Connect with us

anti narcotics

ബഹുജന മുന്നേറ്റം അനിവാര്യമാകുന്നത്‌

അതിശക്തമായ ഒരു ലഹരിമുക്ത പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സര്‍ക്കാറും ബഹുജന സംഘടനകളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ട സന്ദര്‍ഭമാണിത്. കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹിക ഭീഷണികളിലൊന്ന് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുകയും വേണം. ലഹരിക്കെതിരായ ശക്തമായ പ്രതിരോധം മനുഷ്യ രാശിയുടെ ഭാവിയില്‍ താത്പര്യമുള്ള എല്ലാവരുടെയും മുന്‍കൈയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

Published

|

Last Updated

മൂഹത്തെ മാരകമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തെയും അതിനു പിറകിലുള്ള ഡ്രഗ് മാര്‍ക്കറ്റിംഗ് മാഫിയകളെയും വിപുലമായ തലങ്ങളില്‍ പ്രതിരോധിക്കുന്നതിനാവശ്യമായ ബഹുജന ബോധവത്കരണവും ഭരണ നടപടികളും ആരംഭിക്കേണ്ടതുണ്ട്. സ്‌കൂള്‍ കുട്ടികളില്‍ ഉള്‍പ്പെടെ ഒരു ലഹരി സംസ്‌കാരം അപകടരമാം വിധം പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണെന്ന് ഓര്‍മപ്പെടുത്തുന്ന റിപോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വലവീശിപ്പിടിക്കുന്ന മയക്കുമരുന്ന് വിപണന ശൃംഖലകളും ക്രിമിനല്‍ സംഘങ്ങളും കലാലയങ്ങളെ വരെ തങ്ങളുടെ സ്വാധീനത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിനെതിരായ ശക്തമായ പ്രതിരോധം മനുഷ്യ രാശിയുടെ ഭാവിയില്‍ താത്പര്യമുള്ള എല്ലാവരുടെയും മുന്‍കൈയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിശക്തമായ ഒരു ലഹരിമുക്ത പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സര്‍ക്കാറും ബഹുജന സംഘടനകളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ട സന്ദര്‍ഭമാണിത്.

കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹിക ഭീഷണികളിലൊന്ന് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുകയും വേണം. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. മുമ്പ് വന്‍കിട നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. വന്‍കിട മയക്കുമരുന്ന് മാഫിയകള്‍ കേരളത്തെ ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹികാഘാതവും വളരെ ഭീകരമാണ്. നേരത്തേ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കില്‍ സിന്തറ്റിക് – രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോഴുള്ള വലിയ ഭീഷണി. എം ഡി എം എ (മെത്തലീന്‍ ഡയോക്സി മെത്താംഫിറ്റമിന്‍), ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പ്, നൈട്രോസെപാം ടാബ്ലെറ്റ്, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ഹെറോയിന്‍, കഞ്ചാവ് എന്നിവയാണ് കേരളത്തില്‍ പ്രധാനമായും എക്‌സൈസും പോലീസും പിടികൂടുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികളും പാനീയങ്ങളും ഐസ്‌ക്രീമും ലഹരി ഗുളികകളും വ്യാപകമാണ്. ഉറക്ക ഗുളികകളും വേദന സംഹാരിയും ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നു. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറുകച്ചവടക്കാരും മറ്റും ഇത്തരം ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരായി മാറുന്നുണ്ട്. സിന്തറ്റിക് – രാസലഹരി വസ്തുക്കള്‍ പ്രധാനമായും അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ എത്തിക്കുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളും വ്യാപകമാണ്.

ലഹരി ഉപയോഗം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. നാടിനെയാകെ അണിനിരത്തിയുള്ള പ്രവര്‍ത്തനത്തിന് പ്രതിപക്ഷവും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എക്‌സൈസ്, പോലീസ് വകുപ്പുകളുടെ പരിശ്രമത്തിന്റെ ഫലമായി ലഹരി വസ്തുക്കള്‍ പിടിക്കുന്നത് കൂടിയിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുന്നു. ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബേങ്ക് തയ്യാറാക്കും. അതിര്‍ത്തികളില്‍ ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും പരിശോധന ശക്തമാക്കും. വിവിധ ജനവിഭാഗങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ലഹരി വിപത്ത് തടയാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. യുവജനങ്ങള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, റസിഡന്റ്സ് അസ്സോസിയേഷനുകള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകള്‍ തുടങ്ങിയവരെ ഇതില്‍ കണ്ണിചേര്‍ക്കും. ഗാന്ധിജയന്തി ആഘോഷങ്ങള്‍ ലഹരിവിരുദ്ധ ക്യാമ്പയിനായി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വതലങ്ങളിലും മയക്കുമരുന്നിനെതിരായ അവബോധം വളര്‍ത്തുന്ന ശാസ്ത്രീയമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.

സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പോലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണ്. ലഹരി വില്‍പ്പന സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചാല്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ലഹരി മാഫിയകളെ അറിഞ്ഞോ അറിയാതെയോ സഹായിക്കുന്നുവെന്ന പരാതി അസ്ഥാനത്തല്ല. വിവരം നല്‍കുന്നവരുടെ വിശദാംശം ലഹരി മാഫിയക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വകുപ്പ് മേധാവികള്‍ തയ്യാറാകണം. പൊതുജനങ്ങളും എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഒരുപരിധി വരെ സമൂഹത്തെ ലഹരിമുക്തമാക്കാന്‍ കഴിയും.

കര്‍ശനമായ നിയമ നടപടി കൊണ്ടേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇച്ഛാശക്തിയോടു കൂടിയുള്ള ഇടപെടലാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 1988ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസ്സാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വേണ്ടതുണ്ട്. നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ ഇത് ചേര്‍ക്കേണ്ടതുണ്ട്. ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ കൂടി ഇനി മുതല്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്‍ ഡി പി എസ് നിയമത്തിലെ 31, 31 എ പ്രകാരം ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ കഴിയണം. അതോടൊപ്പം കുറ്റവാളികളില്‍ നിന്ന് ഇനി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാന്‍ സാധിക്കും. ബോണ്ട് വാങ്ങുന്നതിന് എന്‍ ഡി പി എസ് നിയമത്തില്‍ 34ാം വകുപ്പ് അധികാരം നല്‍കുന്നുണ്ട്. പക്ഷേ അത് സാര്‍വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ് എച്ച് ഒമാരും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്. കാപ്പാ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഡാറ്റാ ബേങ്ക് തയ്യാറാക്കണം. നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി/എ സി പിയുടെ നേതൃത്വത്തില്‍ ഈ ഡാറ്റാ ബേങ്ക് തയ്യാറാക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഈ രീതിയിലുള്ള ചില കര്‍ശന നടപടികള്‍ കൊണ്ട് മാത്രം ലഹരിവ്യാപനം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേര്‍ന്ന് കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. ലഹരിക്കെതിരായ പോരാട്ടം ജനകീയ അവബോധ ക്യാമ്പയിനായി സംഘടിപ്പിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ സഹായകമാകും വിധം പ്രവര്‍ത്തനപദ്ധതി തയ്യാറാക്കണം. വിവിധ പ്രാദേശിക കൂട്ടായ്മകളെ ഈ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കണം.

Latest