Connect with us

National

കേന്ദ്ര മന്ത്രിസഭയിൽ 71 പേരിൽ 70 പേരും കോടിപതികൾ; ആറ് പേരുടെ ആസ്തി നൂറു കോടിക്ക് മുകളിൽ

28 (39%) മന്ത്രിമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 19 (27%) പേർ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.

Published

|

Last Updated

ന്യൂഡൽഹി | പുതുതായി അധികാരമേറ്റ കേന്ദ്ര മന്ത്രിസഭയിൽ 71 പേരിൽ 70 പേരും കോടിപതികൾ. മന്ത്രിസഭാംഗങ്ങളുടെ ശരാശരി ആസ്തി 107.94 കോടി രൂപയാണെന്ന് തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ബീഹാറിൽ നിന്നുള്ള ഹിന്ദുസ്ഥാൻ അവാമി മോർച്ച സെക്കുലറിന്റെ ജിതിൻ റാം മഞ്ചി മാത്രമാണ് ഒരു കോടിയിൽ താഴെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹം ഡിക്ലെയർ ചെയ്തത്.

മന്ത്രിമാരിൽ ആറു പേർക്ക് നൂറു കോടി രൂപയിലധികം ആസ്തിയുണ്ട്. 5705.47 കോടി രൂപയുടെ മൊത്തം ആസ്തിയുള്ള, ഗ്രാമവികസന മന്ത്രാലയത്തിലെ സഹമന്ത്രിയും വാർത്താവിനിമയ മന്ത്രാലയത്തിലെ സഹമന്ത്രിയുമായ ഡോ.ചന്ദ്രശേഖർ പെമ്മസാനിയാണ് പട്ടികയിൽ ഒന്നാമത്. അദ്ദേഹത്തിൻ്റെ ആസ്തിയിൽ 5598.65 കോടി രൂപ ജംഗമ സ്വത്തും 106.82 കോടി സ്ഥാവര സ്വത്തുക്കളുമാണ്.

വാർത്താവിനിമയ മന്ത്രിയും വടക്കു കിഴക്കൻ മേഖല വികസന മന്ത്രിയുമായ ജ്യോതിരാദിത്യ എം. സിന്ധ്യക്ക് 424.75 കോടി രൂപയുടെ ആസ്തിയുണ്ട്. അദ്ദേഹത്തിൻ്റെ പോർട്ട്‌ഫോളിയോയിൽ 62.57 കോടി രൂപയുടെ ജംഗമ ആസ്തികളും 362.17 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു.

ജനതാദളിൽ (സെക്കുലർ) നിന്നുള്ള ഘനവ്യവസായ മന്ത്രിയും സ്റ്റീൽ മന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെ ആകെ ആസ്തി 217.23 കോടി രൂപയാണ്. 102.24 കോടി രൂപയുടെ ജംഗമ ആസ്തികളും 115.00 കോടി രൂപ സ്ഥാവര സ്വത്തുക്കളും അടക്കമാണിത്.

റെയിൽവേ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് 142.40 കോടി ജംഗമ ആസ്തികളും 1.72 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ മൊത്തം 144.12 കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയത്. .

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം, ആസൂത്രണ മന്ത്രാലയം (സ്വതന്ത്ര ചുമതല), സാംസ്കാരിക മന്ത്രാലയം എന്നിവയുടെ ചുമതല വഹിക്കുന്ന സഹമന്ത്രി റാവു ഇന്ദർജിത് സിങ്ങിൻ്റെ ആകെ ആസ്തി 121.54 കോടി രൂപയാണ്. 39.31 കോടി ജംഗമ സ്വത്തും 82.23 കോടി സ്ഥാവര സ്വത്തുക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ ആസ്തി.

മഹാരാഷ്ട്രയിലെ മുംബൈ നോർത്തിൽ നിന്നുള്ള മറ്റൊരു ബിജെപി മന്ത്രിയും വാണിജ്യ-വ്യവസായ മന്ത്രിയുമായ പിയൂഷ് ഗോയൽ 110.95 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതിൽ 89.87 കോടി രൂപ ജംഗമ ആസ്തികളും 21.09 കോടി രൂപ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു.

ഇതിന് പുറമമെ 28 (39%) മന്ത്രിമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 19 (27%) പേർ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിൻ്റെ 71 മന്ത്രിമാരും ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

---- facebook comment plugin here -----

Latest