Ongoing News
ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് കവര്‍ന്നു; നാടോടിസ്ത്രീകള്‍ അറസ്റ്റില്‍
ആന്ധ്രപ്രദേശ് രാജാപ്പള്ളി സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട | ആറന്മുള ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് കവര്‍ന്ന നാടോടിസ്ത്രീകള്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശ് രാജാപ്പള്ളി സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് അറസ്റ്റിലായത്. രേഖകള്‍ വച്ചിരുന്ന പേഴ്സ് പ്രതികളില്‍ നിന്നും കണ്ടെടുത്തു. വീട്ടമ്മയെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വള്ളസദ്യക്ക് വരിനില്‍ക്കുമ്പോഴാണ് അയിരൂര്‍ കൈതക്കോടി മൂക്കന്നൂര്‍ കുടത്തിനാല്‍ വീട്ടില്‍ അംബികയുടെ തോളില്‍ തൂക്കിയിട്ട ബാഗിന്റെ സിബ് തുറന്ന് 9,200 രൂപയും പഴ്സും മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും തിരിച്ചറിഞ്ഞിട്ടില്ല. മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടില്ല.
കൂട്ടുപ്രതികളുണ്ടോ, ഇതര സംസ്ഥാനക്കാരായ ഇവര്‍ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍, ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ എസ് ഐമാരായ എ അലോഷ്യസ്, ജയന്‍, എസ് സി പി ഒ. നാസര്‍, സി പി ഒമാരായ മുബാറക്, അപര്‍ണ, ബിയാന്‍സ, വിനോദ് എന്നിവരാണുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയത് അന്വേഷണം തുടരും.