Connect with us

Kerala

മകളെ പീഡിപ്പിച്ചയാൾക്ക് 78 വർഷം കഠിന തടവും പിഴയും

2.75 ലക്ഷം രൂപ പിഴയും ഒടുക്കണം. മദ്യപാനത്തെ തുടർന്ന് ഭാര്യ നേരത്തെ ഒഴിവായിരുന്നു

Published

|

Last Updated

പത്തനംതിട്ട | 13 വയസ്സ്  മാത്രം പ്രായമുള്ള മകളെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 78 വർഷം കഠിന തടവിനും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശിയും 51 വയസ്സുകാരനുമായ പിതാവിനെയാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ  ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.
ഇന്ത്യൻ പീനൽ കോഡ് 376 (3) പോക്സോ ആക്ട് വകുപ്പുകൾ 5 ( | ), 5 (n) , 6 ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലയളവ് മുതൽ സ്വന്തം പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നു. പ്രതിയുടെ മദ്യപാന സ്വഭാവവും തുടർന്നുള്ള ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീടുവിട്ടുപോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനോടും മുത്ത സഹോദരിമാരോടും ഒപ്പം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരിക്കുന്ന വേളകളിലൊക്കെ പിതാവ്   ലൈംഗികാതിക്രമങ്ങൾ നടത്തിയിരുന്നു.ഇതിനിടെ, ഒരു അവധി ദിവസം മകളെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്തപ്പോൾ കവിളിൽ  മുറിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ കവിളിൽ കണ്ട മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി വിവരം ചോദിക്കുകയും ടീച്ചർമാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ക്രൂര പ്രവർത്തികൾ വെളിവായത്.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിയെ ആക്രമിച്ച് പരുക്കേൽപിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൾ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത് പന്തളം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഇ.ഡി ബൈജുവാണ്.
വിസ്താരവേളയിൽ പെൺകുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറിയെങ്കിലും മറ്റ് തെളിവുകളും ബന്ധുക്കളുടെ മൊഴികളും പ്രോസിക്യൂഷന് അനുകൂലമാക്കിയെടുക്കുവാൻ കഴിഞ്ഞു. വിധി പ്രസ്താവിച്ച വേളയിൽ ഇന്ത്യൻ പീനൽ കോഡ് 376 (3) ഒഴികെയുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ പ്രതിയക്ക് 55 വർഷം കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക ലഭിക്കുന്ന പക്ഷം നഷ്ടപരിഹാരമായി നൽകണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

Latest