Connect with us

International

ഒറ്റ മരത്തില്‍ 40 വ്യത്യസ്തതരം പഴങ്ങള്‍; സാം വേറെ ലെവലാണ്

മരത്തില്‍ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നീ വിവിധ തരം പഴങ്ങള്‍ വളരുന്നുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍| ഒരു മരത്തില്‍ വ്യത്യസ്തതരം പഴങ്ങള്‍ ഉണ്ടായെന്ന് കേട്ടാല്‍ ആദ്യമൊന്ന് ഞെട്ടുന്നവരാണ് അധികം ആളുകളും. എന്നാല്‍ ശാസ്ത്രം ഓരോ ദിവസവും പുരോഗതി നേടി മുന്നോട്ട് പോകുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ വിശ്വസിച്ചേ മതിയാകൂ. ഒരു മരത്തില്‍ 40 വ്യത്യസ്തതരം പഴങ്ങള്‍ ഉണ്ടായ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു മരത്തില്‍ തന്നെ ഇഷ്ടപ്പെട്ട പഴങ്ങള്‍ എല്ലാം വളര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിഷ്വല്‍ ആര്‍ട്‌സ് അസോസിയേറ്റ് പ്രൊഫസറും കര്‍ഷകനുമായ സാം വാന്‍ അകെന്‍. സാം തന്റെ കൃഷിയിടത്തിലെ മരത്തില്‍ 40 വ്യത്യസ്ത തരം പഴങ്ങള്‍ വിളയിച്ച് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടിക്കാലത്ത് ഒരു ഫാമില്‍ വളര്‍ന്ന സാമിന് എല്ലായ്‌പ്പോഴും കൃഷിയില്‍ താല്‍പര്യമുണ്ടായിരുന്നു.

മരത്തിന് നല്‍കിയിരിക്കുന്ന പേര് ‘ട്രീ ഓഫ് 40’ എന്നാണ്. മരവും സാം വാന്‍ അകെനും സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളാണിപ്പോള്‍. മരത്തില്‍ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നീ വിവിധ തരം പഴങ്ങള്‍ വളരുന്നുണ്ട്. ഗ്രാഫ്റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം അദ്ദേഹം കൈവരിച്ചത്. ഈ മരം പൂക്കാന്‍ ഏകദേശം ഒമ്പത് വര്‍ഷമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പഴങ്ങള്‍ ഒരു മരത്തില്‍ ഉണ്ടാകണമെങ്കില്‍ പ്രത്യേക രീതിയിലാണ് മരം നടുന്നതെന്ന് സാം പറഞ്ഞു. മുകുളത്തോടൊപ്പം മരത്തിന്റെ ഒരു ശാഖയും മുറിച്ചെടുക്കും. പിന്നീട് ശൈത്യകാലത്ത് പ്രധാന വൃക്ഷം തുളച്ച് ഈ ശാഖ നടുകയും ചെയ്യുന്നു. 2008 മുതലാണ് പ്രൊഫസര്‍ സാം ‘ട്രീ ഓഫ് 40’ എന്ന പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

2008ന് മുമ്പ്, ഈ പൂന്തോട്ടം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ ലബോറട്ടറിയായിരുന്നു. അതില്‍ അപൂര്‍വയിനം പഴങ്ങളും 200 ഓളം ചെടികളുമുണ്ടായിരുന്നു. പിന്നീട് പണമില്ലാത്തതിനെ തുടര്‍ന്ന് തോട്ടം പൂട്ടാന്‍ പോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രൊഫസര്‍ സാം ഫാം ഏറ്റെടുക്കുകയാണ് ചെയ്തത്. പിന്നീട് തോട്ടത്തില്‍ ഗാഫ്റ്റിംഗിലൂടെ മരം വളര്‍ത്താന്‍ തുടങ്ങി. മരത്തില്‍ ഓരോ ഇനവും വിളയുന്നത് വ്യത്യസ്ത സമയങ്ങളിലാണ്. തന്റെ പരീക്ഷണങ്ങള്‍ വിജയിച്ച സന്തോഷത്തിലാണ് പ്രൊഫസര്‍ സാം വാന്‍ അകെന്‍.

 

Latest