congress
കോണ്‍ഗ്രസ്സില്‍ കെ സുധാകരനെതിരായ നീക്കം കനക്കുന്നു
രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍

കോഴിക്കോട് | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായി കോണ്‍ഗ്രസ്സില്‍ നീക്കം കനക്കുന്നു.
ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയെ കേഡര്‍ പാര്‍ട്ടിയാക്കുമെന്നു പ്രഖ്യാപിച്ചു പ്രസിഡന്റ് പദം ഏറ്റെടുത്ത കെ സുധാകരരന്‍-വി ഡി സതീശന്‍ നേതൃത്വം പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു മുന്നോട്ടു പോകുന്നതായി ആരോപിച്ചതാണ് നേതൃത്വത്തിനെതിരായ ശബ്ദം കനക്കുന്നത്.
കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം എം കെ രാഘവന്‍ എം പി പരസ്യമായ വിമര്‍ശനം ഉയര്‍ത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. എം കെ രാഘവന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നു ചൂണ്ടിക്കാട്ടി പിന്‍തുണയുമായി കെ മുരളീധരന്‍ രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ പൊതു വികാരമാണു പ്രകടമായത്. എം കെ രാഘവനോടു വിശദീകരണം ആവശ്യപ്പെട്ടു പരസ്യമായ ശബ്ദങ്ങളെ അടക്കാനാണു നേതൃത്വം ശ്രമിക്കുന്നത്.
പുനസ്സംംഘടന വൈകുന്നതിലും ചര്‍ച്ചകള്‍ കൂടാതെ പട്ടിക തയ്യാറാക്കിയതിലുമുള്ള രോഷമാണ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ ഉന്നയിച്ചത്. വര്‍ക്കിങ്ങ് പ്രസിഡന്റായ തന്നെ പോലും അറിയിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് കൊടിക്കുന്നിലിന്റെ ആരോപണം.
ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 60 പേരും കെ സുധാകരന്റെയും വി ഡി സതീശന്റെയും സ്വന്തക്കാരാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിയില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. രാജാവ് നഗ്നനാണെന്നു പറയാന്‍ ആരും തയ്യാറാവുന്നില്ലെന്ന് ശക്തമായ വിമര്‍ശനമായിരുന്നു എം കെ രാഘവന്‍ ഉന്നയിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുകയാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.
കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്നു കെ സുധാകരനെ മാറ്റാനുള്ള നീക്കം നേരത്തെ നടന്നിരുന്നെങ്കിലും കേന്ദ്ര നേതൃത്വം നല്‍കിയ ആനുകൂല്യത്തില്‍ അദ്ദേഹം തുടരുകയായിരുന്നു. കെ പി സി സി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഏഴ് എം പി മാര്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു. കെ സുധാകരനെ മാറ്റണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
അന്ന് ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം ഒപ്പിട്ടവരാണ് ഇപ്പോള്‍ പരസ്യമായി രംഗത്തുവന്ന കൊടിക്കുന്നില്‍ സുരേഷും എം കെ രാഘവനും കെ മുരളീധരനും.
സ്വന്തക്കാരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുന്നു എന്നതായിരുന്നില്ല എന്ന് എം പിമാര്‍ പ്രധാന ആരോപണമായി ഉന്നയിച്ചത്. ആര്‍ എസ് എസ് അനുകൂല പ്രസ്താവനകള്‍ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കി എന്നതായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ ആരോപണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.
സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി എം പിമാര്‍ നേരത്തെ രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എന്നിവരേയും കണ്ടിരുന്നു.
സുധാരന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമായപ്പോള്‍ അദ്ദേഹം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു എന്ന ആരോപണത്തെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്ലീനറി സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സുധാരന്റെ നേതൃത്വം വലിയൊരു വിഭാഗത്തെ അകറ്റി നിര്‍ത്തുകയാണെന്ന ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. മുന്‍ കെ പി സി സി പ്രസിഡന്റുമാരെ ഒരു പ്രവര്‍ത്തനത്തിലും സഹകരിപ്പിക്കുന്നില്ലെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
സുധാകരനെതിരായ നീക്കങ്ങള്‍ നേരത്തെ സജീവമായ ഘട്ടത്തില്‍ എ കെ ആന്റണി സുധാകരന്റെ രക്ഷക്കെത്തിയിരുന്നു. സി പി എമ്മിനെ നേരിടാന്‍ സുധാകരനെ പോലൊരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇല്ലെന്ന നിലപാടായിരുന്നു എ കെ ആന്റണിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആന്റണിയും ഇപ്പോഴത്തെ സുധാകരന്റെ പോക്കില്‍ അതൃപ്തനാണ്.
ശശി തരൂരിന്റെ നേതൃത്വത്തില്‍ നേതൃത്വം പിടിക്കാന്‍ നടന്ന നീക്കങ്ങള്‍ക്കു പിന്നില്‍ സുധാകരന്‍- വി ഡി സതീശന്‍ നേതൃത്വത്തോട് എതിര്‍പ്പുള്ള എല്ലാവരും ഉണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്ര അവശേഷിക്കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നോട്ടു പോയാല്‍ കനത്തതിരിച്ചടി നേരിടേണ്ടിവരുമെന്ന സന്ദേശമാണ് കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡിന് ഇപ്പോള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.