International
'ജനങ്ങള്‍ പറഞ്ഞിരിക്കുന്നു'; ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ച് സി ഇ ഒ. ഇലോണ്‍ മസ്‌ക്
ഉപഭോക്താക്കള്‍ക്കിടയില്‍ മസ്‌ക് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. 51.8 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.

വാഷിങ്ടണ്‍ | യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ട്വിറ്ററിന്റെ പുതിയ സി ഇ ഒ. ഇലോണ്‍ മസ്‌കിന്റെതാണ് തീരുമാനം. ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കേണ്ടതുണ്ടോ എന്നറിയാന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മസ്‌ക് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലം കൂടി കണക്കിലെടുത്താണ് സി ഇ ഒയുടെ തീരുമാനം.
ഒന്നര കോടി ഉപഭോക്താക്കളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 51.8 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിന് അനുകൂലമായും 48.2 ശതമാനം പേര്‍ പ്രതികൂലമായും വോട്ട് ചെയ്തു. ‘ജനങ്ങള്‍ പറഞ്ഞിരിക്കുന്നു, ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാന്‍. ജനങ്ങളുടെ വാക്കുകള്‍ ദൈവത്തിന്റെതിന് തുല്യമാണ്’- മസ്‌ക് ട്വീറ്റ് ചെയ്തു.
2021 ജനുവരി ആറിനുണ്ടായ യു എസ് കാപിറ്റോള്‍ ആക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. അക്രമത്തിനു പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരിലായിരുന്നു നിരോധനം. യു എസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിക്ഷം നേടിയതിനു പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.