Connect with us

Organisation

ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ചിറ്റയം ഗോപകുമാര്‍

എസ് വൈ എസ് പരിസ്ഥിതി ദിന ക്യാമ്പയിന് തുടക്കമായി

Published

|

Last Updated

പത്തനംതിട്ട: ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിയെ സംരക്ഷണം അനിവാര്യമാണെന്ന് സംസ്ഥാന നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. അനിയന്ത്രിതമായ മാനുഷ്യക ഇടപെടലുകള്‍ പാരിസ്ഥിതിക സംതുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. വനനശീകരണം, ആഗോളതാപനം, അമിതമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങിയവ സര്‍വ്വതും പരസ്പരപൂരകങ്ങളാണ്. കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂര്‍വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂര്‍വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണവും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. നമുക്ക് ജീവിക്കാന്‍ പ്രക്രതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അവ അമിതമായി ഉപയോഗിച്ചാല്‍ വിഭവങ്ങളുടെ അളവ് കുറയുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തകരുകയും ചെയ്യും. പരിസ്ഥിതി സംരക്ഷിക്കുന്നത് നമുക്കുവേണ്ടിമാത്രമല്ല, ഭാവിതലമുറയുടെ നിലനില്‍പ്പിനുകൂടി ആവശ്യമാണ്. മനുഷ്യര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു എന്നത് മറ്റൊരു യാഥാത്ഥ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ആഗോളതലത്തില്‍ അതിഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് ജൂണ്‍ ഒന്നു മുതല്‍ 10 വരെ എസ് വൈ എസ് നേതൃത്വത്തില്‍ നടക്കുന്ന പരിസ്ഥിതി ദിന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോകോള്‍, കാര്‍ബണ്‍ ന്യൂട്രല്‍ വൃക്ഷത്തൈ നട്ടുപിടിക്കല്‍, വീടുകള്‍ കേന്ദ്രീകരിച്ച് അടുക്കളത്തോട്ടം എന്നിവ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം സഖാഫി അധ്യക്ഷത വഹിച്ചു. സുനീര്‍ അലി സഖാഫി, സുധീര്‍ വഴിമുക്ക്,
ഷെബീര്‍ സംസാരിച്ചു.