Connect with us

From the print

'തലയിരിക്കുമ്പോള്‍ വാലാടേണ്ട'; ഇ കെ വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സ്വാദിഖലി തങ്ങള്‍

'ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല'

Published

|

Last Updated

മലപ്പുറം | പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കിയ ഇ കെ വിഭാഗം പോഷക സംഘടനാ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുസ്ലിം ലീഗ് പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍. തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇ കെ വിഭാഗം യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന. സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എംപ്ലോയീസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ തുടങ്ങി 21 നേതാക്കള്‍ ഒപ്പിട്ട കത്താണ് കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയിരുന്നത്. തങ്ങളുടെ നേതാക്കള്‍ക്കും സംഘടനക്കുമെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ലീഗ് ഭാരവാഹികള്‍ക്കെതിരെ നടപടിയായിരുന്നു ഇവരുടെ ആവശ്യം.

ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാമിനെതിരെ ഇവര്‍ ഉയര്‍ത്തിയ പ്രതിഷേധം സ്വാദിഖലി തങ്ങള്‍ തള്ളി. ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന് സലാം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ഇ കെ വിഭാഗം നേതാക്കളെ മിക്ക ദിവസങ്ങളിലും താന്‍ നേരില്‍ കാണുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. ഇ കെ സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണ് നിന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പോഷക സംഘടനാ നേതാക്കള്‍ ലീഗ് നേതാക്കള്‍ക്കെതിരെ നല്‍കിയ കത്തുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു സ്വാദിഖലി തങ്ങളുടെ മറുപടി. കത്ത് നേരിട്ട് കൊണ്ടുവരണ്ടേ? അല്ലാതെ പത്രക്കാര്‍ക്ക് കൊടുക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ ജിഫ്രി തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍ അടക്കമുള്ള നേതാക്കളാരും ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.

ഇ കെ വിഭാഗവും മുസ്ലിം ലീഗും തമ്മില്‍ പ്രസ്താവനാ യുദ്ധം മുറുകുന്നതിനിടെയാണ് പോഷക സംഘടനാ നേതാക്കള്‍ക്കെതിരെ സ്വാദിഖലി തങ്ങള്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
തട്ടം വിവാദത്തില്‍ പി എം എ സലാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാമായെന്ന് ചിന്തിക്കുന്നവര്‍ സമുദായത്തിലുണ്ടെന്നും സി പി എമ്മിനോടുള്ള ഇവരുടെ സമീപനം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും സലാമിനെതിരെ നടപടി വേണമെന്നും വ്യക്തമാക്കിയാണ് ഇ കെ വിഭാഗം പോഷക സംഘടനാ നേതാക്കള്‍ കത്ത് നല്‍കിയത്. ഭരണാധികാരികളുമായി സംസാരിക്കുന്നതിനെ ആക്ഷേപിക്കുന്നത് മാന്യതയല്ലെന്ന് വിശദീകരിച്ച് സലാമിന്റെ പരാമര്‍ശത്തിനെതിരെ ജിഫ്രി തങ്ങളും രംഗത്തെത്തിയിരുന്നു.

സ്വാദിഖലി തങ്ങളുടെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ‘സമസ്ത’യെ നിരന്തരം വിമര്‍ശിക്കുന്ന സലാം, അബ്ദുര്‍ റഹ്മാന്‍ കല്ലായി അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് ഒരു വിലയും നല്‍കാതെ, ലീഗ് നേതാക്കളെ സംരക്ഷിക്കുകയും ആവശ്യമുന്നയിച്ചവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത നടപടിയാണ് ചര്‍ച്ചയായിരിക്കുന്നത്. ഇ കെ വിഭാഗത്തിന്റെ പോഷക സംഘടനകളെ ചലിപ്പിക്കുന്ന പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് ‘തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്ന്’ സ്വാദിഖലി തങ്ങള്‍ പറഞ്ഞത്.

അതേസമയം,’സമസ്ത’യുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണെന്ന തങ്ങളുടെ പരാമര്‍ശവും വിവാദത്തിലായിരിക്കുകയാണ്. വിശ്വാസപരമായ കാര്യങ്ങളിലടക്കം പലതിലും ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ‘സമസ്ത’യിലെ ഒരു വിഭാഗം നേതാക്കള്‍ തുറന്ന് പറയുമ്പോഴാണ് സ്വാദിഖലി തങ്ങളുടെ പ്രസ്താവന. ലീഗിന്റെ നിലപാടുകളല്ല ‘സമസ്ത’ക്കെന്ന് ഇ കെ വിഭാഗം നേതാക്കള്‍ പറയുമ്പോഴും ‘സമസ്ത’യുടെ മസ്തിഷ്‌കം തന്നെ ലീഗിനൊപ്പമാണെന്ന പരാമര്‍ശത്തെ സാമൂഹിക മാധ്യമങ്ങളില്‍ അണികള്‍ ചോദ്യം ചെയ്യുകയാണ്.

ഹമീദ് ഫൈസി കമ്മ്യൂണിസത്തെ വെള്ളപൂശി: മായിന്‍ ഹാജി
കോഴിക്കോട് | ഇ കെ വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കമ്മ്യൂണിസത്തെ വെള്ളപൂശിയെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം സി മായിന്‍ ഹാജി. ഹമീദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജിഫ്രി തങ്ങളെ അനുകൂലിക്കുന്നവര്‍ നയിക്കുന്ന ഗ്രൂപ്പ് ‘ഷജറകള്‍’ എന്ന് അറിയപ്പെടാറുണ്ട്. ഈ ഗ്രൂപ്പിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് മായിന്‍ ഹാജിയുടെ ശബ്ദസന്ദേശം പുറത്തു വന്നിരിക്കുന്നത്.
ഹമീദ് ഫൈസി കമ്മ്യൂണിസത്തെ വെള്ളപൂശി വയനാട്ടില്‍ പ്രസംഗിച്ചിട്ടുണ്ട്. അതൊന്നും ‘സമസ്ത’ നയമല്ല. അത് ഹമീദ് ഫൈസിയുടെ നയമാണ്.

അതിനൊക്കെ ഹമീദ് ഫൈസിയെ ഇരുത്തി അദ്ദേഹം ഉള്ള സദസ്സില്‍ വെച്ചു തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അതിന് യാതൊരുവിധ മടിയുമില്ലാത്ത ആളാണ് ഞാന്‍. ‘ഇങ്ങള് ഈ പേടിപ്പിക്കല്, കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പെന്ന് പറഞ്ഞ് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതിലൊന്നും ഭയപ്പെടുന്ന ആളല്ല ഞാന്‍. മനസ്സിലാക്കിക്കൊള്ളണം. ഈ ഗ്രൂപ്പിലുള്ള ‘ഷജറകള്‍’ക്ക് മറുപടി പറയാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. ഇങ്ങളാണ് ‘സമസ്ത’യെന്നും ഷജറയെന്നും പറഞ്ഞ് നടക്കുകയാണ്.

ഞങ്ങളൊക്കെയാണ് ‘സമസ്ത’. ഇങ്ങള് വിചാരിച്ച പോലെയൊന്നും ‘സമസ്ത’ന്റെ തീരുമാനം എടുക്കാന്‍ കഴിയില്ല. നിങ്ങളുടേതൊക്കെ അവസാനിക്കും. എന്നെ ഞാനാക്കിയതില്‍ ഈ ഷജറയിലുള്ള ആര്‍ക്കും പങ്കില്ല-മായിന്‍ ഹാജി പറഞ്ഞു.

 

Latest