Connect with us

Kerala

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഇടതു മുന്നണി നയത്തിനെതിരായ നീക്കം

അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ ആശങ്കയിലാക്കുന്ന നടപടി തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഇടതു യുവജന സംഘടനകള്‍ തന്നെ രംഗത്ത്

Published

|

Last Updated

കോഴിക്കോട് | പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് സംസ്ഥാന സര്‍വീസില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള മുന്നോടിയാണെന്നു വിലയിരുത്തല്‍. പെന്‍ഷന്‍ പ്രായം സംബന്ധിച്ച ഇടതുമുന്നണിയുടെ പൊതു നിലപാടിനെതിരായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് ഇടതു യുവജന സംഘടനകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു യുവജന സംഘടനകള്‍ രംഗത്തിറങ്ങി. ഭരണ പക്ഷത്തുള്ള ഡി വൈ എഫ് ഐയും എ ഐ വൈ എഫും സര്‍ക്കാര്‍ ഉത്തരവിനെതിരെ രംഗത്തുവന്നതോടെ സര്‍ക്കാറിനു നീക്കത്തില്‍ നിന്നു പിന്‍തിരിയേണ്ടിവരും.

ശമ്പള പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മോഹന്‍ദാസ് കമ്മിഷന്‍ നേരത്തെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കാനായിരുന്നു ശുപാര്‍ശ. യുവജന സംഘടനകളുടെ പ്രകഷോഭത്തെ ഭയന്നാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കം നടത്താതിരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ ഇടതു മുന്നണിയില്‍ അഭിപ്രായ ഏകീകരണം ഉണ്ടായിട്ടില്ലെന്നാണു വ്യക്തമാകുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിരമിക്കല്‍ പ്രായമായതിനാലാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കാന്‍ തീരുമാനിച്ചതെന്നാണു ധനവകുപ്പിന്റെ വിശദീകരണം. കെഎസ്ഇബി, ജല അതോറിറ്റി, കെഎസ്ആര്‍ടിസി എന്നീ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം തല്‍ക്കാലം വര്‍ധിപ്പിച്ചിരുന്നില്ല. ഈ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഇപ്പോള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറു ധനകാര്യ കോര്‍പറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഈ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഒറ്റടയടിക്ക് ഉയര്‍ത്തിയതു തുടര്‍ന്നു സര്‍ക്കാര്‍ സര്‍വീസിലേക്കും വ്യാപിക്കാനുള്ള ആദ്യ ചുവടാണെന്നാണു യുവജന സംഘടനകള്‍ വിലയിരുത്തുന്നത്.

അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ ആശങ്കയിലാക്കുന്ന നടപടി തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഇടതു യുവജന സംഘടനകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് എങ്ങിനെയാണെന്ന ചോദ്യവും ഉയരുന്നുണ്ട്.