Connect with us

governor v/s ldf govt

'തെളിവുകളുണ്ട്, പുറത്തുവിടും'

ആദ്യ സംഭവത്തിൽ, മുതലെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി നേതാക്കൾ ഇറങ്ങിക്കളിക്കുകയായിരുന്നുവെങ്കിൽ (മുതലെടുപ്പിന്റെ നേട്ടമുണ്ടാക്കാൻ ഒരാൾക്കെങ്കിലും സാധിച്ചു) രണ്ടാമത്തേതിൽ മുതലെടുപ്പിന് വേണ്ടി ആസൂത്രണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സംഭവത്തിൽ ഗവർണർ സ്ഥാനത്തേക്ക് തന്നെ നിയോഗിച്ച പാർട്ടിയുടെയും അതിന്റെ ഊർജകേന്ദ്രമായ സംഘ്പരിവാരത്തിന്റെയും ഇംഗിതത്തിനൊപ്പിച്ച് പ്രവർത്തിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് നിസ്സംശയം പറയാം.

Published

|

Last Updated

“എല്ലാ തെളിവുകളുമുണ്ട്. അതിന്റെ രേഖകളെല്ലാം എന്റെ കൈവശമുണ്ട്. അതെല്ലാം ഞാൻ പുറത്തുവിടും’- സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പും അതിന്റെ പാർശ്വത്തിലുയർന്ന അഴിമതി- ചൂഷണ ആരോപണങ്ങളും ഉയർന്ന കാലത്ത് നിരന്തരം കേട്ടുകൊണ്ടിരുന്ന വാക്യങ്ങളാണിത്. കേസിലെ ആരോപണവിധേയരിൽ പ്രഥമ സ്ഥാനത്തുണ്ടായിരുന്ന വനിത പതിവായി ഈ വാക്യങ്ങൾ ഉരുവിട്ടിരുന്നു. മാധ്യമങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട അവർ, വായനക്കാരിലും കാഴ്ചക്കാരിലും വിശ്വാസമുണർത്തും വിധത്തിൽ കാര്യങ്ങൾ പറയുകയും അതിന്റെ തുടർച്ചയിൽ മുൻചൊന്ന വാക്യങ്ങൾ ആവർത്തിക്കുകയുമാണ് ചെയ്തിരുന്നത്. മുറതെറ്റാതെ ഈ വാക്യങ്ങൾ ജപിച്ചിരുന്ന മറ്റൊരാൾ പിൽക്കാലത്ത് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ കസേരയിലേക്ക് ഉദ്ധരിക്കപ്പെട്ട ശ്രീമാൻ കെ സുരേന്ദ്രനാണ്. അദ്ദേഹം പങ്കെടുത്ത ടെലിവിഷൻ ചർച്ചകളിലൊക്കെ (അതിലേറെയും ഒരു ചാനലിലായിരുന്നുവെന്നത്, ചലച്ചിത്ര ഭാഷയിൽ, യാദൃച്ഛികം മാത്രമാണ്) ഈ വാക്യങ്ങൾ പലകുറി ആവർത്തിക്കപ്പെട്ടു.

“തെളിവുകളൊക്കെ കൈവശമുണ്ട്, അതെല്ലാം പുറത്തുവിടു’മെന്ന ഭീഷണി/മുന്നറിയിപ്പ് വാക്യം സമാനരീതിയിൽ ആവർത്തിക്കപ്പെട്ടത് നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ രണ്ടാം ഖണ്ഡത്തിലാണ്. കേസിൽ ആരോപണവിധേയരിൽ മുഖ്യ സ്ഥാനത്തുള്ള വനിത മാധ്യമങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട് ഈ വാക്യങ്ങൾ ആവർത്തിച്ചു. അതാത് സമയത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തികൾക്ക് കേസുകളുമായുള്ള ബന്ധം സംബന്ധിച്ച തെളിവുകൾ കൈവശമുണ്ടെന്നാണ് ഇരുവരും ആവർത്തിച്ചിരുന്നത്. ആദ്യ കേസിൽ ആരോപണവിധേയക്ക് ബി ജെ പിയുമായോ സംഘ്പരിവാരത്തിലെ ഇതര സംഘടനകളുമായോ അതിലുൾപ്പെട്ട വ്യക്തികളുമായോ നേരിട്ട് സംസർഗമുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. രണ്ടാമത്തെ സംഭവത്തിൽ, ആരോപണവിധേയ ഭീഷണി/മുന്നറിയിപ്പ് വാക്യം ആവർത്തിക്കുമ്പോൾ കുറിതൊട്ട് നിന്നിരുന്നു സംഘബന്ധം.

“തെളിവുകളൊക്കെ കൈവശമുണ്ട്, അത് പുറത്തുവിടു’മെന്ന ഭീഷണി/മുന്നറിയിപ്പ് വാക്യം ഇപ്പോൾ ആവർത്തിക്കുന്നത് ഭരണഘടനാ പദവിയിൽ ഇരിക്കുന്ന സംസ്ഥാനത്തെ ബഹുമാന്യനായ ഗവർണറാണ്. സംസ്ഥാനത്തെ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിന് തെളിവുണ്ട്, മൂന്നാണ്ട് മുമ്പ് ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടന വേദിയിൽ തന്നെ “വധിക്കാൻ ശ്രമിച്ച’ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണെന്നതിന് തെളിവുണ്ട് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ആദ്യ രണ്ട് കേസുകളിലെപ്പോലെ “തെളിവുണ്ട്, പുറത്തുവിടു’മെന്ന് നിരന്തരം ആവർത്തിക്കുന്നതിൽ നിന്ന് ഭിന്നമായി പുറത്തുവിടലിന് സമയം കുറിച്ചിട്ടുണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ആദ്യ രണ്ട് കേസുകളിലെ ആരോപണ വിധേയരുമായി ആദരണീയനായ ഗവർണറെ താരതമ്യം ചെയ്യുക എന്നത് ഇതെഴുതിയതിന്റെ ലക്ഷ്യമല്ല. പക്ഷേ, മൂന്നിടത്തും ലാഭമെടുക്കൽ ലക്ഷ്യമിട്ടിറങ്ങിയ സംഘ്പരിവാരത്തിന്റെ സാന്നിധ്യമുണ്ടെന്നത് പറയാതിരിക്കാൻ കഴിയില്ല. ആദ്യ സംഭവത്തിൽ, മുതലെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി നേതാക്കൾ ഇറങ്ങിക്കളിക്കുകയായിരുന്നുവെങ്കിൽ (മുതലെടുപ്പിന്റെ നേട്ടമുണ്ടാക്കാൻ ഒരാൾക്കെങ്കിലും സാധിച്ചു) രണ്ടാമത്തേതിൽ മുതലെടുപ്പിന് വേണ്ടി ആസൂത്രണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സംഭവത്തിൽ ഗവർണർ സ്ഥാനത്തേക്ക് തന്നെ നിയോഗിച്ച പാർട്ടിയുടെയും അതിന്റെ ഊർജകേന്ദ്രമായ സംഘ്പരിവാരത്തിന്റെയും ഇംഗിതത്തിനൊപ്പിച്ച് പ്രവർത്തിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് നിസ്സംശയം പറയാം.

ഗവർണർ പദവിയിലിരിക്കുന്നവർ പരസ്യമായി രാഷ്ട്രീയം പറയുക അത്ര പതിവുള്ള സംഗതിയല്ല. ഗവർണർ സ്ഥാനത്തേക്ക് നിയോഗിച്ച പാർട്ടിയുടെയോ നേതാവിന്റെയോ ആഗ്രഹങ്ങൾക്കൊപ്പിച്ച് നിശ്ശബ്ദമായി പ്രവർത്തിക്കാറാണ് പതിവ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറുകളെ, ഭരണഘടനയുടെ 356 ാം വകുപ്പ് നൽകുന്ന അധികാരമുപയോഗിച്ച് പിരിച്ചുവിടാൻ കേന്ദ്രാധികാരം കൈയാളുന്നവർക്ക് അവസരമൊരുക്കുംവിധത്തിൽ ഗവർണർമാർ പ്രവർത്തിച്ചത് പലകുറി കണ്ടിട്ടുണ്ട് രാജ്യം. അതിന് തുടക്കമിട്ടത് കേരളത്തിൽ നിന്നുതന്നെയായിരുന്നു. ആ വഴി “ഫലപ്രദമായി’ ഉപയോഗിച്ചത് ഇന്ത്യൻ യൂനിയനെ ജനാധിപത്യത്തിന്റെ പാതയിൽ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ച കോൺഗ്രസ്സ് തന്നെയായിരുന്നുവെന്നത് വൈരുദ്ധ്യമാണ്. കർണാടകയിൽ എസ് ആർ ബൊമ്മൈയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാ സർക്കാറിനെ പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നതോടെ ആ പതിവിന് ശമനമുണ്ടായി. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബദൽ മാർഗങ്ങൾ ഗവർണർമാർ കണ്ടുപിടിക്കുകയോ കേന്ദ്രാധികാരം നിർദേശിക്കുന്ന ബദൽ മാർഗങ്ങൾ അവർ നടപ്പാക്കിക്കൊടുക്കുകയോ ചെയ്യുന്നത് പതിവായത് 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ വരികയും അധികാരം കൂടുതൽ കേന്ദ്രീകരിച്ച് മുന്നേറുകയും ചെയ്തതിന് ശേഷമാണ്.

കുതിരക്കച്ചവടത്തിന് ചൂട്ടുപിടിക്കുകയോ അതിന് അവസരമൊരുക്കാൻ പാകത്തിൽ ബി ജെ പിക്ക് അധികാരമുറപ്പിച്ച് കൊടുക്കുകയോ ചെയ്യുക എന്നതാണ് ഗവർണറുടെ ഭരണഘടനാ ഉത്തരവാദിത്വമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വരുമ്പോഴാണ് ഗവർണർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുക. അപ്പോഴൊക്കെ ബി ജെ പിക്ക് അനുകൂലമായി ഗവർണർമാർ പ്രവർത്തിക്കുന്നതാണ് സമീപകാല ചരിത്രം.

ബി ജെ പി ഇതര കക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നതെങ്കിൽ അവരെ സർക്കാറുണ്ടാക്കാൻ യഥാസമയം ക്ഷണിക്കാതെ, സംഘ്പരിവാരത്തിന്റെ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുക എന്നതാണ് ഒരുമാർഗം. ബി ജെ പി നേതാക്കളുടെ സത്യപ്രതിജ്ഞക്ക് പാതിരാത്രി സൗകര്യമൊരുക്കി, അധികാരത്തിന്റെ ആനുകൂല്യം അവർക്കുണ്ടാക്കിക്കൊടുക്കാനും മടികാണിച്ചില്ല. ബി ജെ പി ഇതര പാർട്ടികൾ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയാൽ ആ സർക്കാറുകളുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാൻ ലഭിക്കുന്ന ഒരവസരം പോലും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നേടിയ വലിയ വിജയത്തിന്റെ ആഘോഷമൊടുങ്ങും മുമ്പ് ഡൽഹിയിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടിയെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനം ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയത് അത്രയെളുപ്പം മറക്കാനാകില്ല. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിനാണോ കേന്ദ്രം നിയോഗിച്ച ലഫ്റ്റനന്റ് ഗവർണർക്കാണോ അധികാരമെന്ന ചോദ്യം പലകുറി കോടതികളിൽ മുഴങ്ങി. ഇപ്പോഴും തീർപ്പാകാതെ തുടരുന്നു ആ തർക്കം. ഇങ്ങ് പുതുച്ചേരിയിൽ ഗവർണറെ ഉപയോഗിച്ച് നടത്തിയ അട്ടിമറി, ബി ജെ പി സഖ്യസർക്കാറിനെ അവരോധിക്കുന്നതിലാണ് കലാശിച്ചത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജി സർക്കാറിനെ പ്രതിസന്ധിയിലാക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണർ പരസ്യമായി രാഷ്ട്രീയം പറയുകയും ചെയ്തു. ഡി എം കെ സഖ്യം അധികാരത്തിലേറിയ ശേഷം തമിഴ്‌നാട് ഗവർണറുടെ നടപടികളും ഭിന്നമായിരുന്നില്ല. നിയമസഭ പാസ്സാക്കിയ ബില്ലിന്മേൽ അടയിരുന്ന് ജനഹിതത്തെ കൊഞ്ഞനം കുത്തുന്ന പണി വിട്ടുവീഴ്ച കൂടാതെ എടുത്തു ആ ദേഹം.

ബംഗാൾ, തമിഴ്‌നാട് മാതൃകകൾ യോജിപ്പിച്ച് പ്രയോഗിക്കുകയാണ് കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ. ബി ജെ പിക്ക് വിശേഷിച്ച് രാഷ്ട്രീയ പ്രസക്തിയില്ലാതിരിക്കുകയും കുതിരക്കച്ചവടത്തിന്റെ സാധ്യത വിദൂരമായിരിക്കുകയും മേൽവിലാസം ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊക്കെ പാളുകയും ചെയ്ത സാഹചര്യത്തിൽ സംഘ്പരിവാരത്തിന് വേണ്ടി ഇറങ്ങിക്കളിക്കാനുള്ള കരുവാകുകയാണ് പഴയ സോഷ്യലിസ്റ്റ്. പാളയങ്ങൾ പലത് മാറിയിട്ടും ഫലിക്കാതെ പോയ രാഷ്ട്രീയ ജാതകത്തിന് അവസാന നാളുകളിൽ എന്തെങ്കിലും മാറ്റമുണ്ടായാലോ എന്ന് മാത്രം ചിന്തിച്ചുള്ള സാഹസം. അപ്രസക്തമായത് ബി ജെ പിയുടെ സംസ്ഥാന നേതൃത്വം. മുഖ്യ ഗായകൻ ഉച്ചസ്ഥായിയിൽ ശ്രുതി തെറ്റാതെ പാടുമ്പോൾ, പിൻപാട്ടുകാരെ ആര് കണക്കിലെടുക്കാൻ?
ഭരണപക്ഷത്തെ വിമർശിച്ചും ഭരണത്തിന് വിഘാതം സൃഷ്ടിച്ചും സംഘ്പരിവാരത്തിന്റെ വേരിന് ബലമേകാൻ ഒരുവഴിക്ക് ശ്രമിക്കുന്ന ഗവർണർ, പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷ പ്രവർത്തനമാണ് താൻ നടത്തുന്നത് എന്ന് വരുത്തിത്തീർക്കാനും ഉദ്യമിക്കുന്നു. അധികാരസ്ഥാനത്തിരുന്ന് വിമർശങ്ങൾ ഉന്നയിക്കുമ്പോൾ അതിന് വിശ്വാസ്യത കൂടും. ആ തന്ത്രം ഫലപ്രദമായി പ്രയോഗിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. സ്വജനപക്ഷപാതവും അഴിമതിയും ക്രമക്കേടും മാത്രം കാണിക്കുന്ന ഭീരു മാത്രമായ ഭരണപക്ഷവും അതിനെ കണ്ഠശക്തിയോടെ വിമർശിക്കാൻ സാധിക്കാതെ പോകുന്ന പ്രതിപക്ഷവുമെന്ന ദ്വന്ദ്വം സൃഷ്ടിച്ചെടുത്ത്, സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന് ഇല്ലാത്ത പ്രസക്തി, ഉണ്ടാക്കിയെടുക്കാനാണ് ശ്രമം. അതിന് ഭരണഘടന ചില കാര്യങ്ങളിൽ പുലർത്തിയ മൗനവും വിവേചനാധികാരം പ്രയോഗിക്കണമെന്ന ഉപദേശവും നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു.

മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയും നിയമനിർമാണസഭ അംഗീകരിക്കുന്ന ബില്ലുകൾക്കുമേൽ തുല്യം ചാർത്തുകയും ചെയ്യുക എന്നത് മാത്രമേ ഗവർണർക്ക് ചുമതലയുള്ളൂ. ആ ചുമതല നിറവേറ്റാനാണ് ഭരണത്തിന്റെ തലവനെന്ന പേര് പേരിനെങ്കിലും നിലനിർത്തിയിരിക്കുന്നത്. അതിനപ്പുറത്തേക്ക് ഗവർണർ നീങ്ങുന്നുവെങ്കിൽ, ഫെഡറൽ ഭരണക്രമത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ അജൻഡക്കൊപ്പിച്ച് നീങ്ങുന്ന ഭടന്റെ സ്ഥാനമേ അദ്ദേഹത്തിനുണ്ടാകൂ. അത് തിരിച്ചറിയുക എന്നത് പ്രധാനമാണ്. അല്ലാതെ ഇർഫാൻ ഹബീബിനെപ്പോലൊരു ചരിത്രകാരൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ വിശ്വസിക്കാൻ മെനക്കെട്ടാൽ, സർവകലാശാല നിയമ ഭേദഗതിയെ എതിർക്കുന്നത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിന് തടയിടാനാണ് എന്ന വാദം സ്വീകരിക്കാൻ നിശ്ചയിച്ചാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന റിപബ്ലിക്കാകില്ല, ബ്രിട്ടീഷ് രാജാധികാരത്തിന്റെ പ്രതിപുരുഷനായ ഗവർണർ ജനറലിനെ പഞ്ചപുച്ഛമടക്കി വണങ്ങുന്ന അധിനിവേശ പ്രദേശം മാത്രമേ ആകൂ.

Latest