Kerala
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; ഇരുപതുകാരിയായ മാതാവ് അറസ്റ്റില്‍
മല്ലപ്പള്ളി സ്വദേശിനി നീതു ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | തിരുവല്ലയില്‍ നവജാത ശിശുവിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ മാതാവ് അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിനി നീതു (20) ആണ് അറസ്റ്റിലായത്.
അവിവാഹിതയായ നീതു സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. ബന്ധുക്കളില്‍ നിന്നും യുവതി ഇക്കാര്യം മറച്ചുവെച്ചിരുന്നു.
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലുള്ള ബാത്‌റൂമിലെ ക്ലോസറ്റിലായിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ബാത്‌റൂം പരിശോധിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരമറിയുന്നത് .
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. നീതു കുഞ്ഞിനെ മടിയിലിരുത്തി തുടര്‍ച്ചയായി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കാമുകനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.