Connect with us

Kerala

സംസ്ഥാനത്ത് പോലീസുകാര്‍ക്കെതിരെ 828 ക്രിമിനല്‍ കേസുകള്‍, സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ല; നിയമസഭയില്‍ മുഖ്യമന്ത്രി

പോലീസ് സേനയില്‍ രാഷ്ട്രീയവത്കരണവും ക്രിമിനല്‍ വത്കരണവും അധികമാകുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്.

Published

|

Last Updated

തിരുവനന്തപുരം \  സംസ്ഥാനത്ത് പോലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളില്‍ നിന്നായി എട്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന പോലീസിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.പോലീസ് സേനയില്‍ രാഷ്ട്രീയവത്കരണവും ക്രിമിനല്‍ വത്കരണവും അധികമാകുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണെന്ന് രാജ്യമാകെ അംഗീകരിച്ചതാണ്. ജനശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ല. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പദ്ധതിക്കെതിരെ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടായപ്പോള്‍, ആ നീക്കത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉള്‍പ്പെട്ടപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയി. പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവര്‍ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

Latest