Connect with us

Articles

ആദര്‍ശ വേദിയിലെ ധീരശബ്ദം

സംവാദങ്ങളിലും ഖണ്ഡനങ്ങളിലും പ്രമുഖ സമ്മേളനങ്ങളിലും ആദര്‍ശ രംഗത്തെ നായകനായി നിലകൊണ്ട പ്രഭാഷകനായിരുന്നു പി കെ എം ബാഖവി. കൊട്ടപ്പുറം സംവാദവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.

Published

|

Last Updated

ദക്ഷിണേന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ ധീര നേതൃത്വമായിരുന്നു പി കെ എം ബാഖവി. 1942ല്‍ ചെട്ട്യാഞ്ഞാറലില്‍ അഹ്‌മദ് കുട്ടി വൈദ്യരുടെ മകനായി അണ്ടോണയില്‍ ജനിച്ച ബാഖവി പോക്കരുട്ടി മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് ദര്‍സ് പഠനം നടത്തി. കണ്ണൂര്‍ മുട്ടം, മാത്തോട്ടം, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായി 1985 വരെ സേവനമനുഷ്ഠിച്ചു. 1985 മുതല്‍ മര്‍കസ് ശരീഅത്ത് കോളജില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചു വരുമ്പോഴായിരുന്നു 1994ല്‍ വിയോഗം.

പാണ്ഡിത്യത്തിന്റെ മികവ് കൊണ്ടും പ്രാസ്ഥാനിക രംഗത്തെ ആത്മാര്‍ഥത കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ അവിഭക്ത സമസ്ത കേന്ദ്ര മുശാവറ അംഗമായ അണ്ടോണ ഉസ്താദ് 1989ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട സമസ്തയില്‍ മുഖ്യ അംഗമായിരുന്നു. 1992ല്‍ ബെംഗളൂരുവില്‍ വെച്ച് രൂപം കൊണ്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
സംവാദങ്ങളിലും ഖണ്ഡനങ്ങളിലും പ്രമുഖ സമ്മേളനങ്ങളിലും ആദര്‍ശ രംഗത്തെ നായകനായി നിലകൊണ്ട പ്രഭാഷകനായിരുന്നു പി കെ എം ബാഖവി. കൊട്ടപ്പുറം സംവാദവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. അണിയറയിലും പണിപ്പുരയിലും വ്യവസ്ഥ തയ്യാറാക്കുന്നതിലും ഇടപെട്ട പി കെ എം ബാഖവി ഒരു ദിവസത്തെ വിഷയാവതരണത്തിനും നേതൃത്വം നല്‍കിയിരുന്നു. സംവാദം നടന്ന മൂന്ന് ദിവസവും കിത്താബുകള്‍ നോക്കുന്നതിലും കാന്തപുരം ഉസ്താദിനെ സഹായിക്കുന്നതിലും അവിടുത്തെ ശിഷ്യന്മാരായ ചെറിയ എ പിയും അണ്ടോണ ഉസ്താദും ഒപ്പം നിന്നത് ഗുരുവര്യന് വലിയ ശക്തിയായി.

പരമ്പരാഗതമായി കേരളത്തിലെത്തിയതും കേരള മുസ്‌ലിംകള്‍ ആചരിച്ചും വിശ്വസിച്ചും വരുന്നതുമായ പാതക്കെതിരെ നിലകൊണ്ട അവാന്തര വിഭാഗങ്ങളെ ഖണ്ഡിക്കുന്നതില്‍ മര്‍ഹൂം പതിയുടെയും ഹസന്‍ മുസ്്ലിയാരുടെയും പാത അദ്ദേഹം പിന്തുടര്‍ന്നു. സലഫി ചിന്താധാര പലതും അറബിയിലായതിനാല്‍ അതിനെതിരെ ശബ്ദിക്കാന്‍ നിരവധി പണ്ഡിതന്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും തബ്‌ലീഗ്, മൗദൂദിസം എന്നിവയുടെ രഹസ്യ അജന്‍ഡകള്‍ ഉറുദുവിലായതിനാല്‍ അവയെ ഖണ്ഡിക്കാന്‍ മറ്റാരുമില്ലായിരുന്നു. രചനാരംഗത്ത് അവരുടെ കൃതികളിലെ അനിസ്‌ലാമിക നീക്കങ്ങളെ തുറന്നു കാണിക്കാന്‍ നൂറുല്‍ ഉലമ എം എ ഉസ്താദും പ്രഭാഷണ രംഗത്ത് അണ്ടോണ ഉസ്താദുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.

ആത്മീയ ചൂഷണം പലപ്പോഴും കേരള ജനത നേരിട്ട വലിയ പ്രതിസന്ധിയാണ്. യഥാര്‍ഥ ത്വരീഖത്തിന്റെ പേരില്‍ പല വ്യാജന്മാരും രംഗത്ത് വന്നപ്പോള്‍ അവരെ ഒറ്റയടിക്ക് തള്ളുന്നതിന് പകരം അവരെ കുറിച്ച് ഗഹനമായി പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കി സമസ്തയിലും പൊതുജനത്തിന് മുന്നിലും സമര്‍ഥിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. വടകര മമ്മദ് ഹാജി, ഹിബത്തുല്ലാഹില്‍ ബുഖാരി, സി എം വലിയ്യുല്ലാഹി, ഇ കെ ഉമറുല്‍ ഖാദിരി, കക്കിടിപ്പുറം, കോട്ടിക്കുളം അബ്ദുല്‍ അസീസ് അല്‍ഖാദിരി തുടങ്ങിയവരുടെ പ്രധാന മുരീദായിരുന്നു.

മുതഅല്ലിമായി മരിക്കണമെന്ന നിയ്യത്തുണ്ടായിരുന്ന പോലെയായിരുന്നു അവിടുത്തെ അവസാന ജീവിതം. ഈജിപ്തില്‍ ഉപരിപഠനത്തിന് അവസരമുണ്ടെന്നറിഞ്ഞതോടെ അതിലൊരിടം പിടിക്കാന്‍ അണ്ടോണ ഉസ്താദിന് ആഗ്രഹം ജനിച്ചു. നഫീസത്ത് ബീവിയെ സന്ദര്‍ശിക്കലായിരുന്നു വലിയ അഭിലാഷം. 1993ല്‍ ഡിസംബറില്‍ കൈറോ അല്‍അസ്ഹറില്‍ ആരംഭിച്ച ഇന്റര്‍നാഷനല്‍ ദഅ്‌വാ പ്രവര്‍ത്തകര്‍ക്കായുള്ള അന്താരാഷ്ട്ര പഠന ക്യാമ്പില്‍ സംബന്ധിച്ചു. കോഴ്‌സ് തീരാറായപ്പോള്‍ രോഗം വന്നു. അവിടുത്തെ ചികിത്സയും പഠനവും കഴിഞ്ഞ് 1994 ഫെബ്രുവരി 24ന് നാട്ടിലേക്ക് തിരിച്ചു, ഇവിടെ ആശുപത്രിയില്‍ അഡ്മിറ്റായി. മൂന്നാം ദിവസം ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു ദറജ ഉയര്‍ത്തട്ടെ.

Latest