Connect with us

Siraj Article

‘ജസ്റ്റിസ് ഫോര്‍ ദ നാഷന്‍'

പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ് അംഗീകരിക്കുമ്പോഴും വ്രണിത ഹൃദയരാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷവും മതനിരപേക്ഷ വിശ്വാസികളും. ആ മുറിവിലേക്കാണ് ‘ബാബരി ആഘോഷ'ത്തിന്റെ സചിത്ര വിവരണം തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തുക വഴി രഞ്ജന്‍ ഗോഗോയി മുളക് പുരട്ടിയിരിക്കുന്നത്.

Published

|

Last Updated

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ആത്മകഥ പരമോന്നത നീതിപീഠത്തിലെ ഗോഗോയിക്കാലത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനായി ജുഡീഷ്യല്‍ കരിയര്‍ പൂര്‍ത്തിയാക്കിയ ഗോഗോയിയെ ചൂഴ്ന്നുനില്‍ക്കുന്ന ആരോപണങ്ങള്‍ നിരവധിയാണ്. അവയില്‍ നിന്ന് സ്വയം പാപമോക്ഷം പ്രഖ്യാപിച്ച് വീരപരിവേഷം എടുത്തണിയുകയാണ് 250 പേജുള്ള തന്റെ ആത്മകഥയിലൂടെ രഞ്ജന്‍ ഗോഗോയി. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന പോലെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ആത്മകഥ പ്രകാശിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ അദ്ദേഹം എത്തിയിരിക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ തിരസ്‌കരിച്ച് ഏകാധിപത്യ പ്രവണതകളുമായി മുന്നോട്ടുപോയ ഭരണകൂടം ഏറെ പ്രതിരോധത്തിലായ ഘട്ടമായിരുന്നു റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ആദ്യ തീവ്ര വലതുപക്ഷ ഭരണകൂടത്തിന്റെ വിധിനിര്‍ണയിക്കുന്ന 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലിലായിരുന്നു റാഫേല്‍ കോളിളക്കം സൃഷ്ടിച്ചത്. ഭരണത്തുടര്‍ച്ചയെ പ്രതി ബി ജെ പി നേതാക്കളുടെ മുഖത്തും ശരീര ഭാഷയിലും നിരാശാബോധം പ്രകടമായ സാഹചര്യത്തിലാണ് റാഫേല്‍ ഇടപാടിലെ അഴിമതിയാരോപണങ്ങളെ തള്ളി കരാറിന് അംഗീകാരം നല്‍കുന്ന നിര്‍ണായക വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. വിധിന്യായത്തിലെ പൊരുത്തക്കേടുകള്‍ മാത്രമല്ല, വിധിയിലെ വസ്തുതാപരമായ പിശകുകള്‍ കൂടെ ഗോഗോയിയെ വിമര്‍ശനബിന്ദുവാക്കി മാറ്റി. ഇതടക്കം ഒരു ഡസനോളം ഭരണകൂട അനുകൂല വിധികളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് ആത്മകഥനത്തിലൂടെ ഇരവാദമുയര്‍ത്തി തടി രക്ഷിക്കാന്‍ നടത്തിയ ശ്രമമാണിപ്പോള്‍ പൊളിഞ്ഞുകൊണ്ടിരിക്കുന്നത്. തന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിധി പ്രസ്താവങ്ങളെ ന്യായീകരിക്കാനുള്ള വിഫലശ്രമങ്ങളാണ് പുസ്തകത്തില്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.

നിയമ നീതിന്യായ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് ബാബരി വിധിയെന്നത് സ്പഷ്ടമാണ്. പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ് അംഗീകരിക്കുമ്പോഴും വ്രണിത ഹൃദയരാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷവും മതനിരപേക്ഷ വിശ്വാസികളും. ആ മുറിവിലേക്കാണ് “ബാബരി ആഘോഷ’ത്തിന്റെ സചിത്ര വിവരണം തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തുക വഴി രഞ്ജന്‍ ഗോഗോയി മുളക് പുരട്ടിയിരിക്കുന്നത്. ബാബരി വിധിയില്‍ ആഹ്ലാദിക്കുന്ന ഒരു സംഘ്പരിവാര്‍ നേതാവിന്റെ ആത്മകഥയാണ് ഇതെന്ന് തോന്നിപ്പോകുന്ന വിധമാണ് ഡല്‍ഹിയിലെ താജ് മാന്‍സിംഗ് ആഡംബര ഹോട്ടലിലെ ആഘോഷ വിരുന്നിന്റെ വര്‍ത്തമാനം, വിധിയെഴുതിയ സുപ്രീം കോടതി ബഞ്ചിന്റെ തലവന്‍ തുറന്നെഴുതിയിരിക്കുന്നത്. സംഗതി കടുത്ത വിമര്‍ശങ്ങള്‍ക്ക് കാരണമായപ്പോള്‍ അത് ആഘോഷമല്ലെന്നും ജോലി സമ്മര്‍ദത്തില്‍ നിന്നുള്ള താത്കാലിക വിടുതലാണെന്നുമുള്ള വിശദീകരണമാണ് ഗോഗോയി എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ നല്‍കിയിരിക്കുന്നത്. “ചരിത്രപ്രധാനമായ അയോധ്യ വിധി ആഘോഷിക്കുന്നു’ എന്ന് തന്നെയാണ് ഗോഗോയി സഹ ന്യായാധിപര്‍ക്ക് ഒരുക്കിയ വിരുന്നിന്റെ ചിത്രത്തിന് ആത്മകഥയില്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് എന്നോര്‍ക്കണം.

റാഫേലിന് പുറമെ കശ്മീര്‍ ഹേബിയസ് കോര്‍പസ് ഹരജികള്‍, സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മ കേസ്, ഇലക്ടറല്‍ ബോണ്ട്, ശബരിമല വിധി പുനഃപരിശോധന, അസം എന്‍ ആര്‍ സി തുടങ്ങിയ കേസുകളില്‍ നീതിബോധം മാറ്റിവെച്ചുകൊണ്ടുള്ള സമീപനങ്ങള്‍ രഞ്ജന്‍ ഗോഗോയിയുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് വസ്തുതകള്‍ തെര്യപ്പെടുത്തുന്നുണ്ട്. ഇവയില്‍ ഏറെക്കുറെ എല്ലാ വിധികളെക്കുറിച്ചും തന്റെ ആത്മകഥയില്‍ അദ്ദേഹം പ്രതികരിക്കുന്നുണ്ട്. സ്വന്തം നടപടികളെ ന്യായീകരിക്കുന്ന ഗോഗോയി തനിക്കെതിരെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നെന്ന് പറയുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ഗ്രൂപ്പിന്റെ രീതിയെക്കുറിച്ചും വിവരിക്കുന്നു. ഒരു ന്യായാധിപന്റെ കാലാവധി അവസാനിക്കുമ്പോള്‍ അവര്‍ ഒരു “റിപ്പോര്‍ട്ട് കാര്‍ഡ്’ തയ്യാറാക്കുന്നു. ഒരു പ്രത്യേക വഴിയില്‍ ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധമല്ലെങ്കില്‍ നീതിന്യായ സ്വാതന്ത്ര്യം ബലികഴിച്ചതിന്റെയും കീഴടങ്ങിയതിന്റെയും ചീത്തപ്പേരാണ് അവര്‍ നിങ്ങള്‍ക്ക് ചാര്‍ത്തിത്തരിക എന്നാണ് അദ്ദേഹത്തിന്റെ പരിദേവനം. നീതിന്യായ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നടപടികളായിരുന്നു നടേ പറഞ്ഞ നിയമ വ്യവഹാരങ്ങളില്‍ മുഖ്യ ന്യായാധിപ പദവിയിലുണ്ടായിരുന്ന രഞ്ജന്‍ ഗോഗോയിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നായിരുന്നല്ലോ അദ്ദേഹത്തിനെതിരെ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട ആക്ഷേപം. അതിനെക്കുറിച്ചായിരിക്കുമോ ഒരു ഗ്രൂപ്പ് തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് മുന്‍ ചീഫ് ജസ്റ്റിസ് എഴുതിയത്. അതെന്തായാലും നീതിന്യായ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി മുന്‍ മുഖ്യ ന്യായാധിപന്റെ ഇടപെടലുകളെ പ്രശ്‌നവത്കരിച്ചത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഈ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളല്ലാതെ മറ്റാരാണ്.

തന്റെ പിന്‍ഗാമി എസ് എ ബോബ്‌ഡെയുടെ പേരിലും അദ്ദേഹം വിരമിച്ച ശേഷം റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കി എന്നും മിക്കവാറും അതും നിഷേധാത്മക സ്വഭാവത്തിലുള്ളതായിരുന്നെന്ന് കൂടെ കൂട്ടിച്ചേര്‍ക്കുന്നുണ്ട് രഞ്ജന്‍ ഗോഗോയി. പതിവിന് വിപരീതമായി സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന മുഖ്യ ന്യായാധിപന്‍ തന്റെ പിന്‍ഗാമിയാരെന്ന് പ്രഖ്യാപിച്ച് കളമൊഴിഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസായെത്തിയതാണ് എസ് എ ബോബ്‌ഡെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമ വ്യവഹാരങ്ങളിലും കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാറെടുത്ത സമീപനത്തിന് അലോസരമുണ്ടാക്കാത്ത നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു എസ് എ ബോബ്‌ഡെ.

റാഫേലില്‍ വിധി പറഞ്ഞത് കോടതിയുടെ മുമ്പിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ വീക്ഷണങ്ങളുടെയോ അഭിലാഷങ്ങളുടെയോ അടിസ്ഥാനത്തിലല്ലെന്ന് വിശദീകരിക്കുന്നുണ്ട് രഞ്ജന്‍ ഗോഗോയി. എന്നാല്‍ രേഖകള്‍ സംസാരിക്കുന്നത് അങ്ങനെയേ അല്ല. റാഫേല്‍ ഇടപാടില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പക്ഷേ അത് നിസ്സാരമാണെന്നായിരുന്നു രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചത്. അതേസമയം പരാമര്‍ശിത നടപടിക്രമങ്ങളുടെ വീഴ്ചയില്‍ അഴിമതി ആരോപണങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജിക്കാര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. എന്നാല്‍ പ്രസ്തുത ആവശ്യത്തെ റാഫേല്‍ ഇടപാടിന്റെ മെറിറ്റിന് മേലുള്ള വിചാരണയിലേക്ക് വഴിതിരിച്ചുവിട്ട് കോടതിക്ക് ലഭ്യമായ പരിമിതമായ വസ്തുതകളുടെ വെളിച്ചത്തില്‍ ഇടപാടിന് അംഗീകാരം നല്‍കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്. ഇങ്ങനെയാണ് റാഫേലില്‍ വിധി പറഞ്ഞത്. കൂടാതെ വസ്തുതാപരമായ തെറ്റുകളും വിധിയിലുണ്ടായിരുന്നു. റാഫേലില്‍ ഇടപാടിലെ സി എ ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു വിധിയിലെ പരാമര്‍ശം. എന്നാല്‍ വിധി പറയുന്ന ദിവസം റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ വെക്കാനിരിക്കുന്നതേയുള്ളൂ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി എന്നായിരുന്നു വിധിയിലുണ്ടായിരുന്നത്. യഥാര്‍ഥത്തില്‍ കേസ് അനില്‍ അംബാനിയുമായി ബന്ധപ്പെട്ടതായിരുന്നു.

റാഫേല്‍ ഇടപാട് അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ തള്ളിയ നീതിപീഠം പ്രധാന വിധിയിലെ തെറ്റായ പ്രസ്താവങ്ങള്‍ നീക്കുമെന്നും അന്തിമ വിധി അവയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും വിശദീകരിക്കുകയാണുണ്ടായത്. ഇത്രയൊക്കെ വീഴ്ചകള്‍ സംഭവിച്ചിരിക്കെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് രഞ്ജന്‍ ഗോഗോയി ചെയ്യുന്നത്. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിയെക്കുറിച്ചും പറയുന്നുണ്ട് ആത്മകഥയില്‍. തീര്‍ത്തും അസാധാരണ രീതിയില്‍ ഒരവധി ദിനത്തില്‍ വിളിച്ചുചേര്‍ത്ത സുപ്രീം കോടതി ബഞ്ചില്‍ താനുണ്ടാകാന്‍ പാടില്ലായിരുന്നു എന്നാണ് ഗോഗോയിയുടെ ഇപ്പോഴത്തെ കുമ്പസാരം. എന്നാല്‍ നീതിന്യായ സ്വാതന്ത്ര്യത്തിന് നേരേയുള്ള വെല്ലുവിളിയാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ട പീഡന പരാതി എന്ന് മുഖ്യധാരയില്‍ സ്ഥാപിക്കാനാണ് ആദ്യം മുതല്‍ രഞ്ജന്‍ ഗോഗോയി ശ്രമിച്ചത്. ഒടുവില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന വിധം വിവാദം പര്യവസാനിക്കാന്‍ ഒരു സീനിയര്‍ ബ്യൂറോക്രാറ്റ് കാര്യമായി ഇടപെട്ടു എന്ന് ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. അത് ശരിയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുഖ്യ ന്യായാധിപന് വേണ്ടി ഇടപെട്ടത് എന്തിനായിരിക്കുമെന്നത് ഉത്തരം തേടുന്ന ചോദ്യമാണ്.
“ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്’ എന്നാണ് രഞ്ജന്‍ ഗോഗോയിയുടെ ആത്മകഥക്ക് പേരിട്ടിരിക്കുന്നത്. അഥവാ തനിക്ക് നീതി ലഭിച്ചില്ലെന്ന് വ്യംഗ്യമായി പറയുകയാണ് അദ്ദേഹം. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ മുഖ്യ ന്യായാധിപ പദവിയിലിരുന്നയാള്‍ രാജ്യത്തോട് നീതി കാണിച്ചില്ല എന്നതായിരിക്കും ശരി. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ക്ക് മുഖ്യ കാര്‍മികനായി മാറുകയായിരുന്നു രഞ്ജന്‍ ഗോഗോയി. ഒടുവില്‍ തനിക്കെതിരെ ഉയര്‍ന്ന സ്വാഭാവിക വിമര്‍ശങ്ങളെ പോലും വ്യക്തിഹത്യയാക്കി ചിത്രീകരിച്ചും വിമര്‍ശകരെ പ്രതിലോമ ശക്തികളാക്കി ചാപ്പ കുത്തിയും രംഗത്ത് വന്നിരിക്കുന്ന മുന്‍ ചീഫ് ജസ്റ്റിസ് നമ്മുടെ ജനാധിപത്യത്തോടും നീതിബോധത്തോടുമുള്ള അവഹേളനം തുടരുക തന്നെയാണ്.

---- facebook comment plugin here -----

Latest