Connect with us

book review

ലഹരി മാഫിയയുടെ ആഴങ്ങള്‍ തേടി

മയക്കുമരുന്നുകളെക്കുറിച്ച് വെറുതെ പറയുകയല്ല നോവലിസ്റ്റ് ചെയ്യുന്നത്. ആ ബന്ധം ചരിത്രാതീതകാലത്ത് നിന്ന് തുടങ്ങിയതാണെന്നും എം ഡി എം എ പോലുള്ള പുതിയ ലഹരിയുടെ വകഭേദങ്ങള്‍ ലഹരിവിമുക്ത ചികിത്സ കൂടി അസാധ്യമാക്കുന്നുവെന്ന് കൂടി നോവലിസ്റ്റ് വ്യക്തമായി നോവലില്‍ സമര്‍ഥിക്കുന്നു.

Published

|

Last Updated

പാത്തുമ്മേടെ ചിരി, ജൂലി, ബി പോസിറ്റീവ് എന്നീ സാഹിത്യ സൃഷ്ടികള്‍ക്കു ശേഷം ഡോ. ഒ എസ് രാജേന്ദ്രന്റെ നാലാമത്തെ കൃതിയാണ് ബെല്ലഡോണ എന്ന നോവല്‍. നമ്മുടെ വര്‍ത്തമാനകാല സുരക്ഷിത സാമൂഹിക ജീവിതത്തിനു ഭീഷണിയായി നിലകൊള്ളുന്ന ലഹരിമരുന്നിന്റെ ഉപയോഗത്തിലേക്കും ലഹരി വിൽപ്പനയുടെ അകത്തളങ്ങളിലേക്കും പ്രതിഭാസമ്പന്നനായ ഒരു രചയിതാവ് അഥവാ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭിഷഗ്വരന്‍ നടത്തിയ സാഹിത്യസഞ്ചാരമാണ് ബെല്ലഡോണ.

സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ഡോ. ഹരിയുടെ കുടുംബജീവിതത്തെ കേന്ദ്രീകരിച്ചാണ് ബെല്ലഡോണയുടെ കഥാതന്തു വികാസം പ്രാപിക്കുന്നത്. ഹരി, ഭാര്യ കോകില, മക്കളായ നന്ദിത, ശ്രീമോള്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. നോവലിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ഹരിയുടെ രക്ഷകരായി സുഹൃത്തുക്കളായ പോലീസ് കമ്മീഷണറും ഒരു മനോരോഗ വിദഗ്ധനും എത്തിച്ചേരുന്നു. ഒരു സുപ്രഭാതത്തില്‍ ഡോ. ഹരിയുടെ മകള്‍ നന്ദിത അസുഖബാധിതയാവുന്നതും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ഒടുക്കം ലഹരി മാഫിയയിലാണ് എത്തിനില്‍ക്കുന്നത്. സ്വന്തം മകളെയും കുടുംബത്തെയും വീണ്ടെടുക്കാന്‍ ഡോ. ഹരിയും കോകിലയും നടത്തുന്ന പോരാട്ടം ഒരു വലിയ സമൂഹത്തിനു തന്നെ വേണ്ടിയായിരുന്നു. നോവലിന്റെ മുഖ്യ പ്രമേയവും ഇതു തന്നെ. സമൂഹത്തെ കീറിമുറിക്കുന്ന ലഹരിമരുന്ന് ഉപയോഗത്തിന് എതിരേയും ലഹരിമരുന്ന് നമ്മുടെ പുതുതലമുറക്ക് യഥേഷ്ടം എത്തിക്കുന്ന ആളുകള്‍ക്കെതിരേയുമുള്ള തുറന്ന പോരാട്ടം നോവലിനെ കാലിക പ്രസക്തമാക്കുന്നു.

മയക്കുമരുന്നുകളെക്കുറിച്ച് വെറുതെ പറയുകയല്ല നോവലിസ്റ്റ് ചെയ്യുന്നത്. ആ ബന്ധം ചരിത്രാതീതകാലത്ത് നിന്ന് തുടങ്ങിയതാണെന്നും എം ഡി എം എ പോലുള്ള പുതിയ ലഹരിയുടെ വകഭേദങ്ങള്‍ ലഹരിവിമുക്ത ചികിത്സ കൂടി അസാധ്യമാക്കുന്നുവെന്ന് കൂടി നോവലിസ്റ്റ് വ്യക്തമായി നോവലില്‍ സമര്‍ഥിക്കുന്നു.

ബെല്ലഡോണയുടെ ക്ലൈമാക്‌സ് അങ്ങേയറ്റം ശ്രദ്ധേയമാണ്. എല്ലാം ശുഭാന്ത്യമായി അവസാനിക്കുന്നിടത്ത് നിന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് നോവലിന് ഉണ്ടാവുന്നു. ആ വഴിത്തിരിവാണ് ഈ നോവലിന്റെ ജീവനാഡി. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഈ നോവല്‍ വായിച്ചു തീര്‍ക്കാന്‍ കഴിയൂ. ഈ നോവല്‍ ഓരോ കുടുംബത്തിനും വഴികാട്ടിയാണ്.

അങ്ങേയറ്റം സങ്കീര്‍ണമായ മനുഷ്യാവസ്ഥകളാണ് നമ്മുടെ കഥാകൃത്തുക്കള്‍ പൊതുവെ എഴുത്തിന് വിഷയമാക്കുന്നത്. എന്നാല്‍, സമൂഹത്തെ കാര്‍ന്നു തിന്നുന്ന വന്‍ വിപത്തുകള്‍ക്കെതിരേ പലപ്പോഴും അവര്‍ കണ്ണടയ്ക്കുന്നു. ഇവിടെയാണ് ഒ എസ് രാജേന്ദ്രനെന്ന സാമൂഹിക ജീവിയുടെ ഈ കലാസൃഷ്ടിക്ക് പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുന്നത്. ഡോ.ഒ എസ് രാജേന്ദ്രന്റെ നോവലുകളുടെ, സാഹിത്യ സൃഷ്ടികളുടെ പ്രധാന സവിശേഷത അതിന്റ കഥാ ആഖ്യാനവും കഥ പറയുന്ന രീതിയുമാണ്. ഒട്ടും മുഷിപ്പ് കൂടാതെ ഒറ്റ ഇരുപ്പില്‍ അതേ സമയം വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അമ്പരപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ നോവലും പുരോഗമിക്കുന്നത്.

വൈകിയാണെങ്കിലും മലയാള സാഹിത്യ ചരിത്രത്തില്‍ തന്റേ പേര് അടയാളപ്പെടുത്താന്‍ തന്റെ സൃഷ്ടികളിലൂടെ ഒ എസ് രാജേന്ദ്രന് സാധിച്ചിരിക്കുന്നു എന്ന് നമുക്ക് യാതൊരു സംശയവും മടിയും കൂടാതെ പറയാവുന്നതാണ്. പ്രസാധകര്‍ സാഹിത്യ പബ്ലിക്കേഷന്‍സ്. വില 250 രൂപ.

Latest