Connect with us

From the print

പാകിസ്താനിലെ ജോലി ഒരാളെ "ശത്രു'വാക്കി മാറ്റില്ല; വസ്തു നികുതി സ്വീകരിക്കണമെന്ന് ഹൈക്കോടതി

ഹരജിക്കാരനെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കാൻ കോടതി ഉത്തരവിടുകയും വസ്തുവിന്റെ അടിസ്ഥാന നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസറോട് നിർദേശിക്കുകയും ചെയ്തു.

Published

|

Last Updated

കൊച്ചി | പാകിസ്താനിൽ ജോലി ചെയ്തതു കൊണ്ട് ഒരാളെ ശത്രുവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഒരാൾ ജോലി അന്വേഷിച്ച് പാകിസ്താനിലേക്ക് പോയതു കൊണ്ട് മാത്രം, 1971ലെ ഡിഫൻസ് ഓഫ് ഇന്ത്യ ചട്ടപ്രകാരം അയാളെ ശത്രുവായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.

ഇന്ത്യൻ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടി വസ്തുവിന്റെ അടിസ്ഥാന നികുതി സ്വീകരിക്കാത്ത വില്ലേജ് ഓഫിസറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ. ഹരജിക്കാരനെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കാൻ കോടതി ഉത്തരവിടുകയും വസ്തുവിന്റെ അടിസ്ഥാന നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസറോട് നിർദേശിക്കുകയും ചെയ്തു.
പാകിസ്താനിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഹരജിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തു “ശത്രുസ്വത്തിൽ’ പെട്ടതാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടിയും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു. ചട്ടപ്രകാരം “ശത്രു’വുമായി വ്യാപാരം നടത്തുന്നതിനോ ഇന്ത്യയുമായി വ്യാപാരം നടത്തുന്ന ഏതെങ്കിലും “ശത്രു സ്ഥാപനത്തിന്റെ’ ഭാഗമാകുന്നതിനോ പരിമിതികളുണ്ട്. ഹരജിക്കാരന്റെ പിതാവ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. പിതാവും പൂർവികരും മലപ്പുറം പരപ്പനങ്ങാടി സ്വദേശികളാണെന്നും പിതാവ് കറാച്ചിയിൽ കുറച്ചുകാലം മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പാകിസ്താൻ പൗരനാണെന്ന് പറഞ്ഞ് പോലീസ് നിരന്തരം വേട്ടയാടുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. പൗരത്വ നിയമപ്രകാരം തന്റെ ദേശീയ പദവി നിർണയിക്കാൻ ഇയാൾ കേന്ദ്ര സർക്കാറിനെ സമീപിച്ചിരുന്നു. പിതാവ് പാകിസ്താൻ പൗരത്വം സ്വമേധയാ നേടിയിട്ടില്ലാത്തതിനാൽ ഹരജിക്കാരൻ ഇന്ത്യൻ പൗരനായി തുടരുമെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്.

1962ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്, 1971ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് എന്നിവയിൽ “ശത്രു’വിന്റെ നിർവചനം കോടതി പിന്നീട് പരിശോധിച്ചു. ഈ രണ്ട് നിയമങ്ങളും “ശത്രു’വിനെ നിർവചിക്കുന്നത് ഇന്ത്യക്കെതിരെ ബാഹ്യ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ്. ഹരജിക്കാരന്റെ പിതാവ് രണ്ട് നിർവചനങ്ങളിലും പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മാത്രമല്ല, ഹരജിക്കാരന്റെ പിതാവ് ഇന്ത്യൻ പൗരനാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ശത്രുവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

---- facebook comment plugin here -----

Latest