Connect with us

health

'സമയം അമൂല്യം'; ജീവൻ നിലനിർത്താം

ഇന്ന് ലോക പക്ഷാഘാത ദിനം

Published

|

Last Updated

സ്‌ട്രോക്ക് ചികിത്സക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ. “സമയം അമൂല്യം’ എന്നതാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാൽ സമയബന്ധിതമായി ചികിത്സ നൽകുന്നതിലൂടെ വൈകല്യങ്ങൾ ഒഴിവാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

വായ് കോട്ടം, കൈ കാലിന് തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്.

രക്താതിമർദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. വളരെ വിലയേറിയ പക്ഷാഘാത ചികിത്സ സാധാരണക്കാരിൽ എത്തിക്കാനായി സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും പക്ഷാഘാത ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാണ്.

പ്രധാന മെഡിക്കൽ കോളജുകളിൽ സ്‌ട്രോക്ക് ചികിത്സക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്. പത്ത് ആശുപത്രികളിൽ ഇത് പ്രവർത്തനസജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ സ്‌ട്രോക്ക് ദിനത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ പക്ഷാഘാത ബോധവത്കരണ ബാനർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും.