Connect with us

Kerala

'മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ശശി തരൂര്‍'; പാര്‍ട്ടി വിലക്ക് ലംഘിച്ച് വീണ്ടും ഫ്‌ളക്‌സ്

സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. ശശി തരൂരിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയുള്ളതാണ് പുതിയ ഫ്‌ളക്‌സ്. സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്. ‘മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ശശി തരൂര്‍’ എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചത്.

ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്ന് ഇന്നലെ
എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കു ശേഷം എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പേരിലുള്ള ഫ്‌ളക്‌സ് പ്രചാരണങ്ങളും മറ്റും പൂര്‍ണമായും ഒഴിവാക്കണമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രവര്‍ത്തകര്‍ക്ക് പരസ്യ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് തുടരുന്നത്.

മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നാണ് ദീപാദാസ് മുന്‍ഷി മാധ്യമങ്ങളെ അറിയിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും സമവായത്തിലെത്താന്‍ കഴിയാത്തതിനെ ത്തുടര്‍ന്നാണ് തീരുമാനം മാറ്റിവെച്ചത്. എ ഐ സിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാല്‍, വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്കൊപ്പമാണ് ദീപാദാസ് മുന്‍ഷി മാധ്യമങ്ങളെ കണ്ടത്.

 

Latest