Connect with us

Business

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 'റീലിവര്‍' പദ്ധതിക്ക് തുടക്കം

ആധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്.

Published

|

Last Updated

കോഴിക്കോട് | ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവെക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ‘റീലിവര്‍’ പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികള്‍ക്കുള്ള കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പേകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ബി എം എച്ച് ഒരുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് നിര്‍ധനരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവര്‍ക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ വീഡിയോ വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.

രാജ്യത്തെ പ്രമുഖ കരള്‍മാറ്റ വിദഗ്ധനായ ഡോ. ജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 1500 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹം സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ. വിവേക് വിജ് ഉള്‍പ്പെടെയുള്ള അവയവമാറ്റ വിദഗ്ധര്‍ യൂണിറ്റിന്റെ ഭാഗമാണ്. അവയവ ദാനത്തില്‍ ദാതാവിന്റെ സുരക്ഷ 100 ശതമാനം ഉറപ്പാക്കുന്നതില്‍ ഡോ. വിവേകിന്റെ വൈദഗ്ധ്യം ആഗോളതലത്തില്‍ പ്രശംസ നേടിയതാണ്.

ആശുപത്രി ചെയര്‍മാനും എം ഡിയുമായ ഡോ. കെ ജി അലക്‌സാണ്ടര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ കാലത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചു വളരുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമല്ലെന്നും കരള്‍ മാറ്റിവച്ച ശേഷമുള്ള പരിചരണവും നിര്‍ണായകമാണെന്നും ഡോ. ജോയ് വര്‍ഗീസ് പറഞ്ഞു. മുമ്പ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ആശുപത്രി സി ഇ ഒ. ഡോ. അനന്ത് മോഹന്‍ പൈ, ഡോ. വിവേക് വിജ്, ഡോ. ഐ കെ ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധി അനുരഞ്ജ് പ്രസംഗിച്ചു.

Latest