Connect with us

National

പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ വിശാല യോഗം വിളിക്കണം: മമത

ബി ജെ പി വിരുദ്ധ കക്ഷികളുടെ വിശാല സഖ്യം രൂപവത്ക്കരിക്കുന്നതില്‍ പ്രതിപക്ഷത്ത് അസ്വാരസ്യങ്ങളൊന്നുമില്ല. ജനങ്ങളും ബി ജെ പിയും തമ്മിലുള്ള മത്സരമാണ് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നത്.

Published

|

Last Updated

പാറ്റ്‌ന | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളുടെ വിശാല യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഇരു നേതാക്കള്‍ക്കുമൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ശ്ക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു കൂടിക്കാഴ്ച.

ബി ജെ പി വിരുദ്ധ കക്ഷികളുടെ വിശാല സഖ്യം രൂപവത്ക്കരിക്കുന്നതില്‍ പ്രതിപക്ഷത്ത് അസ്വാരസ്യങ്ങളൊന്നുമില്ലെന്നും ജനങ്ങളും ബി ജെ പിയും തമ്മിലുള്ള മത്സരമാണ് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നതെന്നും മമത വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഗോദയില്‍ സമാനമനസ്‌കരായ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് താന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്.

‘നിതിഷ് കുമാറിനോട് ഞാന്‍ ഒരൊറ്റ അപേക്ഷ മാത്രമേ നടത്തിയുള്ളൂ. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനം ബിഹാറില്‍ നിന്നാണ് ആരംഭിച്ചത്. ഉദ്ദേശിക്കുന്ന സര്‍വകക്ഷി യോഗം ബിഹാറില്‍ തന്നെ ചേരാനാകണം. തുടര്‍ച്ച എങ്ങനെ വേണമെന്ന് അതിനു ശേഷം തീരുമാനിക്കാം. എന്നാല്‍, നമ്മള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുകയെന്നതാണ് ആദ്യം വേണ്ടത്. ബി ജെ പിയെ സംപൂജ്യരാക്കുക എന്നതായിരിക്കണം ലക്ഷ്യം. ദിനംപ്രതി പുറപ്പെടുവിക്കുന്ന വ്യാജ വിശദീകരണങ്ങളിലൂടെയും മാധ്യമങ്ങളുടെ സഹായത്തോടെയും അവര്‍ വന്‍ ഹീറോസായി മാറിയിരിക്കുകയാണ്. എന്നാല്‍, ഗുണ്ടായിസം മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം.’

ചിന്ത, കാഴ്ചപ്പാട്, ദൗത്യം എന്നിവ വ്യക്തമാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിതീഷ് കുമാറിന്റെ പാര്‍ട്ടി മുന്നോട്ടു വച്ച ഒരു സീറ്റ്, ഒരു സാരഥി ഫോര്‍മുലയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ മമത പറഞ്ഞു.

Latest