Connect with us

kerala school kalolsavam 2023

'ഇത് കിടുവാ അമ്മേ'; ഒരു ദശാബ്ദം മകന് ചമയമൊരുക്കി സജിമോള്‍

കഴിഞ്ഞ പത്ത് വർഷമായി നൃത്ത വേദികളിൽ മകനെ അണിയിച്ചൊരുക്കുന്നത് അമ്മ തന്നെയാണ്.

Published

|

Last Updated

കോഴിക്കോട് | ‘വാലിട്ടെഴുതിയ കണ്ണിന് ഒരൽപ്പം ചന്തം കുറഞ്ഞോ’? അമ്മയ്‌ക്കൊരു സംശയം.
‘ഇത് കിടുവാ അമ്മേ’.കയ്യിലുള്ള കണ്ണാടിയിൽ നോക്കി അമ്മയോട് മകൻ പറഞ്ഞു. കുച്ചിപ്പുടി വേദിക്കരികെ നിന്ന് മകനെ ചമയിച്ച് ഒരുക്കുകയാണ് സജിമോൾ എന്ന ഈ അമ്മ. അമ്മയ്ക്കു മുന്നിൽ നിറഞ്ഞ സന്തോഷത്തോടെ ഇരിക്കുകയാണ് മകൻ ശ്യാംജിത്ത് സജീവനും. മേക്കപ്പിന് ചെലവ് കൂടിയതും മേക്കപ്പ് ചെയ്യാൻ ആളെ കിട്ടാതായതോടെയുമാണ് ഈ അമ്മ ബ്രഷും കൺമഷിയും കയ്യിലെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി നൃത്ത വേദികളിൽ മകനെ അണിയിച്ചൊരുക്കുന്നത് അമ്മ തന്നെയാണ്. മകനൊപ്പം താൻ പഠിപ്പിക്കുന്ന മറ്റ് വിദ്യാർത്ഥികൾക്കും ഈ അമ്മ ചായമിടുന്നുണ്ട്. കോട്ടയം രാമപുരം സ്വദേശിയായ ശ്യാംജിത്ത് മൂന്ന് വയസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. സെൻ്റ് അഗസ്റ്റീൻസ് എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി കൂടിയാണ് ശ്യാം ജിത്ത്. ഇതുവരെ നൃത്തം അഭ്യസിപ്പിച്ചതും ചെയ്ത നൃത്തത്തിനെല്ലാം മേക്കപ്പ് ചെയ്തതും അമ്മയാണ്. അത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ശ്യാംജിത്ത് സജീവൻ പറയുന്നു.

ഭരതനാട്യത്തിൽ എം എക്കാരിയാണ് സജിമോൾ. രാമപുരത്ത് കഴിഞ്ഞ 30 വർഷമായി നാട്യാഞ്ജലി നൃത്ത സംഗീത വിദ്യാലയവും നടത്തുന്നുണ്ട്. കൂടാതെ സജിമോളുടെ അമ്മയും സഹോദരിമാരുമെല്ലാം നൃത്ത അധ്യാപകരാണ്. അമ്മക്ക് കീഴിൽ
വളരെ ചെറുപ്പത്തിലെ നൃത്തം’ അഭ്യസിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രയാസം കാരണം കലോത്സവത്തിന് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ തൻ്റെ കലോത്സവ സ്വപ്നം മകനിലൂടെ നിറവേറ്റുകയാണിപ്പോൾ. ‘തന്നെ കണ്ട് മറ്റ് രക്ഷിതാക്കളും മക്കളെ സ്വയം അണിയിച്ചൊരുക്കുന്നുണ്ടെന്ന്’ സജിമോൾ പറയുന്നു. നിരവധി കുട്ടികൾ നൃത്തം അഭ്യസിക്കാനായി രംഗത്തേക്ക് വരുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രയാസം കാരണം നന്നായി കളിക്കുന്ന പല കുട്ടികളും വേദിയിലെത്താന്‍ മടിക്കുകയാണെന്നും സജിമോള്‍ പറയുന്നു. ശ്യാംജിത്തിനും അമ്മയ്ക്കും ഒപ്പം അച്ഛന്‍ വി എസ് സജീവനും ചമയത്തിന് സഹായിയായി കൂടെയുണ്ട്. വാച്ച് മെക്കാനിക്കാണ് ഇദ്ദേഹം. സ്വന്തമായി വാച്ച് റിപ്പയറിങ് കട നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ കട അടച്ചു പൂട്ടി. കലോത്സവത്തിലെ യാത്രാ ചെലവും വസ്ത്ര ചെലവുമെല്ലാം ഇദ്ദേഹമാണ് എടുക്കുന്നത്. ശ്യാംജിത്തിനെ കൂടാതെ അഭിജിത്ത് എന്ന മകനും ഇവര്‍ക്കുണ്ട്.

 

കോഴിക്കോട്

---- facebook comment plugin here -----

Latest