Connect with us

From the print

സ്ഥാനാർഥികളിൽ 38 ശതമാനം ക്രിമിനൽ കേസുകളില്‍പ്പെട്ടവർ

ആസ്തിയിൽ മുമ്പിൽ കുട്ടനാട് സ്ഥാനാർഥി റെജി ചെറിയാൻ

Published

|

Last Updated

ആലപ്പുഴ | സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 38 ശതമാനം പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 23 ശതമാനം പേർ ഗുരുതരമായ ക്രിമിനൽ കേസുകളില്‍പ്പെട്ടവരുമാണ്. ഇതിൽ 15 പേര്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും നാല് പേർ കൊലപാതകവുമായി ബന്ധപ്പെട്ടും 13 പേർ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ്. 39 ശതമാനം പേർ കോടിപതികളുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിൽ കേരള ഇലക്‌ഷൻ വാച്ച് എന്ന സംഘടന വെളിപ്പെടുത്തുന്നു.
കളങ്കിത പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കരുതെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കെയാണ് കുറ്റകൃത്യങ്ങളിലുൾപ്പെട്ട ഇത്രയുമധികം പേരെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ മത്സരരംഗത്തിറക്കിയിരിക്കുന്നതെന്ന് ഇലക്‍ഷൻ വാച്ച് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 883 സ്ഥാനാർഥികളിൽ 863 പേരാണ് വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിച്ചിട്ടുളളത്. മത്സരിക്കുന്ന 883 പേരില്‍ 375 പേർ ദേശീയ പാർട്ടികളിൽ നിന്നും 81 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 145 പേർ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളിൽ നിന്നും 282 പേർ സ്വതന്ത്രരുമാണ്.

കോൺഗ്രസ്സിലെ 85 സ്ഥാനാർഥികളിൽ 72(85 ശതമാനം) പേരും ബി ജെ പിയിൽ നിന്ന് വിശകലനം ചെയ്ത 93 സ്ഥാനാർഥികളിൽ 59 (63%) പേരും സി പി എമ്മിലെ 77 സ്ഥാനാർഥികളിൽ 51 (66%) പേരും മുസ്‍ലിം ലീഗിലെ 25 സ്ഥാനാർഥികളിൽ 21 (84%) പേരും സി പി ഐയിലെ 24 സ്ഥാനാർഥികളിൽ 13 (54%) പേരും കേരള കോൺഗ്രസ്സ്-എമ്മിലെ 12 സ്ഥാനാർഥികളിൽ അഞ്ച്(42%) പേരും കേരളകോൺഗ്രസ്സിലെ എട്ടിൽ ആറ് (75%) പേരും എൻ സി പി, കേരള കോൺഗ്രസ്സ് (ബി), കേരള കോൺഗ്രസ്സ് (ജേക്കബ്) എന്നിവയിലെ എല്ലാവരും ക്രിമിനൽ കേസുകളില്‍ ഉൾപ്പെട്ടവരാണ്.
സ്ഥാനാർഥികളുടെ ആകെ ആസ്തി 2,403 കോടി രൂപയാണ്. ശരാശരി ആസ്തി 2.78 കോടി രൂപയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ ഇത് 1.69 കോടിയായിരുന്നു. 218 കോടിയുടെ ആസ്തി പ്രഖ്യാപിച്ച കേരള കോൺഗ്രസ്സിലെ റെജി ചെറിയാൻ (കുട്ടനാട്) ആണ് ഏറ്റവുമധികം ആസ്തി വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനത്തുളളത് ബി ജെ പി സ്ഥാനാർഥികളാണ്. നെയ്യാറ്റിൻകര സ്ഥാനാർഥി ചെങ്കൽ രാജശേഖരന് 116 കോടിയുടെയും നേമം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് 111 കോടിയുടെയും ആസ്തിയാണുള്ളത്.

---- facebook comment plugin here -----

Latest