മഭട്ട് (72), മുത്തശ്ശി ബിന്ദു, അമ്മാവന്‍ യഷ്‌കുമാര്‍ (38) എന്നിവരാണ് യുവാവിന്റെ ക്രൂരതക്കിരയായത്. പ്രതി ഓം ബ്രഹ്മട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടക്കൊലക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് കൂട്ടക്കൊല നടന്ന വിവരം പുറത്തറിയുന്നത്.
നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണില്‍ പോലീസ് സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാര്‍ ബ്രഹ്മഭട്ട് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആനന്ദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. മകന്‍ യാഷിനൊപ്പം താമസിക്കാന്‍ അടുത്തിടെയാണ് ഇദ്ദേഹവും ഭാര്യും യു എസിലെത്തിയത്.
18 മാസം മുമ്പാണ് ഓം ബ്രഹ്മഭട്ട് യു എസിലേക്ക് താമസം മാറിയതെന്ന് ആനന്ദിലെ ബ്രഹ്മഭട്ട് കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. മുത്തച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഓം ഉപരിപഠനത്തിനായി യു എസിലേക്ക് പോയതെന്നും സൂചനയുണ്ട്.