Connect with us

Kerala

മകളുടെ വിവാഹത്തിനെത്തിയ പിതാവും മകളും അപകടത്തില്‍ മരിച്ചു

മറ്റൊരു അപകടത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരണം

Published

|

Last Updated

ആലപ്പുഴ | മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരികയായിരുന്ന പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52), വിവാഹം ഉറപ്പിച്ച മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്.

ദേശീയ പാതയില്‍ കരുവാറ്റ കെ വി ജെട്ടി ജങ്ഷനില്‍ ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിടിക്കുകയായിരുന്നു. ആലിയയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് വരുന്ന സത്താറിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂരിലുണ്ടായ മറ്റൊരു അപകടത്തില്‍, ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തൃപ്രയാര്‍ സെന്ററിനടുത്താണ് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. വലപ്പാട് കോതകുളം ബീച്ച് സ്വദേശി ആശീര്‍വാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.

 

Latest